മോളെ സുരക്ഷിതമായ കൈകളിലേക്ക് ഏൽപ്പിക്കണം എന്ന് മാത്രമായിരുന്നു അമ്മയ്ക്ക്; വലിയ ഇടവേളയെ കുറിച്ച് ടെസ ജോസഫ്
മമ്മൂട്ടി നായകനായെത്തിയ പട്ടാളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ടെസ ജോസഫ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ടെസ വിലരലിലെണ്ണാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളു. ആദ്യ സിനിമയ്ക്ക് ശേഷം അപ്രത്യക്ഷയായ താരം ഏറെ വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. നിലവിൽ ജനപ്രിയ പാരമ്പരയായ ചക്കപ്പഴത്തിൽ ലളിത കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ തിളങ്ങി നിൽക്കുകയാണ് താരം.
അവതാരക ആയിട്ടാണ് ടെസ കരിയർ ആരംഭിക്കുന്നത്. തുടർന്ന് പട്ടാളത്തിലൂടെ ലാൽ ജോസ് സിനിമയിലേക്ക് അവസരം തുറന്നു കൊടുക്കുകയായിരുന്നു. എന്നാൽ ടെസ സിനിമയിൽ തുടർന്നില്ല. അധികം വൈകാതെ വിവാഹം കഴിച്ച് ഭർത്താവിനൊപ്പം അനുദാബിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം ബാലചന്ദ്ര മേനോന്റെ ഞാൻ സംവിധാനം ചെയ്യും എന്ന സിനിമയിലൂടെ ആയിരുന്നു തിരിച്ചുവരവ്.

അതിനു ശേഷം രാജമ്മ അറ്റ് യാഹൂ അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങളിൽ ടെസ അഭിനയിച്ചു. പിന്നീട് എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിലൂടെ സീരിയലിലും അരങ്ങേറ്റം നടത്തി. അതിനു ശേഷമാണ് ഇപ്പോൾ ചക്കപ്പഴത്തിൽ അഭിനയിക്കുന്നത്. വിവാഹം കഴിഞ്ഞതുകൊണ്ടാണ് പട്ടാളത്തിന് ശേഷം ടെസ അഭിനയം ഉപേക്ഷിച്ചത് എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചു പോയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ഞാൻ എവിടെയും പോയിട്ടൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. ഫാമിലിയിൽ നിന്ന് അത്ര സപ്പോർട്ട് ആയിരുന്നില്ല. അമ്മയ്ക്ക് അത്ര താല്പര്യമില്ലായിരുന്നു. എന്റെ ഭാവി എന്താകുമെന്ന പേടിയൊക്കെ ഉണ്ടായിരുന്നു. ഒന്നാമത്തെ കാര്യം ഞങ്ങളുടെ കമ്യൂണിറ്റിയിൽ നിന്നും അധികമാരും ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ ഇങ്ങനെ അഭിനയവുമായി മുന്നോട്ട് പോയാൽ എന്താകുമെന്നൊക്കെയുള്ള പേടി ആയിരുന്നു',
'മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമൊക്കെ ഒരുപാട് ഓഫറുകളും ആ സമയത്ത് വന്നിരുന്നു. എന്നാൽ പട്ടാളം ചെയ്യുമ്പോൾ തന്നെ ആദ്യത്തെയും അവസാനത്തെയും സിനിമയാണെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. അതും പറഞ്ഞാണ് അതിൽ അഭിനയിക്കാൻ സമ്മതിച്ചത് തന്നെ. ഞാൻ ഡിഗ്രി ചെയ്യുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കുന്നത്. അത് കംപ്ലീറ്റ് ചെയ്തു, പിജി ചെയ്തു, അതിന് ശേഷമാണ് വിവാഹം ചെയ്യുന്നത്', ടെസ പറയുന്നു.
'അമ്മയുടെ ടെൻഷൻ കാരണമാണ് സിനിമ വിട്ടത്. ഈ സമയത്ത് ഞാൻ അമ്മയെ കുറ്റം പറയുന്നില്ല. അമ്മയുടെ മനസ്സിൽ ഒരു 23 വയസാകുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു. ഒരു ഇരുപത് വർഷം മുൻപാണ്. അന്ന് അങ്ങനെയല്ലേ ചിന്തിക്കൂ. മോളെ എങ്ങനെ ഒരു സുരക്ഷിതമായ കൈകളിലേക്ക് ഏല്പിക്കാം എന്ന് മാത്രമായിരുന്നു അമ്മയുടെ ചിന്ത. അല്ലാതെ കരിയറുമായി മുന്നോട്ട് പോകണമെന്നോ അഭിനയം കരിയർ ആകണമെന്നോ അമ്മ ചിന്തിച്ചിരുന്നില്ല',

'പലരും അമ്മയെ പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തിരുന്നു. കുറെ സിനിമകൾ ചെയ്തു കഴിഞ്ഞാൽ മോൾടെ കല്യാണം നടക്കില്ലട്ടോ എന്ന് ഞാൻ അറിഞ്ഞും അറിയാതെയും പലരും അമ്മയോട് പറഞ്ഞു. കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഇങ്ങനെ പറഞ്ഞപ്പോഴാകും അമ്മയ്ക്കും പേടിയായത്. ഇൻഡസ്ട്രിയെ കുറിച്ച് അറിയാതെ സംസാരിച്ചവരാണ് ഇവരെല്ലാം. പൊതുവെ അങ്ങനെയൊരു ഭയം ഉള്ളതാണ്', ടെസ പറഞ്ഞു.
അമ്മയ്ക്ക് അഭിനയം ഇഷ്ടമാണ്. കോളേജിൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് എന്റെ സുഹൃത്താണ് ജിസ് ജോയുടെ സിനിമകളിൽ അമ്മ ചെറിയ ചില വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അഭിനയം ഇഷ്ടമില്ലാഞ്ഞിട്ടല്ല. പകരം ഈ ഒരു പേടി കാരണം സമ്മതിക്കാതിരുന്നത് ആണെന്നും ടെസ വ്യക്തമാക്കി. നല്ല കുറച്ച് പ്രോജക്ടുകൾ ചെയ്യണം. അതിപ്പോൾ സിനിമയായാലും സീരിയൽ ആയാലും കുഴപ്പമില്ല. പറ്റിയാൽ വീണ്ടും അവതാരകയായും എത്തണം. അതാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹങ്ങൾ എന്നും ടെസ ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











