യുദ്ധത്തിനിടെ ഫഹദും നദിയ മൊയ്തുവും; കാനഡയിലെ ഷൂട്ടിംഗ് സാഹസികത നിറഞ്ഞത്: അശ്വതി വി നായർ
എം.ടി വാസുദേവൻ നായരുടെ കഥകളെ ആസ്പതമാക്കി 8 സംവിധായകർ ഒരുമിച്ച് ചെയ്യുന്ന ആന്തോളജിയാണ് മനോരഥങ്ങൾ. കൊറോണക്കാലത്ത് ഷൂട്ട് ചെയ്ത ചിത്രമാണിത്. കമൽഹാസൻ മുതൽ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും അങ്ങനെ നിരവധി ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. ചിത്രത്തിന്റെ റിലീസിനു മുന്നേ വലിയ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ട്രെയിലർ ലോഞ്ചിനിടെ ആസിഫ് അലി രമേഷ് നാരയൺ വിവാദം വലിയ ചർച്ചാ വിഷയമായതാണ്.
മനോരഥങ്ങളിൽ ഷൂട്ട് ചെയ്യാൻ ഏറ്റവും റിസ്ക് ഉണ്ടായിരുന്നത് മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ചെയ്ത 'ഷെർലൊക്ക്' എന്ന ചിത്രമായിരുന്നു. ആ എപ്പിസോഡ് ഉക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിൽ കാനഡയിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. അത്രയും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഇങ്ങനെ സിനിമ ഷൂട്ട് ചെയ്യുന്നത് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന വിഷയമാണ്. മനോരഥങ്ങളെ കുറിച്ചും അതിലെ ഷെർലൊക്ക് ഷൂട്ടിംഗിനെ കുറിച്ചും സംവിധായകയും എം.ടി വാസുദേവൻ നായരുടെ മകളുമായ അശ്വതി വി നായർ മൈൽസ്റ്റോൺ മെയ്ക്കേഴ്സിലൂടെ സംസാരിക്കുന്നു.

"ഏറെ ചാലഞ്ചിംഗ് ആയിരുന്നു ഷെർലൊക്കിന്റെ ഷൂട്ടിംഗ്. സത്യത്തിൽ യുദ്ധം തുടങ്ങുന്നതിനൊക്കെ മുന്നേ ആയിരുന്നു കാനഡയിലേക്ക് പോകേണ്ടിയിരുന്നത്. പക്ഷേ വിസ പ്രോസസിംഗ് അൽപം വൈകി. അവസാനം വിസ ശരിയായി വന്നപ്പോഴാണ് യുദ്ധം തുടങ്ങിയത്. അങ്ങനെ വീണ്ടും യാത്രക്ക് തടസ്സം വന്നു. ഇതിൽ ഞങ്ങൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ഫഹദിന്റെ ഡെയ്റ്റ് ആയിരുന്നു. ആ സമയത്ത് വിക്രം, പുഷ്പ എന്നീ സിനിമകൾ ഫഹദ് ചെയ്യുന്ന സമയമായിരുന്നു. അതിനിടയിൽ ഈ ചിത്രത്തിനായി 12 ദിവസം ഫഹദ് തന്നു."
"എന്നാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയിൽ പെട്ടുപോവുമോ എന്നു പോലും ചിന്തിച്ചു. പിന്നീട് ഒരുപാട് ബുദ്ധിമുട്ടി ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ എല്ലാം ശരിയാക്കി." അശ്വതി വി നായർ പറഞ്ഞു. യുദ്ധം നടക്കുന്നുണ്ടായിരുന്നെങ്കിൽ പോലും കാനഡയിൽ അത്ര വലിയ പ്രശ്നങ്ങൾ ബാധിച്ചിരുന്നില്ല. എന്നാൽ കാലവസ്ഥ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് അശ്വതി കൂട്ടിച്ചേർത്തു.
ഷൂട്ടിംഗ് നടന്നത് ശൈത്യകാലത്തായിരുന്നു. അതിനാൽ തണുപ്പ് വളരെ കൂടുതലായിരുന്നു. പിന്നെ റോഡിൽ ഷൂട്ട് ചെയ്യുമ്പോൾ പലതരം അപകടങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ അവിടുത്തെ ലോക്കൽ ഗവൺമെന്റിന്റെ സഹകരണം പൂർണമായും ലഭിച്ചിരുന്നു. അശ്വതി വി നായർ വിശദീകരിച്ചു. ഷെർലൊക്ക് പൂർണമായും കാനഡയിൽ ഷൂട്ട് ചെയ്ത ചിത്രമാണ്. ഫഹദിനൊപ്പം നാദിയ മൊയ്തുവാണ് പ്രധാന വേഷത്തിൽ ഷെർലൊക്കിൽ അഭിനയിക്കുന്നത്.

തൊഴിൽ തേടി ബാലു എന്ന ചെറുപ്പക്കാരൻ അമേരിക്കയിലെ തന്റെ ചേച്ചിയുടെ വീട്ടിൽ എത്തുന്നു. അവിടെ അവരുടെ വളർത്തുപൂച്ചയാണ് ഷെർലക്ക്. രാവിലെ ചേച്ചിയും ഭർത്താവും ജോലിക്ക് പോകും. ഷെർലക്കും ബാലുവും മാത്രമാണ് പിന്നീട്. ഇടയ്ക്ക് എപ്പോഴോ ഷെർലക്ക് തന്റെ ജീവിതത്തിന് തടസമാകുന്നു എന്ന തോന്നൽ ബാലുവിന് അനുഭവപ്പെടുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാലു എന്ന വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. സഹോദരിയായി എത്തുന്നത് നദിയ മൊയ്തുവും. ഇരുവരും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
പ്രിയദർശൻ, രഞ്ജിത്ത്, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ, അശ്വതി വി നായർ, ജയരാജ്, സന്തോഷ് ശിവൻ, രതീഷ് അമ്പാട്ട്, സന്തോഷ് ശിവൻ എന്നിവരാണ് ഓരോ ചെറുകഥകളെയും ദൈർഘ്യം കുറഞ്ഞ ഓരോ സെഗ്മന്റുകളാക്കിയത്. അതിൽ പ്രിയദർശൻ രണ്ടു കഥകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രം സീ ഫൈവിലൂടെ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും.


Click it and Unblock the Notifications











