നാല് തവണ കഠിനമായ വേദനയുണ്ടായി, സര്‍ജറി മാത്രമായിരുന്നു പോംവഴി; രോഗാവസ്ഥയെപ്പറ്റി ചൈതന്യ
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. താരമാകാനും ആരാധകരെ നേടാനും സോഷ്യല്‍ മീഡിയ മതി. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ സുന്ദരിയാണ് ചൈതന്യ പ്രകാശ്. തന്റെ ഡാന്‍സ് വീഡിയോകളിലൂടേയും റീലുകളിലൂടേയുമാണ് ചൈതന്യ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ള ചൈതന്യ മിനി സ്‌ക്രീനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കിലൂടേയും ചൈതന്യ ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചൈതന്യ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. തന്റെ 2025 ന്റെ തുടക്കത്തെക്കുറിച്ചാണ് പോസ്റ്റില്‍ ചൈതന്യ സംസാരിക്കുന്നത്. തനിക്ക് ഒരു സര്‍ജറിയ്ക്ക് വിധേയയാകേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. തലയിലാണ് ചൈതന്യയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. തലയില്‍ കെട്ടോടെയാണ് താരം തന്റെ അവസ്ഥ വിവരിക്കുന്നത്.

പോയവര്‍ഷം തന്നെ അലട്ടിയൊരു സൈനസ് ഇന്‍ഫെക്ഷനുണ്ടായിരുന്നു. നാല് തവണ കഠിനമായ വേദന വന്നു. തുടര്‍ന്നാണ് സര്‍ജറി മാത്രമേയുള്ളൂ പോം വഴി എന്ന് തിരിച്ചറിയുന്നതും സര്‍ജറി നടത്താന്‍ തീരുമാനിക്കുന്നതെന്നുമാണ് ചൈതന്യ കുറിപ്പില്‍ പറയുന്നത്. ചൈതന്യ പങ്കുവച്ച വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്റെ 2025 ഇങ്ങനെയാകും തുടങ്ങുക എന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇറ്റ്‌സ് ഓക്കെ. ജീവിതം എല്ലായിപ്പോഴും പ്ലാന്‍ ചെയ്തത് പോലെ പോകില്ല. അത് ഓക്കെയാണ്. കഴിഞ്ഞ വര്‍ഷം ഇന്‍ഫെക്ടായ ഒരു സൈനസ് ഉണ്ടായിരുന്നു എനിക്ക്. വേദനയേറിയ നാല് തവണ. സര്‍ജറി മാത്രമായിരുന്നു ഏക പോംവഴി. അങ്ങനെ ഒടുവില്‍ 2025 ന്റെ തുടക്കത്തില്‍ തന്നെ ഞാനത് ചെയ്തു. എന്റെ ഈ വര്‍ഷം ഇങ്ങനെയാകും തുടങ്ങുകയെന്ന് ഞാന്‍ സങ്കല്‍പ്പിച്ചിരുന്നില്ല. പക്ഷെ ഈ തിരഞ്ഞെടുപ്പ് നടത്തിയതില്‍ ഞാന്‍ സന്തുഷ്ടയാണ്. ചിലപ്പോള്‍ കഠിനമായ തീരുമാനങ്ങള്‍ നല്ല ദിവസങ്ങൡലേക്ക് നമ്മളെ നയിക്കും. വരുന്നത് പോലെ നേരിടുക. പ്രതീക്ഷയോടെ സമീപിക്കുക. ഈ യാത്രയെ വിശ്വസിക്കുക'' താരം പറയുന്നു.
ചൈതന്യയുടെ കുറിപ്പും വീഡിയോയും വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദില്‍ഷ പ്രസന്നന്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. വേഗം തന്നെ ചൈതന്യയ്ക്ക് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് ചൈതന്യ. കുട്ടിക്കാലം മുതല്‍ നൃത്തം പഠിച്ചിട്ടുള്ള വ്യക്തിയാണ് ചൈതന്യ. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിക്ടോക് വിഡിയോ ചെയ്തു തുടങ്ങിയത്. എന്നാല്‍ അതൊന്ന് ഒന്നു പച്ചപിടിച്ചു വന്നപ്പോഴേക്കും ടിക് ടോക് പൂട്ടിപ്പോവുകയായിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലേക്കു മാറുകയായിരുന്നു. ജനമനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളെ പുനര്‍സൃഷ്ടിക്കുന്ന ആശയം ക്ലിക്കായെന്നാണ് ചൈതന്യ പറയുന്നത്. താരത്തിന്റെ വീഡിയോകളും റീക്രേഷനുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.
ചൈതന്യയുടെ വീഡിയോ ബോളിവുഡിലും ക്ലിക്കായിരുന്നു. തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ ചൈതന്യയ്‌ക്കൊപ്പം റീല്‍ ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് രണ്‍ബീര്‍ ചൈതന്യയ്‌ക്കൊപ്പം റീല്‍ ചെയ്തത്.


Click it and Unblock the Notifications