'ഒരുത്തൻ ഇത്ര നല്ലവനായാലും പ്രശ്നമാണ്'; അച്ഛനുണ്ടായ അനുഭവം പങ്കുവച്ച് ധ്യാൻ ശ്രീനിവാസൻ!
മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീതിന്റേയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ധ്യാൻ ഇരുവരെയും പോലെ മലയാള സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. ഓഫ് സ്ക്രീനിലും താരമാണ് ധ്യാൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. അഭിമുഖങ്ങളിൽ ധ്യാൻ പങ്കുവയ്ക്കുന്ന കഥകളാണ് പ്രേക്ഷകർക്കിടയിലെ സ്വീകാര്യതയ്ക്ക് കാരണം.
ജീവിതത്തിലുണ്ടായ പ്രതിസന്ധികളേയും പരാജയങ്ങളേയും കുറിച്ച് പോലും തമാശ രൂപേണ സംസാരിച്ച് കയ്യടി വാങ്ങാന്‍ ധ്യാനിന് അറിയാം. അച്ഛനേയും അമ്മയേയും ചേട്ടനേയും കുറിച്ചെല്ലാം ധ്യാൻ അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി എന്ന പരിപാടിയിൽ ധ്യാൻ അച്ഛൻ ശ്രീനിവാസനുണ്ടായ ഒരു അനുഭവം പങ്കുവച്ചത് ശ്രദ്ധനേടുകയാണ്. ധ്യാൻ വിധികർത്താവായി എത്തുന്ന ഷോയാണ് കുക്ക് വിത്ത് കോമഡി.

അച്ഛന് പ്രോഗ്രാമിനോടുള്ള അഭിപ്രായം എന്താണെന്ന അവതാരക മീര നന്ദന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ധ്യാൻ അച്ഛന് ഒരു ഷെഫിൽ നിന്നുണ്ടായ അനുഭവം പങ്കുവച്ചത്. അച്ഛൻ ഈ പരിപാടി കണ്ടിട്ടാണ് ഉറങ്ങുന്നത് എന്നായിരുന്നു ധ്യാനിന്റെ മറുപടി. കണ്ടിട്ടേ ഉറങ്ങൂ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ധ്യാൻ പിന്നീട് തിരുത്തുന്നുണ്ട്. ശനിയും ഞായറും മാത്രമല്ലേ, തിങ്കൾ മുതൽ വെള്ളിവരെ വേണ്ടേ മോനെ എന്നൊക്കെയുള്ള ചോദ്യമാണെന്നും ധ്യാൻ പറഞ്ഞു. തുടർന്നാണ് ധ്യാൻ അച്ഛന്റെ അനുഭവം പങ്കുവച്ചത്.
'അച്ഛൻ എഴുതാനൊക്കെ പോകുന്ന സമയത്ത് പണ്ട് ഒരു ഷെഫിനെ കൂടി കൂടെ കൊണ്ടുപോകുമായിരുന്നു. ഹെൽത്തി ആയ ഭക്ഷണം കഴിക്കാൻ വേണ്ടിയിട്ടാണ്. അച്ഛന്റെ കൂടെ കുറെ സിനിമകളിൽ, പ്രത്യേകിച്ച് എഴുത്തിന്റെയും പ്രീ പ്രൊഡക്ഷന്റേയും സമയത്ത് പുള്ളി ഉണ്ടായിട്ടുണ്ട്. ആളുടെ പേര് ഞാൻ പറയുന്നില്ല. കാരണം ആളെ ഞാൻ നാറ്റിക്കാൻ പോവുകയാണല്ലോ', ധ്യാൻ പറയുന്നു.
'ഭക്ഷണം ഉണ്ടാക്കുന്ന ആളോട് നമുക്ക് പ്രത്യേകമായ ഒരു ഇഷ്ടവും ബഹുമാനവും ഒക്കെ ഉണ്ടാകുമല്ലോ. പുള്ളിയോട് അച്ഛനും അതുണ്ട്. അച്ഛൻ രാവിലെയും രാത്രിയുമൊക്കെയായി സീനൊക്കെ എഴുതിവച്ച് പോയി കിടക്കും. രാവിലെ അച്ഛൻ എഴുന്നേറ്റ് വരുമ്പോൾ ഈ സീൻ ചിലപ്പോൾ വെട്ടിയിട്ടുണ്ടാകും. അപ്പോൾ അടുക്കളയിൽ നിന്ന് ഇയാൾ ഓടി വന്നിട്ട് പറയും, 'സാർ എനിക്ക് ആ സീൻ ഇഷ്ടമായില്ലട്ടോ, അത് പോരാ' എന്ന്',

'അങ്ങനെ പതിയെ പതിയെ ഈ ഷെഫ് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം സീനുകളിലും അച്ഛൻ എഴുതി വെച്ചതിലുമൊക്കെ ഇടപെടാൻ തുടങ്ങി. സീനുകൾ വായിക്കാൻ തുടങ്ങി. പക്ഷേ ഒന്നും പറയാൻ പറ്റില്ല. ഭക്ഷണം ഉണ്ടാക്കുന്ന ആളുകളെ നമ്മൾ ഒരിക്കലും വെറുപ്പിക്കാൻ പാടില്ല. അവസാനം അച്ഛൻ ആ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി പോയി',
'അന്ന് അച്ഛൻ ഞങ്ങളോടൊപ്പമുള്ള ഡ്രൈവറോട് പറഞ്ഞത് ഇതായിരുന്നു, 'ഒരുത്തൻ ഇത്ര നല്ലവനായാലും പ്രശ്‌നമാണ്'. ഇത്രയും ഭക്ഷണം ഉണ്ടാക്കി തന്നത് കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ അവനെ ചിരവയ്ക്ക് അടിച്ചേനെ എന്ന്', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ധ്യാനിനെ കുറിച്ച് ഇവിടുത്തെ മത്സരാർത്ഥികൾക്കും അത്തരമൊരു അഭിപ്രായമുണ്ടെന്ന് അപ്പോൾ മീര നന്ദൻ പറയുന്നുണ്ട്. ധ്യാൻ ആദ്യമായി അതിഥിയായിട്ടല്ലാതെ പങ്കെടുക്കുന്ന ടെലിവിഷൻ ഷോയാണ് കുക്ക് വിത്ത് കോമഡി. സോഷ്യൽമീഡിയയിലും ടെലിവിഷൻ പരിപാടികളിലും തിളങ്ങിയിട്ടുള്ള താരങ്ങളാണ് കുക്ക് വിത്ത് കോമഡിയിൽ മത്സരാർത്ഥികളായി എത്തുന്നത്. നെൽസൺ അടക്കമുള്ള ഹാസ്യ കലാകാരന്മാരും ഷോയുടെ ഭാഗമാണ്. സിനിമാ തിരക്കുകൾക്കിടയിലാണ് ധ്യാൻ ഷോയിൽ എത്തുന്നത്. നിരവധി സിനിമകൾ ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications