'അർപ്പിത കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ, എന്നെ വിട്ടുപോകേണ്ട അവസ്ഥ വന്നിട്ടും അവൾ പോയിട്ടില്ല'; ധ്യാൻ പറയുന്നു
മലയാളികളുടെ ഇഷ്ട താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിലെ നിറസാന്നിധ്യമായ ധ്യാൻ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോൾ. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ധ്യാൻ, അവരെ പോലെ തന്നെ അഭിനയത്തിന് പുറമെ സംവിധാനമടക്കമുള്ള മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. എന്നാൽ സിനിമകളിലൂടെ ലഭിച്ച ജനപ്രീതിയേക്കാൾ അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ താരമായി മാറിയത്. എല്ലാം തുറന്ന് സംസാരിക്കാറുള്ള ധ്യാനിന്റെ അഭിമുഖങ്ങൾക്ക് മാത്രം പ്രത്യേക ഫാൻ ബേസ് ഉണ്ട്.
തന്റെയും അച്ഛന്റെയും അമ്മയുടെയും ഒക്കെ ഓരോ കഥകളാണ് ധ്യാൻ പലപ്പോഴും പങ്കുവയ്ക്കാറുള്ളത്. തന്റെ പഴയ കാല ജീവിതത്തിൽ നിന്നും ധ്യാനിന് പറയാൻ ഏറെ കഥകൾ ഉണ്ടാവാറുണ്ട്. അമ്മയുടെ പരാതിയെ തുടർന്ന് ഇനി അമ്മയെ കുറിച്ചുള്ള കഥകൾ പറയില്ലെന്ന് ധ്യാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനിടെ ഇപ്പോഴിതാ, കാൻ ചാനൽ മീഡിയക്ക് നൽകിയ ധ്യാനിന്റെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ ഭാര്യ അർപ്പിതയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയാണ് ധ്യാൻ സംസാരിക്കുന്നത്.

ഭാര്യ അർപ്പിത കഴിഞ്ഞേ തനിക്ക് എന്തും ഉള്ളൂ എന്നാണ് ധ്യാൻ പറയുന്നത്. നീ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ എന്ന് അർപ്പിതയോട് പറയുമ്പോൾ അത് കഴിഞ്ഞിട്ട് ആളുണ്ടോ എന്നാണ് ആളുടെ ചോദ്യം. ഞങ്ങൾ സുഹൃത്തുക്കൾ എന്ന നിലയിലാണ് ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. അന്നൊക്കെ എനിക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ അർപ്പിതയ്ക്ക് അറിയാമായിരുന്നുവെന്ന് ധ്യാൻ പറയുന്നു.
എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും അറിയുന്ന ആളായിരുന്നു. ആ എന്നെ ഒന്നു രണ്ടു സന്ദർഭങ്ങളിൽ പൊക്കിയിട്ടും ഉണ്ട്. എന്നെ വിട്ടുപോകേണ്ട അവസ്ഥ വരെ ഉണ്ടായിട്ടും വിട്ടുപോയിട്ടില്ല. ചില വൃത്തികെട്ടവന്മാരെ പെണ്ണുങ്ങൾക്ക് ഭയങ്കര ഇഷ്ടമായിരിക്കും എന്ന് ഞാൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ എന്ത് കാര്യവും അർപ്പിതയോട് തുറന്നു പറയുമായിരുന്നു. ഞങ്ങൾ ഇഷ്ടത്തിൽ ആയ ശേഷവും എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറയുമായിരുന്നു.
നല്ല സുഹൃത്തുക്കൾ ആയി പോകാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. കാരണം ഞങ്ങളുടെ ബന്ധം വിവാഹം വരെ എത്തുമോ എന്നു പോലും അറിയില്ലായിരുന്നു. നമ്മൾ ഇന്റർ കാസ്റ്റ് ആയിരുന്നല്ലോ, ധ്യാൻ പറഞ്ഞു. 2015നു ശേഷം ആണ് നമ്മൾ വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നത്. ഞങ്ങൾ തീരുമാനിക്കും മുൻപേ വീട്ടുകാരാണ് ഇക്കാര്യം ആലോചിക്കുന്നത്. എന്റെ അമ്മയുമായി അർപ്പിതയ്ക്ക് നല്ല ബന്ധമായിരുന്നു. അങ്ങനെ അമ്മയാണ് ഇക്കാര്യം എന്നോട് അവതരിപ്പിക്കുന്നത്.

അച്ഛനും അമ്മയും ചേർന്നാണ് അവരുടെ വീട്ടിൽ പോയതും സംസാരിച്ചതും വിവാഹം ഉറപ്പിച്ചതും. ജാതിയോ മതമോ ഒരിക്കലും അവിടെ വിഷയം ആയിരുന്നില്ല. ഇന്നേ വരെ അർപ്പിത എന്താണ് ജാതി എന്നോ മതം എന്നോ എന്റെ വീട്ടിൽ ചർച്ച ആയിട്ടില്ല. ധ്യാനിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് മാത്രമാണ് അമ്മ അച്ഛനോട് പറഞ്ഞത്, ധ്യാൻ പറഞ്ഞു. 2017 ഏപ്രിലിലാണ് ധ്യാനും അർപ്പിതയും വിവാഹിതരാകുന്നത്. ഇപ്പോൾ ഇവർക്കൊരു മകളുണ്ട്.
മകളെ കുറിച്ചൊക്കെ ധ്യാൻ അഭിമുഖങ്ങളിൽ വാചാലനാവരുണ്ട്. തന്നെ നല്ല മനുഷ്യനാക്കുക എന്നതാണ് ഇപ്പോഴേ മകളുടെ ലക്ഷ്യമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്. മകളുടെ കുസൃതിയെ കുറിച്ചുമൊക്കെ ധ്യാൻ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. സിനിമയിൽ തിരക്കിലാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും യാത്രകൾ പോകാനുമൊക്കെ സമയം കണ്ടെത്താറുണ്ട് ധ്യാൻ, അടുത്തിടെ യാത്ര പോയതിന്റെ ചിത്രങ്ങൾ ധ്യാൻ പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications