അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ വളര്‍ത്തിയത് കണ്ട് ബഹുമാനം തോന്നി; ചേച്ചീടെ കുണുവാവ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടേയും സോഷ്യല്‍ മീഡിയയുടേയുമെല്ലാം പ്രിയങ്കരിയാണ് അശ്വതി നായര്‍. അവതാരകായി മിനിസ്‌ക്രീനിലെത്തിയ അശ്വതി അധികം വൈകാതെ അഭിനേത്രിയായും കയ്യടി നേടി. അഭിനയത്തിന് പുറമെ എഴുത്തുകാരിയെന്ന നിലയിലും അശ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അശ്വതി.
അശ്വതിയുടെ കുറിപ്പുകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചും പാരന്റിംഗിനെക്കുറിച്ചുമൊക്കെയുള്ള അശ്വതിയുടെ വീഡിയോകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അശ്വതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ സഹോദരനുള്ള അശ്വതിയുടെ പിറന്നാള്‍ ആശംസയാണ് ശ്രദ്ധ നേടുന്നത്.

തന്നേക്കാള്‍ നാല് വയസ് ഇളയതാണ് സഹോദരന്‍ അമല്‍ എന്നാണ് അശ്വതി പറയുന്നത്. നീ നല്ല ഭര്‍ത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളര്‍ത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത് എന്നും അശ്വതി സഹോദരനെക്കുറിച്ച് പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.
എന്നേക്കാള്‍ നാല് വര്‍ഷവും നാല് ദിവസവും ഇളയവന്‍. എന്റെ പേര് അശ്വതിയെന്നായത് കൊണ്ട് മാത്രം അമല്‍ എന്ന 'വെറൈറ്റി' പേര് കിട്ടിയവന്‍ ??
കൈയൂക്ക് കൊണ്ട് ഒരു യുദ്ധത്തിലും എനിക്കവനെ തോല്‍പ്പിക്കാന്‍ പറ്റിയിട്ടില്ല. മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ച് കളയും. പിന്നെ തോട്ടിലൂടെ ഒഴുകി വന്ന് കിട്ടിയതാണെന്നും, വീട്ടില്‍ വേറെ ആര്‍ക്കുമില്ലാത്ത പൊക്കം നിനക്കു കിട്ടിയത് അങ്ങനാണെന്നും പറഞ്ഞ് മെന്റലി തളര്‍ത്തിയാണ് സൂര്‍ത്തുക്കളെ, ഞാന്‍ പിടിച്ച് നിന്നിരുന്നത്.
അവസാനത്തെ ഉരുളയ്ക്ക് കൂട്ടാന്‍ സൂക്ഷിച്ച് സൂക്ഷിച്ച് പാത്രത്തിന്റ അരികത്ത് വയ്ക്കുന്ന വറുത്ത മീന്‍ കഷ്ണം ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തോണ്ട് പോണ ടിപ്പിക്കല്‍ അനിയന്‍. അതറിയാവുന്ന അമ്മ അടുക്കളയില്‍ എനിക്കൊരു കഷ്ണം മാറ്റി വച്ചിരുന്നത് കൊണ്ടാണ് ഞങ്ങടെ വീട്ടില്‍ ജന്‍ഡര്‍ ഇക്വാളിറ്റി നില നിന്നു പോന്നത്.
മിനിറ്റിനു മൂന്ന് വച്ച് ബിസിനസ് ഐഡിയ വരും,അപ്പൊ തന്നെ ചേച്ചീന്നൊരു വിളി വരും. തെറ്റിയും തിരുത്തിയും പിന്നേം ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളില്‍ തോറ്റ് കൊടുക്കാതെ നില്‍ക്കുന്നുണ്ടല്ലോ! നീ നല്ല ഭര്‍ത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളര്‍ത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത്.

നമ്മളെ വളര്‍ത്തിയ അച്ഛനമ്മമാരോടും, നീ മുത്താണെന്ന് നിന്നോട് ഞാന്‍ പറഞ്ഞിട്ടിലെങ്കിലും നീ മുത്താടാ മുത്ത്. (നീയിപ്പോ കരയും ന്ന് എനിക്ക് അറിയാം) എനിക്ക് സങ്കടം വന്നാല്‍ എന്നേക്കാള്‍ സങ്കടം വരുന്ന, ചേച്ചീടെ കുണുവാവയ്ക്ക് പിറന്നാള്‍ ഉമ്മ എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന് കമന്റുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ചക്കപ്പഴത്തില്‍ അശ്വതിയ്‌ക്കൊപ്പം അഭിനയിക്കുന്ന അമല്‍ രാജ് ദേവും കമന്റ് ചെയ്തിട്ടുണ്ട്.
അല്ലേലും അമല്‍ എന്ന വെറൈറ്റി പേരുള്ളവരൊക്കെ വലിയ വെറൈറ്റിക്കാരല്ലേ.
എന്തായാലും ആ കുണുവാവയ്ക്ക് പിറന്നാശംസകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.


Click it and Unblock the Notifications