അഭിനയത്തില്‍ ഓവര്‍ ടേക്ക് ചെയ്യുമോ എന്ന ഭയം; അസൂയ കാരണം കമല്‍ഹാസന്‍ രഘുവരനെ അകറ്റി നിര്‍ത്തിയോ?
ധനുഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വിഐപി. ചിത്രത്തിലെ രഘുവരനെ ഇതുവരേയും വില്ലനായി മാത്രമല്ലേ കണ്ടിട്ടുള്ളൂ, ഇനി നായകനായി കാണാം എന്ന ഡയലോഗ് വലിയ ഹിറ്റായി മാറിയിരുന്നു. ധനുഷ് എന്ന താരത്തിന്റെ വിജയം മാത്രമായിരുന്നില്ല, രഘുവരന്‍ എന്ന വില്ലന്‍ സൃഷ്ടിച്ച ഇംപാക്ടിന്റെ കൂടി അടയാളപ്പെടുത്തലായിരുന്നു ആ ഡയലോഗ്. തെന്നിന്ത്യന്‍ സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട വില്ലന്മാരില്‍ ഒരാളാണ് രഘുവരന്‍.
അഭിനയം പഠിച്ച് സിനിമയിലെത്തിയ രഘുവരന്റെ തുടക്കം നാടകത്തിലൂടെയാണ്. പിന്നീടാണ് സിനിമയിലെത്തുന്നത്. നായകനായും സഹനടനായും അഭിനയിച്ചുവെങ്കിലും രഘുവരനെ താരമാക്കുന്നത് വില്ലന്‍ വേഷങ്ങളാണ്. ബാഷ, മുതല്‍വന്‍ തുടങ്ങിയ സിനിമകളിലെ രഘുവരന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ ഇന്നും സിനിമാ ലോകം ഓര്‍ത്തിരിക്കുന്നതാണ്. ഇനിയൊട്ട് മറക്കുകയുമില്ല.

അതേസമയം മലയാള ചിത്രം ദൈവത്തിന്റെ വികൃതികള്‍ മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ യാരടി നീ മോഹിനി വരെയുള്ള സിനിമകളിലൂടെ തന്റെ പ്രതിഭ അദ്ദേഹം കാണിച്ചു തന്നിരുന്നു. ഇതിനിടെ ഇപ്പോഴിതാ രഘുവരന്റെ ജീവിത കഥ പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ രഘുവരന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലുണ്ടായ താളപ്പിഴയെക്കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്.
അതേസമയം രജനീകാന്തും കമല്‍ഹാസനുമായി അദ്ദേഹത്തിന്റെ ബന്ധവും അഷ്‌റഫ് പങ്കുവെക്കുന്നുണ്ട്. ബാഷയടക്കമുള്ള രജനീകാന്ത് ചിത്രങ്ങളില്‍ അനശ്വര വില്ലന്‍ വേഷങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട് രഘുവരന്‍. എന്നാല്‍ കമലിനൊപ്പം രഘുവരന്‍ അഭിനയിച്ചിട്ടില്ല. അതേക്കുറിച്ചും വീഡിയോയില്‍ അഷ്‌റഫ് പരാമര്‍ശിക്കുന്നുണ്ട്.
''രജനീകാന്തിന് രഘുവരനോട് പ്രത്യേക സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നു. രജിനി തന്റെ പല ചിത്രങ്ങളിലും രഘുവരനെ കൂടെ ഉള്‍ക്കൊള്ളിച്ചു. പ്രാധാന്യമുള്ള വേഷങ്ങള്‍ നല്‍കി. എന്നാല്‍ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ നിന്നും രഘുവരനെ പലപ്പോഴും അകറ്റിനിര്‍ത്തുകയാണ് ചെയ്തത്. അതേക്കുറിച്ച് ചില മീഡിയയിലൂടെ കേള്‍ക്കാന്‍ സാധിച്ചത് അഭിനയ മത്സരത്തില്‍ തന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്ന ഭയമാണ്'' എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

നേരത്തെ ഇതേ ആരോപണം നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥനും ഉന്നയിച്ചിരുന്നു. 'രജനീകാന്തിനെ പോലെ രഘുവരനും തനിക്കുമേല്‍ വളരുമെന്ന അസൂയ കാരണം രഘുവരനൊപ്പം അഭിനയിക്കാന്‍ കമല്‍ ഹാസന്‍ തയ്യാറായില്ല. തന്നെക്കാള്‍ നന്നായി അഭിനയിക്കുന്നവര്‍ക്കൊപ്പം കമല്‍ ഹാസന്‍ അഭിനയിക്കാറില്ല. ഒരിക്കല്‍ പോലും തന്നെക്കാള്‍ കഴിവുള്ളവരുമായി കമല്‍ ഹാസന്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ടാണ് കമല്‍ ഹാസന്‍ തന്റെ ഒരു സിനിമകളിലും രഘുവരന് അവസരം നല്‍കാതിരുന്നത്.'' എന്നാണ് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ബയില്‍വാന്‍ ആരോപിച്ചത്.
മരിക്കുന്നത് വരെ രഘുവരന്‍ കമല്‍ ഹാസനോടൊപ്പം ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണെന്നും അന്ന് ബയില്‍വാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് ഒരു അഭിമുഖത്തില്‍ ബയില്‍വാന്റെ ഈ ആരോപണത്തിനെതിരെ രഘുവരന്റെ മുന്‍ ഭാര്യയും നടിയുമായ രോഹിണി രംഗത്തെത്തി. കമല്‍ സാര്‍ എത്രയോ പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച നടന്‍ കൂടിയാണ്. കമല്‍ സാറിന് രഘുവരനെ പേടിക്കേണ്ട കാര്യമില്ല. ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ലഭിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം എന്നാണ് അന്ന് രോഹിണി പറഞ്ഞത്. ബയില്‍വാന്റെ ആരോപണം കെട്ടടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ആലപ്പി അഷ്‌റഫ് നടത്തിയ പരാമര്‍ശവും ശ്രദ്ധ നേടുകയാണ്.


Click it and Unblock the Notifications











