മൂന്നാമത്തെ റിഹേഴ്സൽ കഴിഞ്ഞപ്പോഴേക്കും സാറിന്റെ കണ്ണ് നിറഞ്ഞു, തൊണ്ട ഇടറി: മനോജ് കെ ജയൻ
1992ൽ ഹരിഹരൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്ക് ചിത്രമാണ് സർഗം. ഇന്നും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന ഹരിഹരന്റെ മാജിക്കാണത്. സർഗത്തിലൂടെ ചർച്ചാ വിഷയമായ കുട്ടൻ തമ്പുരാൻ സോഷ്യൽ മീഡിയകളിലൂടെ ഇന്നത്തെ കാലത്തും ട്രോളുകളിലും, സ്റ്റിക്കറുകളായും പ്രത്യക്ഷപ്പെടാറുണ്ട്. മനോജ് കെ ജയൻ ഈ വേഷത്തിലേക്ക് എത്തപ്പെട്ടതിനെ കുറിച്ച് സംസാരിക്കുന്നു.
"പെരുന്തച്ചൻ സിനിമയിലെ പ്രകടനം കണ്ടിട്ടാണ് സർഗത്തിലേക്ക് അവസരം വന്നത്. അത് ഒരിക്കൽ ഒരു മാഗസിനിൽ ഹരിഹരൻ സാർ എഴുതിയിരുന്നു. ആ സിനിമക്ക് വേണ്ടി സംസ്ഥാന അവാർഡ് നേടിയിരുന്നു. എന്നാൽ അതിലും വലിയൊരു അവാർഡ് എനിക്ക് ലഭിച്ചത് ഷാജി എൻ. കരുണിന്റെ പക്കലിൽ നിന്നുമായിരുന്നു. വിനീതും ഞാനും തമ്മിലുള്ള ഒരു സീൻ മൂന്ന് തവണ റിഹേഴ്സൽ എടുത്തു. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി സാർ ആയിരുന്നു. അദ്ദേഹം ക്യാമറയിലൂടെ നോക്കുന്നുണ്ടായിരുന്നു.

മൂന്നാമത്തെ റിഹേഴ്സൽ കഴിഞ്ഞപ്പോൾ സാറിന്റെ കണ്ണു നിറയുകയും തൊണ്ട ഇടറുകയും ചെയ്തു. അതേ ശബ്ദത്തിൽ അദ്ദേഹം ടെയ്ക്ക് എന്ന് പറഞ്ഞു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. സാറിന്റെ കണ്ണു നിറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്." മനോജ് കെ ജയൻ പറഞ്ഞു. മനോജ് കെ ജയൻ അഭിനയിക്കുകയായിരുന്നില്ല, കുട്ടൻ തമ്പുരാനായി ജീവിക്കുകയായിരുന്നു. സർഗത്തിലൂടെ അഭിനയ ലോകത്തിന്റെ വലിയൊരു വാതിൽ മനോജിന് തുറക്കപ്പെടുകയായിരുന്നു.
ഈ കഥാപാത്രത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. നടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഓരോ നോട്ടത്തിൽ പോലെ ഏറെ സവിശേഷതകൾ ഉള്ളൊരു കഥാപാത്രമാണ് കുട്ടൻ തമ്പുരാൻ. സിനിമ കണ്ടിട്ട് താൻ തന്നെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നാണ് മനോജ് കെ. ജയൻ പറഞ്ഞത്. ഹരിഹരൻ എന്ന മഹാ പ്രതിഭയാണ് ആ കഥാപാത്രത്തെ ഇത്രയും പോളിഷ് ചെയ്ത് എടുത്തതെന്നും എല്ലാം സംവിധായകന്റെ കഴിവാണെന്നും മനോജ് കൂട്ടിച്ചേർത്തു. കൈരളിയിലെ പഴയൊരു അഭിമുഖം വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുന്നു.
"എന്നെ പോലൊരു പുതുമുഖത്തിന് അന്ന് കയ്യെത്തി പിടിക്കാൻ പോലും സാധിക്കാത്ത വേഷമായിരുന്നു അത്. ഒരുപാട് നിബന്ധനകൾ ആ കഥാപാത്രത്തിന് ഉണ്ടായിരുന്നു. ഒരു ബീഡി വലിക്കുന്നതിൽ പോലും അത്രക്കും ശ്രദ്ധ പുലർത്തിയാണ് ചെയ്തത്. എല്ലാം ഹരിഹരൻ സാറിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമാണ് ചെയ്തത്. ആ കാലത്ത് സിനിമ എന്താണെന്ന് പോലും കൃത്യമായി അറിയില്ല. ഇത്തരം അഭിനയ രീതികളും ഞാൻ മുൻപ് കണ്ടിട്ടില്ല. അതിനാൽ എല്ലാം ഒരു പാഠമായിരുന്നു. ഒപ്പം സിനിമ കണ്ടപ്പോൾ വല്ലാത്തൊരു ആകാംഷയും ഉണ്ടായിരുന്നു."

കുട്ടൻ തമ്പുരാൻ ഒരു ചാലഞ്ചിംഗ് വേഷമായിരുന്നു. അത്തരം കഥാപാത്രം ലഭിച്ചാൽ ചില അഭിനേതാക്കൾ ഷൂട്ടിംഗ് പൂർത്തിയാവുന്നത് വരെ ആ കഥാപാത്രമായി തന്നെ ജീവിക്കും. ചിലർക്ക് മാസങ്ങളോളം ആ കഥാപാത്രത്തെ ഉള്ളിൽ കൊണ്ടു നടക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മനോജ് കെ ജയൻ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് തുറന്നടിച്ചത്. ആക്ഷൻ പറയുമ്പോൾ മാത്രം കുട്ടൻ തമ്പുരാനായി മാറും, കട്ട് പറഞ്ഞും വിനീതുമൊത്ത് തമാശ പറഞ്ഞ് നടക്കും. മനോജ് കെ ജയൻ പറഞ്ഞു.
ഒരു ആക്ടറിനെ സംബന്ധിച്ച് ആക്ഷനും കട്ടിനുമിടയിൽ മാത്രം അഭിനയിക്കാൻ കഴിയണം. ആ കഥാപാത്രത്തെ നിത്യജീവിതത്തിലേക്ക് സ്വാഗതം ചെയ്യരുത്. അതിനാൽ താൻ എപ്പോഴും സെറ്റിൽ തമാശ പറഞ്ഞു നടക്കുമെന്നും സീരിയസ് കഥാപാത്രങ്ങളെ ആ സെക്കന്റിൽ തന്നെ മനസിൽ നിന്നും ഉപേക്ഷിമെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications