'എന്റെ ഓരോ റീൽസും കണ്ട് മാധവൻ അഭിപ്രായം പറയാറുണ്ട്; ആ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല': അമൃത സജു
സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ താരമാണ് അമൃത സജു. ഇടുക്കി തൊടുപുഴ സ്വദേശിനി ആയ അമൃത നടി ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ടാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഐശ്വര്യ റായിയുടെ ലുക്കിലുള്ള അമൃതയുടെ റീൽസ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. ഇതിനു പിന്നാലെ ടെലിവിഷൻ പരിപാടികളിൽ നിന്നും സിനിമയിൽ നിന്നെല്ലാം അവസരങ്ങൾ അമൃതയെ തേടി എത്തി.
ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്ന അമൃത മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്. ടെലിവിഷൻ, സോഷ്യൽ മീഡിയ താരങ്ങളൊക്കെ മത്സരാർത്ഥികളായ ഷോയിൽ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന ബ്ലെസ്ലിയുടെ പെയറായിട്ടാണ് അമൃത ആദ്യം എത്തിയത്. ഷോയിലൂടെ ഒരുപാട് പേരുടെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ ആദ്യ സിനിമയുമായി ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് അമൃത സജു.

പുതുമുഖങ്ങൾ അണിനിരക്കുന്ന പിക്കാസോ എന്ന ചിത്രത്തിലൂടെയാണ് അമൃതയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ റായിയെ അനുകരിച്ചുള്ള തന്റെ റീൽസുകളെ കുറിച്ചും നടൻ മാധവനുമായി സംസാരിച്ചിട്ടുള്ളതിനെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് അമൃത. സില്ലി മോങ്ക്സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്യുന്ന റീൽസുകൾക്ക് നടൻ മാധവൻ മറുപടി തരാറുണ്ടെന്നാണ് അമൃത പറയുന്നത്. അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ട്ടപ്പെടുന്ന ആളാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അമൃത പറഞ്ഞു. റീൽസുകൾ കണ്ട് ഏതെങ്കിലും താരങ്ങൾ മെസേജ് അയച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമൃത. മാധവനുമായുള്ള ചാറ്റ് താരം കാണിക്കുകയും ചെയ്യുന്നുണ്ട്.
എന്റെ വർക്കുകളും അഭിനയവുമൊക്കെ നന്നായിട്ടുണ്ടെന്ന് നടൻ മാധവൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനൊക്കെ ഇഷ്ടപ്പെടുന്നയാളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ ഓരോ റീൽസുകളും കണ്ടിട്ട് അതിൽ എന്തൊക്കെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞ് തന്നിട്ടുണ്ട്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നാണ് എനിക്ക് തോന്നിയതെന്നും അമൃത പറയുന്നു.
കാരണം ഇത്രയും തിരക്കുള്ള ഒരാൾ എന്റെ പ്രൊഫൈൽ നോക്കുകയും നമുക്ക് വേണ്ടി അവരുടെ സമയം മാറ്റിവക്കുകയും ചെയ്യുന്നത് വലിയൊരു കാര്യമാണ്. എനിക്കത് വളരെ സന്തോഷം നൽകിയ ഒരു സംഭവമാണ്. വേറെ ആരും അങ്ങനെ ചെയ്തിട്ടില്ല. എനിക്കിപ്പോഴും അത് വളരെ അത്ഭുതം തോന്നിയ കാര്യമാണ്. അതിന്റെ ഷോക്കും എക്സൈറ്റ്മെന്റും ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്നും അമൃത പറഞ്ഞു.
താൻ ചെറുപ്പം മുതൽ ആരാധനയോടെ നോക്കി കണ്ട് അനുകരിക്കാൻ ശ്രമിച്ചിരുന്ന നടിയാണ് ഐശ്വര്യ റായിയെന്ന് അമൃത പറഞ്ഞു. അങ്ങനെ ഐശ്വര്യ റായിയോട് തോന്നിയ ഇഷ്ട്ടമാണ് തന്നെ റീൽസ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും താൻ പോലും അറിയാതെയാണ് ഐശ്വര്യയുടെ അഭിനയത്തോട് സാദൃശ്യം വന്നതെന്നും താരം പറഞ്ഞു.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് ഐശ്വര്യ റായ്. പണ്ടു മുതലേ അവരുടെ അഭിനയമൊക്കെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. റീൽസ് ചെയ്തപ്പോൾ അറിയാതെ തന്നെ ഐശ്വര്യ റായിയോട് സാദൃശ്യം വന്നതാണ്. ഒരുപാട് നാൾ ഒരാളെ തന്നെ നിരീക്ഷിക്കുമ്പോൾ അവരുടെ മാനറിസമൊക്കെ സ്വാഭാവികമായി വന്നു പോകുമല്ലോ. അങ്ങനെ സംഭവിച്ചതാണെന്ന് അമൃത പറഞ്ഞു.
അതേസമയം, സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത് ഷെയ്ക്ക് അഫ്സൽ നിർമിക്കുന്ന ചിത്രമാണ് പിക്കാസോ. ചിത്രത്തിലെ അഭിനേതാക്കളിൽ ഏറെയും പുതുമുഖങ്ങളാണ്. തന്റെ ഐശ്വര്യ റായ് റീൽസുകളും ചിത്രങ്ങളും വൈറലാകുന്നതിന് മുൻപ് അഭിനയിച്ച ചിത്രമാണ് ഇതെന്ന് അമൃത പറഞ്ഞിരുന്നു.


Click it and Unblock the Notifications











