അതൊക്കെ പേഴ്സണലി ബാധിച്ചു, വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു; രസികൻ താരം ഹരി
ചെറിയ വേഷങ്ങളിലൂടെയും ഒറ്റ സീനിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഹരി പ്രസന്ന മുരളി. സ്വന്തം പേരിനേക്കാൾ രസികനിലെ ഉണ്ണിക്കുട്ടൻ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് താരത്തെ മനസിലാവുക. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ ചെറിയ വേഷത്തിൽ എത്തി കയ്യടി നേടിയ ഹരിക്ക് സോഷ്യൽമീഡിയ നൽകിയ പേരാണ് ഉണ്ണിക്കുട്ടൻ എന്നത്.
'ഉള്ളീന്ന് വരണം... ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ... ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ' എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. ആ കുഞ്ഞ് വികൃതി പയ്യന് ദിലീപിന്റെ കഥാപാത്രം ഇട്ട പേരും ഹിറ്റായി, 'കടവാവൽ'. രസികന് പുറമെ മാടമ്പി, ഡോൺ, അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിലും കുട്ടിച്ചാത്തൻ, മാംഗല്യം പോലുള്ള പരമ്പരകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. രസികന് ശേഷം ഹരി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മാംഗല്യം പരമ്പരയിലെ അപ്പൂസ് എന്ന കഥാപാത്രത്തിലൂടെയാണ്.

ഇന്നും സോഷ്യൽ മീഡിയയിൽ ഈ വേഷങ്ങൾ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറേവർഷങ്ങളായി അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ് ഹരി മുരളി. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഹരി മനസുതുറന്നത്.
'ഞാൻ പതിനഞ്ചാം വയസ്സിൽ അഭിനയം നിർത്തിയതാണ്. അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. വിഷ്ണു ചേട്ടനും ബിബിൻ ചേട്ടനുമായുള്ള ബന്ധത്തിന്റെ പേരിൽ അമർ അക്ബർ അന്തോണിയിൽ ഒരു വേഷം ചെയ്തു. പഠിച്ചതൊക്കെ ബാംഗ്ലൂരിലാണ്. അതിനു ശേഷം ജോലിയുമായി ബന്ധപ്പെട്ടു യുഎഇലേക്കു പോയി. ഇപ്പോൾ നാട്ടിൽ തന്നെയുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റാണ്. എഡിറ്റിങ്ങും എഴുത്തും ഒക്കെയാണ് എന്റെ ഇപ്പോഴത്തെ പരിപാടി', ഹരി പറയുന്നു.
സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം പഠനം മാത്രമായിരുന്നില്ല, മറ്റു ചിലതു കൂടിയുണ്ടായിരുന്നു എന്നും ഹരി പറഞ്ഞു. 'സോഷ്യൽ മീഡിയ അത്ര പരിചിതമല്ലാത്ത കാലത്താണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. അതും നാലര വയസ്സിൽ. സീരിയലിൽ അഭിനയിക്കുന്നതു കൊണ്ടു ആളുകൾക്കു എന്റെ മുഖം പരിചിതമായിരുന്നു. ഇത് പേഴ്സണലി എന്നെ ബാധിച്ചിരുന്നു',

'വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു. സ്കൂളിൽ പോയാലും കുട്ടികൾ സംസാരിക്കാതെ മാറി നിൽക്കും. എന്നെ വേറെ എന്തോ ആയിട്ടാണ് കുട്ടികളൊക്കെ കണ്ടത്. ചിലപ്പോൾ അവർക്കു അഭിയിക്കുന്ന ആളാണ്, ജാഡയായിരിക്കും എന്ന തോന്നലിൽ നിന്നും ഉണ്ടായ പേടിയും മടിയുമൊക്കെ ആയിരുന്നിരിക്കാം',
'ട്രെയിനിലൊക്കെ പോകുമ്പോൾ ആളുകൾ അടുത്തു വന്ന് സീരിയൽ കാണാറുണ്ട് നല്ല അഭിനയമാണെന്നൊക്കെ പറയുമ്പോൾ എന്നോട് മാത്രം എന്തിനാണ് ആളുകൾ ഇങ്ങനെ സംസാരിക്കുന്നതെന്ന തോന്നലായിരുന്നു. കാരണം, ഇതൊന്നും ഹാൻഡിൽ ചെയ്യാൻ പറ്റുന്ന പ്രായമായിരുന്നില്ല അന്ന്. ഇതുകൊണ്ടൊക്കെ ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം ഞാൻ സ്വയം എടുക്കുകയായിരുന്നു. അങ്ങനെയാണ് കരിയറിൽ വലിയൊരു ബ്രേക്ക് വന്നത്', ഹരി പറഞ്ഞു.
നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിലേക്കു തിരിച്ചു വരാൻ തന്നെയാണ് തീരുമാനമെന്നും ഹരി വ്യക്തമാക്കി. നല്ല റോളുകൾ നോക്കി മാത്രമേ കാരക്ടർ സിലക്ട് ചെയ്യൂ. ആളുകൾ ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. അത് ഇല്ലാതാക്കരുത് എന്നാണ് ആഗ്രഹമെന്നും ഹരി മുരളി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











