'ശരിക്കും എനിക്ക് ആ വേഷങ്ങൾ ഇഷ്ടമല്ല, അടുത്ത ഘട്ടത്തിലെത്തുന്നതിന് എനിക്കത് ധരിക്കേണ്ടി വന്നതാണ്!': ദേവയാനി
മലയാളികൾക്കെല്ലാം പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് നടി ദേവയാനി. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദേവയാനി സിനിമാ ലോകത്ത് സജീവമാണ്. ഹിന്ദി സിനിമയിലൂടെ ആയിരുന്നു ദേവയാനിയുടെ അരങ്ങേറ്റമെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. പിന്നീട് പ്രിയദർശന്റെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെ ദേവയാനി മലയാളത്തിൽ എത്തുകയായിരുന്നു. മലയാളത്തിൽ രണ്ടു മൂന്ന് ചിത്രങ്ങൾ കൂടി ചെയ്ത ശേഷം താരത്തിന് തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നൊക്കെ അവസരങ്ങൾ വരുകയായിരുന്നു.
അതിനിടെ മലയാളത്തിൽ ചില ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും ദേവയാനിക്ക് സാധിച്ചു. സുന്ദര പുരുഷൻ, ബാലേട്ടൻ, നരൻ, സർക്കാർ കോളനി തുടങ്ങിയ സിനിമകളിൽ എല്ലാം പ്രധാന വേഷങ്ങളിൽ ദേവയാനി എത്തിയിരുന്നു. എന്നാൽ പിന്നീട് മറ്റു ഭാഷകളിലേക്ക് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോഴിതാ, വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ദേവയാനി. അനുരാഗം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

ചിത്രത്തിനെ പ്രമോഷന്റെ ഭാഗമായി ദേവയാനി നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. മോഡേൺ വസ്ത്രങ്ങൾ തനിക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദേവയാനി. എപ്പോഴും സാരിയിലും ദാവണിയിലുമാണ് തന്നെ കാണാൻ കഴിയുകയെന്നും ചുരുക്കം ചില സിനിമകൾക്ക് വേണ്ടി മാത്രമാണ് താൻ മോഡേൺ ഔട്ട്ഫിറ്റുകൾ ധരിച്ചിട്ടുള്ളതെന്നുമാണ് താരം പറയുന്നത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വെച്ച് മോഡേൺ വസ്ത്രം ധരിച്ച താരത്തിന്റെ പഴയ ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് ദേവയാനി ഇക്കാര്യം പറഞ്ഞത്.
'അതെന്റെ ആദ്യ സിനിമയിലെ കോസ്റ്റിയൂമാണ്. ആ സിനിമയിൽ എനിക്ക് ധരിക്കാനുള്ളതെല്ലാം ഇതുപോലുള്ള വസ്ത്രങ്ങളായിരുന്നു. പക്ഷെ അത്തരം വസ്ത്രങ്ങളിൽ ഞാൻ തീരെ കംഫേർട്ടബിളായിരുന്നില്ല. ഓക്കെയാണ് പക്ഷെ ശരിക്കും എനിക്ക് അവ ഇഷ്ടമല്ല. ആദ്യമായിട്ട് അഭിനയിക്കുന്നത് ആയതുകൊണ്ടാണ് അന്ന് അവ ധരിച്ചത്. സ്റ്റെപ്പിങ് സ്റ്റോൺ എന്നൊക്കെ പറയുന്നത് പോലെ. അടുത്ത ഘട്ടത്തിലെത്തുന്നതിന് എനിക്ക് അത് ധരിക്കേണ്ടി വന്നു. നല്ല സിനിമയായിരുന്നു,'
ഫ്രണ്ട്‌സ് സിനിമയിൽ മോഡേൺ വസ്ത്രം ധരിച്ചതിനെ കുറിച്ചും ദേവയാനി പറയുന്നുണ്ട്. 'എപ്പോഴും സാരിയുടുത്തോ, പാവാടയും ധാവണിയോ അണിഞ്ഞാണ് ഞാൻ ആ സമയത്തും നടന്നിരുന്നത്. ദേവയാനിയെ ഈ ഗെറ്റപ്പിലാണ് എപ്പോഴും കാണാനാവുക. മോഡേൺ വസ്ത്രങ്ങൾ ഞാൻ ചില സിനിമകളിൽ മാത്രമാണ് ധരിച്ചിട്ടുള്ളത്. വിണ്ണുക്കും മണ്ണുക്കും എന്ന ചിത്രത്തിൽ ധാരാളമായി ധരിച്ചിട്ടുണ്ട്.
'അതിൽ ഹീറോയിൻ കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഗൗണും അതും ഇതുമെല്ലാം ധരിക്കേണ്ടി വന്നിരുന്നു. ഫ്രണ്ട്‌സിലെ ഈ ഗാനം കുറച്ചു മോഡേണായും ക്യൂട്ടായും ബബ്ലി ആയും ഇരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ പുതിയ ഔട്ട്ഫിറ്റുകളൊക്കെ ട്രൈ ചെയ്യുകയായിരുന്നു. എല്ലാവർക്കും അതൊക്കെ ഇഷ്ടമായിരുന്നു,' ദേവയാനി പറഞ്ഞു.
മോഹൻലാൽ, ദിലീപ് എന്നിവർക്ക് ഒപ്പമൊക്കെ അഭിനയിച്ചതിന്റെ അനുഭവങ്ങളും ദേവയാനി അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ത്രീ മെൻ ആർമി എന്ന ചിത്രത്തിലാണ് ദേവയാനി ദിലീപിന് ഒപ്പം അഭിനയിച്ചത്. അതൊരു ഫൺ സെറ്റായിരുന്നു എന്നാണ് നടി പറഞ്ഞത്. പത്ത് പതിനേഴ് സിനിമ കൊണ്ട് ഷൂട്ടിങ് പൂർത്തിയായ സിനിമയാണ്.ദിലീപ് സാർ സെറ്റിൽ ഇരുന്ന് കോമഡി പറയും. അതൊരു സെറ്റ് ആണെന്നെ തോന്നില്ലായിരുന്നുവെന്ന് ദേവയാനി പറഞ്ഞു.

ബാലേട്ടനിലാണ് എനിക്ക് ലാൽ സാറിനോടൊപ്പം ആദ്യമായി അഭിനയിക്കാൻ കഴിഞ്ഞത്. അതൊരു വലിയ ഹിറ്റ് സിനിമ ആയിരുന്നു. അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. ഒപ്പം വർക്ക് ചെയ്യണം എന്നത് ആഗ്രഹമായിരുന്നു. അന്ന് ആ സിനിമ വന്നപ്പോൾ തന്നെ ഞാൻ വളരെ ഹാപ്പി ആയിരുന്നു എന്നാണ് ദേവയാനി പറഞ്ഞത്.
അതേസമയം, പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചിത്രമാണ് അനുരാഗം. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നടൻ അശ്വിൻ ജോസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും അശ്വിനാണ്. ഗൗതം മേനോൻ, ജോണി ആന്റണി, ഗൗരി ജി. കിഷൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications