ദീപിക പദുകോണിന് പകരം നായികയാക്കി; കഥാപാത്രത്തോടുള്ള ആവേശത്തിൽ ശരീരത്തോട് ചെയ്തത് തെറ്റായി പോയെന്ന് മാളവിക!
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് നടി മാളവിക മോഹനന്‍. മലയാളത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി ഇന്ന് തമിഴിലും ബോളിവുഡിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് തമിഴിലേക്ക് എത്തിയ താരം മാസ്റ്ററിൽ വിജയിയുടെ നായികയായും പേട്ടയിൽ രജനികാന്തിനൊപ്പവും മാരനിൽ ധനുഷിനൊപ്പവും അഭിനയിച്ച് ശ്രദ്ധ നേടുകയായിരുന്നു. മലയാളത്തിൽ പട്ടം പോലെയ്ക്ക് ശേഷം നിർണായകം, ദി ഗ്രേറ്റ് ഫാദർ എന്നി ചിത്രങ്ങളിൽ മാത്രം അഭിനയിച്ച മാളവിക ഇപ്പോഴിതാ, അഞ്ച് വര്ഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്.

ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് താരം മടങ്ങിയെത്തുന്നത്. ചിത്രത്തിൽ മാത്യു തോമസാണ് നായകനാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ഗാനവും ഇതിനകം ചർച്ച ചെയ്യപ്പെട്ടതാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മാളവിക ഇപ്പോൾ.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നല്‍കിയ അഭിമുഖത്തിൽ തന്റെ ആദ്യ ഹിന്ദി ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി. സിനിമയ്ക്ക് വേണ്ടി പത്ത് ദിവസം കുളിക്കാതെ ഇരുന്നതിനെ കുറിച്ചും 15 ദിവസം കൊണ്ട് എട്ട് കിലോ ഭാരം കുറച്ചതിനെ കുറിച്ചുമാണ് മാളവിക പറഞ്ഞത്.
പ്രശസ്‌ത ഇറാനിയന്‍ സിനിമാ സംവിധായകനായ മജീദ് മജീദി ആദ്യമായി ഇന്ത്യയില്‍ എത്തി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ദീപിക പദുകോൺ അടക്കമുള്ള ബോളിവുഡിലെ പ്രമുഖ നായികമാരെ മാറ്റി നിര്‍ത്തിയാണ് ചിത്രത്തില്‍ മാളവികയെ നായികയാക്കിയത്. അത് കാരണം താൻ കഥാപാത്രത്തിനായി എന്തും ചെയ്യാൻ തയ്യാറായിരുന്നു എന്ന് പറയുകയാണ് മാളവിക.
സിനിമയില്‍ ആ കഥാപാത്രം ജയിലില്‍ കിടക്കുന്ന ഒരു രംഗം ഉണ്ട്. പത്ത് പതിനഞ്ച് ദിവസം ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയെ നാച്വറലായി കാണിക്കാന്‍ വേണ്ടിയാണ് ദിവസങ്ങളോളം കുളിക്കാതെയിരുന്നതെന്ന് മാളവിക പറഞ്ഞു. പത്ത് ദിവസത്തോളം തല കുളിച്ചില്ല. മുടി ജഡ കെട്ടിയത് പോലെ ആയി വരണമായിരുന്നു. അതിന് വേണ്ടിയായിരുന്നു ഇത്.
ജയിലില്‍ കിടന്ന് ഡിപ്രഷന്‍ അടിക്കുന്ന പെണ്‍കുട്ടി ആയി മാറാൻ പെട്ടന്ന് ശരീര ഭാരം കുറക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആ ആവേശത്തിൽ കുറക്കാം സാർ എന്ന് പറഞ്ഞ് ചെയ്തു. പതിനഞ്ച് ദിവസം കൊണ്ട് എട്ട് കിലോയോളം ഭാരം കുറച്ചു. പെട്ടന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് അങ്ങ് നിര്‍ത്തുകയായിരുന്നു. വെറും എഗ്ഗ് വൈറ്റും ഒരു ആപ്പിളും മാത്രമാണ് ദിവസവും കഴിച്ചിരുന്നത്.

എന്നാല്‍ അത് ഞാന്‍ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരുന്നു. ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. ശരീര ഭാരം കുറയ്ക്കാനും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡയറ്റ് ചാര്‍ട്ട് ചെയ്ത് വേണം ചെയ്യാൻ. അതിന് കൃത്യമായ ന്യൂട്രീഷനും ഡയറ്റും നോക്കണം. അല്ലെങ്കിൽ കിഡ്‌നിക്ക് ഒക്കെ തകരാറ് സംഭവിച്ചേക്കാം. അന്ന് കഥാപാത്രത്തിന്റെ ഭ്രാന്തില്‍ നില്‍ക്കുന്നതിനാല്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു അതെന്നും മാളവിക പറഞ്ഞു.
ക്രിസ്റ്റി എന്ന സിനിമ ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ഒരു ട്യൂഷന്‍ ടീച്ചറായിട്ടാണ് ഞാൻ എത്തുന്നത്. നാട്ടിന്‍ പുറത്തുകാരിയായ പെണ്‍കുട്ടി. സിനിമ എത്രത്തോളം വിജയിക്കും എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. പക്ഷെ ഞാന്‍ വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണിത്. ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻഎം ഗോവിന്ദ് വസന്ത, മാത്യു ഈ പേരുകൾ കാരണമാണ് താൻ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും മാളവിക പറഞ്ഞു.


Click it and Unblock the Notifications