ആ നടന്റെ ഇടപെടല്‍ കാരണം പാട്ട് ഇല്ലാതായി, നല്ലൊരു പ്രതിഫലമാണ് നഷ്ടമായത്; തുറന്നടിച്ച് ബിജു ധ്വനിതരംഗ്
മലയാളികള്‍ക്ക് സുപരിചിതനായ കൊറിയോഗ്രാഫര്‍ ആണ് ബിജു ധ്വനിതരംഗ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ബിജു ധ്വനിതരംഗിനെ മലയാളികള്‍ കൂടുതലും അറിയുന്നത് ഡാന്‍സിംഗ് സ്റ്റാര്‍സിലൂടെയായിരിക്കും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഷോയിലെ നിറ സാന്നിധ്യമായിരുന്നു ബിജു. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ കൊറിയോഗ്രാഫറാകുന്നത്. പിന്നീട് നിരവധി സിനിമകളും ഷോകളുമൊക്കെ ചെയ്തിട്ടുണ്ട്.
എന്നാല്‍ സിനിമയില്‍ ലോബിയിങ് നിലനില്‍ക്കുന്നുണ്ടെന്നാണ് ബിജു ധ്വനിതരംഗ് പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്. തനിക്ക് ഒരു നടന്‍ കാരണം നഷ്ടമായ സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. താനിനി സിനിമ പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിജു ധ്വനിതരംഗ് പറയുന്നത്.

തിരിച്ചറിയപ്പെടുന്നില്ല എന്ന തോന്നലുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ''സിനിമയുടെ പോസ്റ്ററില്‍ സ്റ്റില്‍സ് ചെയ്യുന്നവരുടേയും പോസ്റ്ററൊട്ടിക്കുന്നവരുടേയും വരെ പേരുകളുണ്ടാവാം. പക്ഷെ കൊറിയോഗ്രാഫറുടെ പേര് കാണില്ല. പാട്ടുകള്‍ ഹിറ്റാകുന്നതില്‍ കൊറിയോഗ്രാഫിയ്ക്ക് മുഖ്യപങ്കുണ്ട്. സിനിമകള്‍ വരുന്നില്ല. പലരും എന്നെ ഒരു ക്ലാസിക്കല്‍ ഡാന്‍സറായിട്ടാണ് കാണുന്നത്. ചിലപ്പോള്‍ അതാവാം കാരണം'' എന്നാണ് ബിജു പറയുന്നത്. പിന്നാലെയാണ് നടന്‍ കാരണം സിനിമ നഷ്ടപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.
ഒരിക്കല്‍ ഒരു സിനിമയ്ക്ക് വേണ്ടി അഞ്ചു ദിവസം സംവിധായകനൊപ്പം നടന്ന് സ്‌ക്രിപ്റ്റ് മനസിലാക്കി കൊറിയോഗ്രാഫി പ്ലാന്‍ ചെയ്തു. ഷൂട്ടിങ് തുടങ്ങുന്ന ദിവസം ഉച്ചയായപ്പോഴേക്കും ആ പാട്ട് സിനിമയിലില്ലെന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ആ ചിത്രത്തില്‍ അഭിനയിക്കുന്ന നടന്റെ ഇടപെടലുകളായിരുന്നു അതിന് കാരണമെന്നും ബിജു പറയുന്നു. ആ നടന് വീണ്ടും സിനിമകള്‍ കിട്ടും. പക്ഷെ എനിക്ക് മറ്റൊരു സിനിമ കിട്ടാന്‍ കാത്തിരിക്കേണ്ടി വരും. കിട്ടേണ്ട നല്ലൊരു പ്രതിഫലമാണ് നഷ്ടമായതെന്നും ബിജു ധ്വനിതരംഗ് തുറന്ന് പറയുന്നുണ്ട്.
ഇടയ്ക്ക് വെറൊരാള്‍ ചെയ്തിട്ട് മുഴുമിപ്പിക്കാനാകാതെ പോയ വര്‍ക്കുകള്‍ ചെയ്യാനും വിളിക്കാറുണ്ട്. ചെയ്തു കൊടുക്കുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ അത് പറയേണ്ട രീതിയില്‍ പറയണം. ആ മര്യാദ പോലും പലരും കാണിക്കാറില്ലെന്നാണ് ബിജുവിന്റെ ആരോപണം. അതേസമയം സിനിമയില്‍ വര്‍ക്ക് ചെയ്യുന്നവെന്ന് പറയാന്‍ വേണ്ടി സിനിമ ചെയ്യേണ്ടതില്ലെന്ന് ഞാന്‍ ഇവനോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അമ്മയും കൂട്ടിച്ചേര്‍ക്കുന്നു.

സിനിമ ഞാനിനി പ്രതീക്ഷക്കുന്നില്ല. ഇപ്പോള്‍ അത്യാവശ്യം പരിപാടികളും ഡാന്‍സ് ക്ലാസുകളുമുണ്ട്. എല്ലാ നടീനടന്മാര്‍ക്കും അവര്‍ക്ക് പ്രിയപ്പെട്ട ആളുകളുണ്ട്. ഞാന്‍ സ്റ്റേജ് ഷോ കൊറിയോഗ്രഫി ചെയ്യുന്നത് നവ്യ നായര്‍, ആശാ ശരത്ത്, അനുശ്രീ, അനു സിത്താര തുടങ്ങിയവര്‍ക്കൊക്കെയാണ്. ഇവരുടെയൊക്കെ പേഴ്‌സണല്‍ ഫേവറേറ്റാണ് ഞാന്‍. അവര്‍ക്ക് ഷോ വന്നാല്‍ എന്നെ വിളിക്കും. അതുപോലെ സിനിമയിലെ പലര്‍ക്കും ഓരോ കൊറിയോഗ്രാഫറുണ്ടെന്നും ബിജു ധ്വനിതരംഗ് കൂട്ടിച്ചേര്‍ക്കുന്നു.
പുത്തന്‍ പണം, അരവിന്ദന്റെ അതിഥികള്‍, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളില്‍ പാട്ടിന് ചുവടൊരുക്കിയത് ബിജു ധ്വനി തരംഗ് ആണ്. സൂഫിയും സുജാതയിലേയും കൊറിയോഗ്രാഫിക്ക് അവാര്‍ഡും ലഭിച്ചിരുന്നു. നാലാം വയസില്‍ അമ്മയില്‍ നിന്നാണ് ബിജു ഡാന്‍സ് പഠിച്ചു തുടങ്ങുന്നത്. ആശാ ശരത്തിന്റെ ദുബായിലെ ഡാന്‍സ് സ്‌കൂളില്‍ ഡാന്‍സ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധ നേടുകയായിരുന്നു.


Click it and Unblock the Notifications











