കോസ്റ്റ്യൂമിന്റെ പേരിൽ ലാൽ സാർ വഴക്കുണ്ടാക്കി; പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയും ചെയ്തിട്ടില്ല: നാഗരാജ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധാ. സംഗീത് ശിവന്‍റെ സംവിധാനത്തില്‍ 1992ല്‍ റിലീസായ ചിത്രം ഇന്നും ടിവിയില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കണ്ട് ആസ്വദിക്കുന്നവരാണ് മലയാളികൾ. നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ റഹ്മാൻ ആദ്യമായി സംഗീതം ഒരുക്കിയ മലയാള ചിത്രം കൂടിയായിരുന്നു യോദ്ധ.
യോദ്ധയിലെ മറ്റെല്ലാം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലെ കോസ്റ്റ്യൂമും. നേപ്പാളിലെ പരമ്പരാഗത വസ്ത്രങ്ങളടക്കം ധരിച്ചുള്ള കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനറായ നാഗരാജ് ആയിരുന്നു ചിത്രത്തിലേക്കുള്ള വസ്ത്രങ്ങൾ ഒരുക്കിയത്. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല ആ ധൗത്യം. ഇപ്പോഴിതാ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. മോഹൻലാലുമായി സെറ്റിൽ വെച്ച് വഴക്കുണ്ടായതും അദ്ദേഹം പങ്കുവെച്ചു.

"പട്ടണപ്രവേശം, നാടോടിക്കാറ്റ് എന്നീ സിനിമകളിലൊക്കെ കോസ്റ്റും ചെയ്തിട്ടുണ്ടെങ്കിലും അവസാനം ഞങ്ങൾ തമ്മിൽ ചെറിയ ചില പ്രശ്നങ്ങളൊക്കെ വന്നു. യോദ്ധ എന്ന സിനിമയുടെ സമയത്താണ് അത്. അന്ന് എനിക്ക് ഒരു അസിസ്റ്റന്റും ഹെൽപ്പറും മാത്രമേ ഉള്ളൂ. അത് വലിയൊരു സിനിമയാണ്. അതിൽ കോസ്റ്യൂമുകളൊക്കെ മാറാൻ സമയമെടുക്കുമായിരുന്നു. അതിന്റെ പേരിൽ ചില പ്രശ്നങ്ങളുണ്ടായി. മോഹൻലാൽ എന്റെ അസിസ്റ്റന്റിനോട് ദേഷ്യപ്പെട്ടു. അതിനു ശേഷം അന്ന് മുതൽ ഇന്നുവരെ അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്തിട്ടില്ല.
ജോലി ചെയ്യാൻ ആവശ്യത്തിന് ആളില്ലായിരുന്നു. ഏകദേശം 41 ദിവസത്തോളം മര്യാദക്ക് ഉറക്കം പോലുമില്ലാതെ നിന്നാണ് ഞങ്ങളത് ചെയ്തത്. പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമാണ് അധികം ജോലിയൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ് അസിസ്റ്റൻസിനെ ഒഴിവാക്കിച്ചത്. പലരും അവരുടേതായ വസ്ത്രങ്ങൾ കൊണ്ടുവരും എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ വന്നവർ പലരും വെറും കയ്യോടെയാണ് വന്നത്. പലരുടെയും അടുത്ത് ഡ്രസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല. ലാൽ സാറും കൊണ്ടുവന്നില്ല.
ബോംബെയിൽ നിന്നും വലിയ ഡിസൈനറെ ഒക്കെ കൊണ്ടുവന്നിരുന്നു. എന്നാൽ അയാൾക്ക് അത്ര വേഗം ഒരുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അയാൾ തൊഴുതു. പത്ത് ദിവസത്തിൽ കൂടുതൽ കൂടെ നിൽക്കാൻ സാധിക്കില്ല എന്നൊക്കെ ഉണ്ടായിരുന്നു. അങ്ങനെ അയാൾ പോയി. അതോടെ ഞാനും അസിസ്റ്റന്റും കൂടി ആ സിനിമ മുഴുവൻ ചെയ്യുകയായിരുന്നു. അവർക്കെല്ലാം അവരുടെ കാര്യം നടന്നാൽ മതി. നമ്മൾ എങ്ങനെയാണ് എന്നതൊന്നും അവർ ചിന്തിക്കില്ല. ഇന്നൊക്കെ ഒരു സിനിമയിൽ പത്ത് അസിസ്റ്റന്റിനെ വരെ വെച്ചാണ് പണി ചെയ്യുന്നത്" അദ്ദേഹം പറയുന്നു.

അതിലെ ജഗതി ശ്രീകുമാറിന്റെ കറുത്ത വസ്ത്രം രണ്ടു മണിക്കൂറിൽ ഒരുക്കിയതാണ്. അതുപോലെ വില്ലന്റെ ഒപ്പം വന്ന സ്ത്രീയുടെ വേഷവും അതുപോലെ വേഗത്തിൽ ചെയ്തെടുത്തതാണ്. അന്ന് എങ്ങനെ അതൊക്കെ സാധിച്ചു എന്ന് ഇന്നും അറിയില്ല. നമ്മുടെ കഷ്ടപ്പാടൊന്നും അവർ മനസിലാക്കിയില്ല. ഞാൻ ആയിട്ട് അങ്ങോട്ട് പോയി പറയാൻ നിന്നിട്ടില്ല. ഇന്നുവരെ ഒരു കാര്യത്തിലും പരാതി പറഞ്ഞിട്ടില്ല. ആ കാലത്ത് അങ്ങനെ ആരോടും ഒന്നും പറയാനും കഴിയില്ലായിരുന്നു. അവർ തന്നെ മനസിലാക്കേണ്ടത് ആയിരുന്നുവെനും അദ്ദേഹം കൂട്ടിച്ചേർത്തു.
'വസ്ത്രത്തിന്റെ കാര്യത്തിൽ അങ്ങനെ കടുംപിടിത്തങ്ങൾ ഉള്ള ആളല്ല ലാൽ സാർ. റോഡ് സൈഡിൽ നിന്നും വസ്ത്ര വാങ്ങി അതൊക്കെ ഇട്ട് അഭിനയിച്ചിട്ടുണ്ട്. ഞങ്ങളോടൊപ്പം വന്ന് പർച്ചേസ് ചെയ്തിട്ടുണ്ട്. മമ്മൂട്ടി സാറിന് ഡ്രസ് എന്ന് പറഞ്ഞാൽ അത് ഡ്രസ് തന്നെ ആയിരിക്കണം. ലാൽ സാറിന് ക്യാരക്ടറിന് അനുസരിച്ചുള്ള എന്തെങ്കിലും വേഷം മതി. അത് ഇട്ടോളും. അന്ന് അങ്ങനെ ആയിരുന്നു. ഇന്ന് എങ്ങനെ ആണെന്ന് അറിയില്ല,' നാഗരാജ് പറഞ്ഞു.


Click it and Unblock the Notifications