ആ സിനിമയെ നശിപ്പിച്ചത് കേസും വഴക്കും, ഇന്നും കണ്ടിരിക്കാൻ ഇഷ്ട്ടമാണ്: ദിലീപ് പറയുന്നു
ദിലീപിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത്, 2004ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് വെട്ടം. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഭാവ്ന പാനി നായികയായെത്തിയ ചിത്രം, ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കോമഡി ചിത്രങ്ങളിൽ ഒന്നാണ്. ഒപ്പം, വെട്ടത്തിലെ പാട്ടുകളും ഇന്നും ആസ്വാദകർക്ക് വളരെ പ്രിയപ്പെട്ടവയാണ്. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ ഏറ്റവും അവിശ്വസനീയമായ കാര്യം, ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ദിലീപ് ചിത്രം, ആ കാലത്ത് ബോക്സ് ഓഫീസിൽ ഒരു കനത്ത പരാജയമായിരുന്നു എന്നതാണ്.
മലയാള സിനിമയിലെ ഒട്ടു മിക്ക പ്രമുഖ താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, ഒരു വലിയ താരനിരയുമായി എത്തിയ പ്രിയദർശൻ ചിത്രത്തിന് തീയറ്ററുകളിൽ അധികം നാൾ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. എന്നാൽ, വെട്ടം പരാജയപ്പെട്ടത് പ്രേക്ഷകർ ആ സിനിമയെ സ്വീകരിക്കാഞ്ഞിട്ടല്ല, മറിച്ച് ആ സിനിമയെ തീയറ്ററുകളിൽ പ്രദർശനം തുടരാൻ അനുവദിക്കാത്ത സാഹചര്യം ഉണ്ടായതു കൊണ്ടാണെന്ന് ഒരിക്കൽ ദിലീപ് വെളിപ്പെടുത്തിയിരുന്നു.

"അസുഖമുണ്ടായിരുന്നെന്ന് മമ്മൂക്കയ്ക്കറിയാം, ഫാൻസിന് ഇഷ്ടമായില്ല"; സന്തോഷ വാർത്തയ്ക്ക് പിന്നാലെ ചർച്ച
തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ് വെട്ടം എന്നും, ഇപ്പോഴും പ്രിയദർശൻ ചിത്രം ടിവിയിൽ വന്നാൽ അത് കണ്ടിരിക്കാറുണ്ടെന്നും ദിലീപ് മുൻപ് യെസ് 27 യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. "എത്ര ലെജൻഡ്‌സ് ഉള്ള സിനിമയാണ് അത്, വെട്ടം. എത്രയോ തവണ ഞാൻ തന്നെ കണ്ട് ഇരുന്നു ചിരിച്ചിട്ടുണ്ടെന്ന് അറിയാമോ? എത്ര ആർട്ടിസ്റ്റ്‌സ് ഉണ്ട്, ഹനീഫിക്ക (കൊച്ചിൻ ഹനീഫ) ഒക്കെ ഒരു വീഴ്ചയൊക്കെ ഇല്ലേ, മുകളിൽ നിന്ന് പത്രമൊക്കെ വായിച്ചിട്ട്, അമ്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) കൊള്ളാൻ നടക്കുന്ന ആള്, എന്തോരം കണ്ടു ചിരിച്ചെന്ന് അറിയാമോ," നടൻ പറഞ്ഞു.
"സ്ക്രിപ്റ്റിൽ ഭയങ്കര കണക്ഷൻ ഉള്ള സിനിമയാണത്. വെട്ടം പോലെ ഒരു സിനിമയുടെ ഭാഗമാവാൻ സാധിച്ചത് വലിയ ഭാഗ്യമാണ്," താരം കൂട്ടിച്ചേർത്തു. "വെട്ടം തീയറ്ററിൽ വന്ന സമയത്ത്, പ്രൊഡ്യൂസർ ഉൾപ്പെട്ട ഒരു കേസിന്റെ വിഷയത്തിൽ പെട്ടെന്ന്, രണ്ടാമത്തെ ആഴ്ച്ച തന്നെ ആ പടം എടുത്തു പോയി. ആ പടം തീയറ്ററിൽ ഓടിയതേയില്ല എന്ന് അവസ്ഥയുണ്ടായിരുന്നു. ആ കേസും വഴക്കും ആ സിനിമയെ നശിപ്പിച്ചു കളഞ്ഞു," വലിയ വിഷമത്തോടെ ദിലീപ് വെളിപ്പെടുത്തി.

നിർമ്മാതാവ് സുരേഷ് കുമാർ ഉൾപ്പെട്ട ഒരു കേസ് ആണ് വെട്ടം എന്ന സിനിമയെ തീയറ്ററുകളിൽ പ്രദർശനം തുടരാൻ അനുവദിക്കാതിരുന്നത്. എറണാകുളം ഷേണായിസ് തീയറ്റർ ഉടമ, നിർമാതാവ് തനിക്ക് 60 ലക്ഷം രൂപയോളം തരാനുണ്ടെന്ന് കാണിച്ചു ജില്ലാ കോടതിയെ സമീപിച്ചിരുന്നു. അതോടെ, വെട്ടം പ്രദർശനങ്ങൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മറ്റു വിതരണക്കാർ കൂടി സുരേഷ് കുമാറിന് എതിരെ തിരിഞ്ഞപ്പോൾ പല തീയറ്ററുകളിൽ നിന്നും ചിത്രം ഉടൻ തന്നെ ഒഴിവാക്കപ്പെട്ടു. വെട്ടം നിർമ്മിച്ച വകയിൽ അന്ന് നിർമാതാവിന് നഷ്ടമായത് ഏതാണ്ട് 2 കോടി രൂപയാണ്. ഒപ്പം, ദിലീപ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം പോലും സുരേഷ് കുമാറിന് കൊടുത്തു തീർക്കാൻ കഴിഞ്ഞിരുന്നില്ല.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.youtube.com/@sreemoviesmusic6567, https://www.instagram.com/akdfwa_wayanad_official/, Amazon Prime Video, എന്നീ പേജുകളിൽ നിന്നു എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











