കൂട്ടുകാര്‍ക്കൊപ്പം വെള്ളമടിച്ച് കിടന്ന എന്നെ പിടിക്കാന്‍ അച്ഛന്‍; അള്‍ട്രാ ലജന്റിനെ ധ്യാന്‍ പറ്റിച്ചതിങ്ങനെ
കഥകള്‍ പറഞ്ഞ് ആളുകളെ കയ്യിലെടുക്കാന്‍ ധ്യാന്‍ ശ്രീനിവാസനെ കഴിഞ്ഞിട്ടേ ആളുള്ളൂ. ഇപ്പോഴിതാ ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് തന്റെ അച്ഛന്‍ ശ്രീനിവാസനെ പറ്റിച്ച കഥ പറയുകയാണ് ധ്യാന്‍. മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ചെന്നൈയില്‍ വെറുതെയിരിക്കുന്ന സമയം. ചേട്ടന് അന്ന് ഫ്‌ളാറ്റുണ്ട്. ശനിയും ഞായറും ദിവസം ഞാന്‍ ചേട്ടന്റെ ഫ്‌ളാറ്റില്‍ വരും. ചേട്ടന്‍ അന്ന് ഒരു ഷോയ്ക്ക് വേണ്ടി പോയതായിരുന്നു. അച്ഛന്‍ നാട്ടില്‍ നിന്നും എന്തോ കാര്യത്തിന് വന്നിരുന്നു. എന്നെ വിളിച്ചിട്ട് കാണാമെന്ന് പറഞ്ഞു. വൈകുന്നേരം തിരിച്ചു പോകുമെന്നും പറഞ്ഞു.

രാവിലെ ഒമ്പതരയായപ്പോള്‍ വിളിച്ചു. തലേദിവസം എന്റെ വീട്ടിലൊരു ഹൗസ് പാര്‍ട്ടി നടത്തിയിരുന്നു. മൂന്ന് പെണ്‍പിള്ളേര്‍ സോഫയില്‍ കിടപ്പുണ്ട്. രണ്ട് ചെക്കന്മാര്‍ എന്റെ റൂമിലുണ്ട്. ബോയ്ഫ്രണ്ട്‌സും ഗേള്‍ഫ്രണ്ട്‌സുമായിട്ട് അവിടെയിവിടെയായി ഓരോരുത്തരുണ്ട്.
മൊത്തത്തില്‍ ആഫ്റ്റര്‍ പാര്‍ട്ടി മൂഡ്. അച്ഛന്‍ വിളിച്ചപ്പോള്‍ ഞാന്‍ കുപ്പികള്‍ക്ക് ഇടയിലൂടെ ഫോണ്‍ എടുത്തു. ഞാന്‍ ചെന്നൈയിലുണ്ടെന്ന് അച്ഛന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. തന്നെയൊന്ന് കാണണം നീ എവിടെയാണെന്ന് ചോദിച്ചു. ഫ്‌ളാറ്റിലുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അങ്ങ് വരാമെന്ന് അച്ഛന്‍ പറഞ്ഞു. വേണ്ട ഞാന്‍ അങ്ങോട്ട് വരാം അച്ഛനുള്ള ഹോട്ടലിന്റെ പേരും റൂം നമ്പറും പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അച്ഛന്‍ ഓക്കെ പറഞ്ഞു.
ഞാന്‍ കുളിച്ച് റെഡിയാകാന്‍ പോയി. തലേ ദിവസത്തെ ഹാങ് ഓവര്‍ മാറാന്‍ ഒരെണ്ണം കൂടി അടിച്ചു. അപ്പോള്‍ ഒരു ബെല്‍ അടി. ഒമ്പതര മണിയ്ക്ക് ഒരുങ്ങാന്‍ തുടങ്ങിയതാണ് പത്തരയായി. പത്ത് മിനുറ്റില്‍ എത്താമെന്ന് പറഞ്ഞതാണ് അച്ഛനോട്. ഫോണ്‍ നോക്കുമ്പോള്‍ അച്ഛന്റെ പത്തോ പതിനഞ്ചോ മിസ് കോള്‍. ഫോണ്‍ സൈലന്റായിരുന്നു. ധ്യാന്‍ ഞാന്‍ അങ്ങോട്ട് വരികയാണെന്ന് മെസേജുണ്ടായിരുന്നു. പുറത്ത് അച്ഛന്‍ തന്നെ. ചുറ്റിനും ഒരു നര്‍ക്കോട്ടിക് മൂഡായിരുന്നു. വാതില്‍ തുറന്നാല്‍ എന്നെ കൊല്ലും. കഥ തീര്‍ന്നു!
ഞാന്‍ നേരെ പോയി റൂമിന്റെ ബാല്‍ക്കണിയും വാതിലുകളുമൊക്കെ അടച്ചു. മുറിയിലെ കബോഡിന്റെ അകത്തു കയറി. പുറത്തെ ബെല്ലടി നിന്നതും ഞാന്‍ അച്ഛനെ വിളിച്ചു. അച്ഛന്‍ ഏത് റൂമിലാണ് ഞാന്‍ ഇവിടെ ഹോട്ടലിന്റെ പുറത്തുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഇവിടെ ഫ്‌ളാറ്റില്‍ വന്ന് നിക്കുവാണെന്ന് എത്ര തവണ വിളിച്ചെന്നൊക്കെ അച്ഛന്‍ ദേഷ്യപ്പെട്ടു. ഞാന്‍ ബൈക്കിലായിരുന്നു വന്നതെന്ന് പറഞ്ഞു. നിന്റെ ബൈക്ക് താഴെയുണ്ടല്ലോ എന്ന് അച്ഛന്‍. എന്റെ ബൈക്ക് സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ കൂട്ടുകാരന്റെ ബൈക്കിലാണ് വന്നതെന്ന് പറഞ്ഞു. അച്ഛന്‍ ഓക്കെ പറഞ്ഞു. ഹോട്ടലിലേക്ക് വരാമെന്ന് പറഞ്ഞു.
അച്ഛന്‍ ലിഫ്റ്റ് ഇറങ്ങി പോകുന്നത് ഞാന്‍ കണ്ടു. പക്ഷെ എനിക്ക് ഒരു സമാധനമല്ല. പുള്ളി അള്‍ട്രാ ലജന്റ് ആണല്ലോ. താഴെ എന്നെ കാത്ത് നില്‍ക്കുകയാണെങ്കിലോ. അത്യാവശ്യം ബോധമുണ്ടായിരുന്ന കൂട്ടുകാരിയെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. ഫോണ്‍ കൊടുത്തു. താഴെ ഒരു കുള്ളനുണ്ട് അവര്‍ അവിടെ നില്‍ക്കുന്നുണ്ടോ പോയി നോക്കാന്‍ പറഞ്ഞു. ആരാ അത് ചോദിച്ചപ്പോള്‍ അച്ഛന്‍ ആണെന്ന് പറഞ്ഞു. അവര്‍ക്ക് അച്ഛനെ കണ്ടു പരിചയമില്ല. അവള്‍ താഴെ പോയി നോക്കുമ്പോള്‍ അച്ഛന്‍ സെക്യൂരിറ്റിയുമായി സംസാരിച്ച് നില്‍ക്കുകയാണ്.

ഞാന്‍ രാവിലെ പോയോ എന്നെ സെക്യൂരിറ്റിയോട് ചോദിക്കുകയാണ്. അവളോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. ഉടനെ തന്നെ അടുത്ത തെരുവിലുളള സുഹൃത്തിനെ വിളിച്ചിട്ട് ബൈക്കും ഹെല്‍മെറ്റുമെടുത്ത് വന്ന് നില്‍ക്കാന്‍ പറഞ്ഞു. പത്ത് മിനുറ്റ് കഴിഞ്ഞ് നോക്കുമ്പോഴും അച്ഛന്‍ പോയിട്ടില്ല. ഞാന്‍ അച്ഛനെ ഫോണ്‍ വിളിച്ചു. അച്ഛന്‍ എവിടെയാണെന്ന് ചോദിച്ചു. ഞാന്‍ ട്രാഫിക്കിലാണെന്ന് അച്ഛന്‍. താഴെ നില്‍ക്കുന്നുണ്ട്. അച്ഛന്‍ ഉടനെ കാറില്‍ കയറി പോയി. ഞാന്‍ വേഗം താഴെ വന്ന് സുഹൃത്തിന്റെ ബൈക്കെടുത്ത് പോയി.
ചെന്നൈയിലെ ട്രാഫിക്കില്‍ കാറിനേക്കാള്‍ വേഗത്തിലെത്താന്‍ പറ്റുക ബൈക്കിനാണ്. ഞാന്‍ ആണെങ്കില്‍ അന്ന് തിരുമലൈയിലെ വിജയിയെ പോലെയാണ് വണ്ടി ഓടിച്ചതും. ഹോട്ടലില്‍ ചെന്ന് റൂമിന്റെ മുന്നില്‍ പോയി നിന്നു. ഞാന്‍ എത്തി പതിനഞ്ച് മിനുറ്റ് കഴിഞ്ഞാണ് അച്ഛന്‍ വരുന്നത്. വന്നതും എന്നെ അടിമുടിയൊന്ന് നോക്കി. നോക്കുമ്പോള്‍ സുഹൃത്തിന്റെ ബൈക്കിന്റെ ചാവി, ഹെല്‍മറ്റ്. അച്ഛന്‍ ലേറ്റ് ആയല്ലേ എന്ന് ഞാന്‍ ചോദിച്ചു. ആ ഭയങ്കര ട്രാഫിക്ക് അല്ലേ എന്ന് അച്ഛനും.


Click it and Unblock the Notifications











