അമ്മ മരിച്ചു പോകുമോ? സ്തനാര്‍ബുദമാണെന്ന് അറിഞ്ഞപ്പോള്‍ മകള്‍ ചോദിച്ചു; തുറന്ന് പറഞ്ഞ് ഛവി മിത്തല്‍
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് ഛവി മിത്തല്‍. തുമാരി ദിഷ, 3 ബഹുറാണിയ, ഗര്‍ കി ലക്ഷ്മി ബേട്ടിയാം തുടങ്ങിയ പരമ്പരകളിലൂടെയാണ് ഛവി താരമാകുന്നത്. ഓണ്‍ സ്‌ക്രീനില്‍ വിജയങ്ങള്‍ കൊയ്ത് മുന്നേറവെയാണ് ഛവിയുടെ ജീവിതത്തിലേക്ക് നിനച്ചിരിക്കാതെ ഒരു ദുരന്തമെത്തുന്നത്. സ്തനാര്‍ബുദത്തിന്റെ രൂപത്തിലായിരുന്നു കാലം ഛവിയെ വെല്ലുവിളിച്ചത്. എന്നാല്‍ ധീരമായി തന്നെ രോഗത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്തു ഛവി.
രോഗത്തെ അതിജീവിച്ചുവെങ്കിലും ഇപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഛവി അനുഭവിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ സ്തനാര്‍ബുദത്തെ നേരിട്ട സമയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഛവി മിത്തല്‍. ന്യൂസ് 18 ഷോഷായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഛവി മിത്തല്‍ മനസ് തുറന്നത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് ആദ്യം അറിഞ്ഞത് ഛവി തന്നെയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മോഹിത് ഹുസൈനോട് ഛവി തന്നെ അക്കാര്യം അറിയിച്ചു.

തന്റെ രോഗാവസ്ഥ മനസിലാക്കാന്‍ മുതിര്‍ന്നവര്‍ ധൈര്യം കണ്ടെത്തിയപ്പോള്‍ തന്റെ ഒമ്പത് വയസുകാരിയായ മകള്‍ അരീസയെ സംബന്ധിച്ച് അത് ഏറെ പാടായിരുന്നുവെന്നാണ് ഛവി പറയുന്നത്. തന്റെ അമ്മ മരിക്കാന്‍ പോവുകയാണെന്നായിരുന്നു ആ കുരുന്ന് കരുതിയത്.
''ഡോക്ടര്‍ ആദ്യം പറയുന്നത് എന്നോട് തന്നെയായിരുന്നു. തുടര്‍ന്ന് ഞാന്‍ മോഹിത്തിന് റിസള്‍ട്ട് വന്നുവെന്നും നല്ല വാര്‍ത്തയല്ലെന്നും പറഞ്ഞു. അദ്ദേഹം എന്നെയൊന്ന് നോക്കിയ ശേഷം നമ്മളിതിനെ മറികടക്കുമെന്ന് പറഞ്ഞു. ഞാന്‍ അരീസയോട് സംസാരിച്ചു. അമ്മയ്ക്ക് സുഖമില്ലെന്നും കുറച്ച് ദിവസത്തേക്ക് ആശുപത്രിയിലേക്ക് പോവേണ്ടി വരുമെന്നും പറഞ്ഞു. വേഗം തിരികെ വരുമെന്നും പറഞ്ഞു. അവള്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞു, അമ്മ നിങ്ങള്‍ക്ക് അതാണോ എന്ന് അവള്‍ ചോദിച്ചു. അവള്‍ ക്യാന്‍സറിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് എനിക്ക് മനസിലായി'' ഛവി പറയുന്നു.
''അതെ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് മുത്തശ്ശിയെ ക്യാന്‍സര്‍ മൂലമാണ് നഷ്ടപ്പെട്ടതെന്ന് അവള്‍ പറഞ്ഞു. അത് അവള്‍ക്ക് അറിയുമായിരുന്നു. ഞാനും മരിക്കാന്‍ പോവുകയാണെന്ന് അവള്‍ കരുതി. ക്യാന്‍സറിനെക്കുറിച്ച് അവള്‍ക്ക് അറിയുന്ന ഏക കാര്യം അത് ആളെ കൊല്ലുമെന്നായിരുന്നു. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരില്ലേ, നിങ്ങള്‍ മരിക്കില്ലേ എന്ന് അവള്‍ ചോദിച്ചു'' ഛവി പറയുന്നു.

''ഇല്ല. ഇത് അതുപോലെയല്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. ക്യാന്‍സര്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. എനിക്ക് വേറൊരു തരമാണ്. എന്റേത് ചെറിയതാണ്. സര്‍ജറി ചെയ്ത് പുറത്തെടുക്കാം. അത് കേട്ടപ്പോള്‍ അവള്‍ ഓക്കെയായി. അവള്‍ക്ക് ആശുപത്രിയിലേക്ക് വരണമായിരുന്നു. എന്നെ കാണാന്‍. പൊതുവെ കുട്ടികളെ കയറ്റാറില്ല. പക്ഷെ അവള്‍ ഒന്ന് രണ്ട് തവണ അകത്ത് കയറി വന്നു. എന്നെ ശുശ്രൂഷിക്കാന്‍ നോക്കി. എന്റെ കൈ പിടിച്ച് അടുത്തിരുന്നു'' എന്നും ഛവി മിത്തല്‍ മകളെക്കുറിച്ച് പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഛവി മിത്തല്‍. സ്തനാര്‍ബുദവുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് ഛവി സോഷ്യല്‍ മീഡിയിലൂടെ നിരന്തരം സംസാരിക്കാറുണ്ട്. തന്റെ ദേഹത്ത് സര്‍ജറി അവശേഷിപ്പിച്ച മുറിപ്പാട് മറച്ചുവെക്കാനും ഛവി ഒരുക്കമല്ല. താന്‍ കടന്നു വന്ന വേദന നിറഞ്ഞ യാത്രയുടെ അടയാളമായിട്ടാണ് ഛവി തന്റെ ദേഹത്തെ പാടിനെ കാണുന്നത്.


Click it and Unblock the Notifications