'ഇത്തരം ഡ്രസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തുകൂടാ?'; മോശം അനുഭവം വെളിപ്പെടുത്തി നടി ജ്യോതി
സിനിമയിലും മോഡലിങ് ഇൻഡസ്ട്രിയിലുമെല്ലാം നിലനിൽക്കുന്ന ഒന്നാണ് കാസ്റ്റിങ് കൗച്ച്. ഈ മേഖലകളിലേക്ക് വരുന്ന പുതിയ ആളുകളെ സംബന്ധിച്ച് നല്ല ഒരവസരം ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസ്ഥയെ ചൂഷണം ചെയ്യാൻ കച്ചക്കെട്ടി നടക്കുന്നവരും നിരവധിയാണ്. അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട അനുഭവം താരങ്ങൾ ഉൾപ്പടെ നിരവധിപേർ തുറന്നുപറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിൽ നിന്നും ഇത്തരം പരാതികൾ ഉയരാറുണ്ട്.
ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ജ്യോതി ശിവരാമൻ. ടിനു പാപ്പച്ചൻ-കുഞ്ചാക്കോ ബോബൻ ചിത്രം ചാവേർ, ഭീംലനായിക്, പാപ്പച്ചൻ ഒളിവിലാണ്, കുങ്ഫു മാസ്റ്റർ, ഗ്രാമവാസീസ് തുടങ്ങിയ ഒരുപിടി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ജ്യോതി. കഴിഞ്ഞ ദിവസമാണ് തനിക്കുണ്ടായ മോശം അനുഭവം ജ്യോതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

മോഡലിങ്ങിൽ താത്പര്യമുള്ള ജ്യോതി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ബോൾഡ് ലുക്കിലുള്ള ഈ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളുമായി ചിലർ എത്താറുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണ രീതി അങ്ങനെയായതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് തനിക്ക് മെസേജുകൾ വരുന്നുണ്ടെന്ന് പറയുകയാണ് ജ്യോതി. അത്തരത്തിലൊരു മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് ജ്യോതിയുടെ പോസ്റ്റ്.
'വസ്ത്രം.... വസ്ത്രമാണല്ലോ ഇപ്പത്തെ മെയിൻ വിഷയം!... എവിടെനോക്കിയാലും കമന്റ്സ്... ഇതേതാ ഈ തള്ള!... ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ പോട്ടെ... അതൊക്കെ പോട്ടേന്നു വെക്കാം... ഓരോരുത്തരുടെ ചിന്താഗതിയാണ്... സങ്കുചിത ചിന്താഗതിക്കാർ കരഞ്ഞുമിഴുകിക്കൊണ്ടേ ഇരിക്കും.. അതെനിക്കൊരു വിഷയമല്ല..... പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്.... അതിന്റ സ്ക്രീൻഷോട്ട് ആണ് രണ്ടാമത് ഇട്ടേക്കുന്നത് സ്വൈപ്പ് ചെയ്താ കാണാം...',
'ഒരു വർക്കിന് വിളിച്ച ടീമിന്റെ മെസേജ് ആണത്... ഇത്തരം വസ്ത്രങ്ങൾ ധരിക്കാമെങ്കിൽ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നംന്ന്... വസ്ത്രം ഏതായിക്കോട്ടെ... എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഡ്രെസ്സ് ഞാൻ ഇനീം ധരിക്കും... അതിനർത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല... ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്... ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്, വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!', ജ്യോതി ശിവരാമൻ കുറിച്ചു.
'ഈ മെസ്സേജ് അയച്ചത് ഒരു സ്ഥാപനത്തിന്റെ ഉടമയാണ്... അവരുടെ ബ്രാൻഡ് അബാസിഡർ ആകുമോ എന്നറിയാൻ.... പബ്ലിക്കിൽ നിന്നും ഈ രീതിയിലുള്ള ചിന്താഗതി ചെറിയ രീതിയിലെങ്കിലും ഏന്നെക്കൊണ്ട് ചേഞ്ച് ആക്കാൻ പറ്റിയാലെങ്കിലോ എന്നോർത്താണ് ഞാനിത് ഷെയർ ചെയ്യുന്നത്... നിങ്ങളീ ഡ്രസിങ് കണ്ട് ആളെ പരിശുദ്ധയും പടക്കവുമൊക്കെ ആക്കുന്ന പരിപാടി ഒന്നു നിർത്ത്', എന്നും ജ്യോതി കമന്റിൽ വ്യക്തമാക്കി.

ഒരാളുടെ വസ്ത്രധാരണം കണ്ടല്ല ആരും ആരെയും വിലയിരുത്തേണ്ടത്... ഷോർട്ട് ഡ്രസ് ധരിക്കുന്നവർ എന്തിനും റെഡിയാണെന്നും ചുരിദാറും ഷാളും ധരിച്ചാൽ പതിവ്രത ആണെന്നുമുള്ള ചിന്താഗതി... അതല്ലേ ആനമണ്ടത്തരം...! സമൂഹത്തിന്റെ ആ ചിന്താഗതി മാറണം... എന്നും മറ്റൊരാളുടെ കമന്റിന് മറുപടിയായി ജ്യോതി പറഞ്ഞു.
ചാവേറിൽ സജിൻ ഗോപു അവതരിപ്പിച്ച ആസിഫ് എന്ന കഥാപാത്രത്തിന്റെ ഭാര്യ ആയാണ് ജ്യോതി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് ആസിഫ്. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, സംഗീത നായർ, മനോജ് കെയു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











