മകനെ ആരും കളിയാക്കാതിരിക്കാൻ! അവന്റെ പേരിലൊരു പുതിയ തുടക്കം; സന്തോഷം പങ്കുവച്ച് ദേവികയും വിജയും
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഇവരിപ്പോൾ. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി, ഗായകനായും സംഗീത സംവിധായകനയുമെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് വിജയ് മാധവ്. എന്നാൽ ദേവികയെ വിവാഹം ചെയ്ത ശേഷമാണ് വിജയ് കൂടുതൽ സുപരിചിതനാകുന്നത്.
വിവാഹ ശേഷം പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് ഈ താര ദമ്പതികൾ ഗർഭിണിയായതോടെയാണ് ദേവിക സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഗർഭിണി ആയതിനു പിന്നാലെ താരം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. മാർച്ചിലാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്. ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഗർഭിണി ആയത് മുതൽ എല്ലാ വിശേഷങ്ങളും ദേവികയും വിജയും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ജീവിതത്തിലെ പുതിയൊരു വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ദേവികയും വിജയും. ആത്മജ സ്‌കൂള്‍ ഓഫ് യോഗ & മ്യൂസിക്ക് എന്നൊരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഇവരുടെ വീഡിയോ.
ഇത് തുടങ്ങാനുള്ള കാരണം നിങ്ങളാണെന്നാണ് ആരാധകരോട് വിജയ് പറഞ്ഞത്. കുട്ടി സ്‌കൂളില്‍ പോയി തുടങ്ങുമ്പോൾ കളിയാക്കുമെന്ന് കുറേ പേര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ ആലോചനയിലേക്ക് എത്തിയതെന്ന് വിജയ് പറഞ്ഞു. ആദ്യം പ്ലേ സ്‌കൂള്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പിന്നെയാണ് ആ പ്ലാന്‍ മാറ്റിയത്. ദേവിക യോഗ ക്ലാസെടുക്കും. കുറച്ച് പാട്ടൊക്കെ എനിക്ക് അറിയാം. അപ്പോൾ അറിയാവുന്ന പണി തന്നെ തുടങ്ങാമല്ലോ എന്ന് കരുതി എന്ന് വിജയ് പറഞ്ഞു.
പിന്നെ ആത്മജ വളര്‍ന്നുവന്ന് പുള്ളിക്ക് ഇതൊക്കെ താല്‍പര്യമുണ്ടെങ്കില്‍ പുള്ളി നടത്തട്ടെയെന്നും വിജയ് പറഞ്ഞു. പേര് കാരണം സ്‌കൂളില്‍ കളിയാക്കും എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ മനസിലേക്ക് വന്നത്. ആത്മജ സ്‌കൂള്‍ ഓഫ് യോഗ ആന്‍ഡ് മ്യൂസിക്കില്‍ വന്ന് ആരും ആത്മജയെ കളിയാക്കില്ലല്ലോ എന്ന സ്വാര്‍ത്ഥമായ അഹങ്കാരമാണ് ഇതിനു പിന്നിൽ. അതിന് വേണ്ടിയാണ് ഞങ്ങളൊരു ബില്‍ഡിംഗ് കണ്ടെത്തിയത്.

ഇവിടെ കുറേ ജോലികളുണ്ട്. എല്ലാം സെറ്റാക്കി എടുക്കണം. നമ്മുടെ വ്‌ളോഗൊക്കെ കാണുന്ന ആളാണ് ഈ സ്ഥലത്തിന്റെ ഉടമ. നമുക്ക് എന്തും ചെയ്യാനുള്ള പെര്‍മിഷന്‍ തന്നിട്ടുണ്ട്. ഇതിന്റെ നവീകരണത്തിന് ദേവികയും കൂടുമെന്ന് എനിക്കറിയാം. അങ്ങനെയാണ് ഈ ബില്‍ഡിംഗ് എടുത്തത്. ഇവിടെ കുറേ സ്‌പേസുണ്ട്. നന്നായി പ്ലാന്‍ ചെയ്താല്‍ എല്ലാം വിനിയോഗിക്കാന്‍ പറ്റും. ജൂണിൽ ഇത് തുടങ്ങാനുള്ള പ്ലാനിലാണ് ഞങ്ങള്‍. ഭയങ്കര വലിയ സംഭവമായൊന്നുമല്ല, എങ്കിലും ഞങ്ങൾ ഇത് തുടങ്ങുമെന്ന് ഇരുവരും പറഞ്ഞു.
നിരവധി പേരാണ് പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത. പുതിയ ചുവടുവെപ്പിന് ഞങ്ങളുണ്ട് കൂടെ. എല്ലാം നന്നായി വരട്ടെ. ആത്മജന്റെ പേരില്‍ ഒരു സ്ഥാപനം, ഇത് മികച്ചത് തന്നെയാവും എന്നൊക്കെ ആയിരുന്നു കമന്റുകൾ. നേരത്തെ കുഞ്ഞിന് ആത്മജ എന്ന് പേരിട്ടതിന് പിന്നാലെ പെൺകുട്ടിയുടെ പേരല്ലേ എന്ന് ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. കുഞ്ഞിന് ഇതൊരു ഭാരമാകരുത് എന്നായിരുന്നു ചിലർ പറഞ്ഞത്.


Click it and Unblock the Notifications