'സുന്ദരനും ക്യൂട്ടുമായിരുന്നു കസാൻ, 55 ൽ താഴേ പ്രായമേ ഉണ്ടാവൂ; അദ്ദേഹം ആഗ്രഹിച്ചത്..!'; ജോണി ആന്റണി പറയുന്നു
തെന്നിന്ത്യന്‍ സിനിമകളിൽ ഒട്ടേറെ വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ കസാന്‍ ഖാന്റെ വിയോഗവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മലയാളികൾക്ക് പേര് കൊണ്ട് അത്ര പരിചിതനല്ലെങ്കിലും സിഐഡി മൂസയിലെ സുന്ദരനായ വില്ലനെന്ന് പറഞ്ഞാൽ തിരിച്ചറിയാത്തവർ ആരുമുണ്ടാകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമകളിൽ നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു കസാൻ ഖാൻ. അപ്രതീക്ഷിതമായാണ് നടന്റെ വിയോഗവാർത്ത പ്രേക്ഷകരെ തേടിയെത്തുന്നത്.
പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻഎം ബാദുഷയാണ് മരണവിവരം ആദ്യം പങ്കുവെച്ചത്. പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർ നടന് ഫേസ്ബുക്കിലൂടെ ആദരാജ്ഞലി അർപ്പിച്ചെത്തി. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. 1992 മുതൽ സിനിമയിൽ സജീവമായിരുന്ന കസാൻ ഖാൻ മലയാളത്തിൽ നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് സിഐഡി മൂസയിലൂടെയാണ്.

ഇപ്പോഴിതാ നടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സിഐഡി മൂസയുടെ സംവിധായകനായ ജോണി ആന്റണി. ബോംബെയിൽനിന്നു വരുന്ന വില്ലൻ കഥാപാത്രങ്ങളല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ പരിഗണിക്കണമെന്ന് കസാൻ ഖാൻ ആഗ്രഹിച്ചിരുന്നെന്നും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് ജോണി ആന്റണി പറയുന്നു. കാഴ്ചയിൽ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ സാധുവായിരുന്നെന്നും മനോരമ ഓൺലൈന് നൽകിയ പ്രതികരണത്തിൽ ജോണി ആന്റണി പറഞ്ഞു.
അച്ചടക്കമുള്ള താരമായിരുന്നു കസാൻ ഖാൻ. പുറത്തുനിന്നു വരുന്ന താരമായതുകൊണ്ട് അദ്ദേഹത്തിന്റെ ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും. പക്ഷേ സാധുവാണെന്ന് അടുത്തറിഞ്ഞാൽ മാത്രമേ മനസ്സിലാകൂ. ബോംബെയിൽ നിന്ന് വരുന്ന വില്ലൻ, ബോംബ് വയ്ക്കുന്ന വില്ലൻ അങ്ങനെയുള്ള വേഷങ്ങളിൽ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ കാസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറയുമായിരുന്നു.
നിങ്ങളുടെ ലുക്ക് ഇതല്ലേ. നിങ്ങളെ പിടിച്ച് റബർ വെട്ടുകാരനോ തെങ്ങുകയറ്റക്കാരനോ ചായക്കടക്കാരനോ ആക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു അന്ന് നൽകിയ മറുപടിയെന്നും ജോണി ആന്റണി ഓർത്തു. സുന്ദരനും ക്യൂട്ടുമായിരുന്നു കസാൻ. ഇരുപത് വർഷം മുൻപാണ് താൻ സിഐഡി മൂസ ചെയ്തത്. അത് കഴിഞ്ഞ് 2013 ൽ മാസ്റ്റേഴ്സ് എന്ന സിനിമയിൽ വന്നപ്പോഴും കുറച്ചു തടിച്ചു എന്നല്ലാതെ രൂപത്തിന് ഒരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ലെന്ന് ജോണി ആന്റണി പറഞ്ഞു.
ജീവിതത്തിൽ നല്ല അച്ചടക്കം പാലിച്ചിരുന്നു. ദിലീപിനെ വിളിച്ച് അദ്ദേഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ 'അയ്യോ ചേട്ടാ അദ്ദേഹം മരിച്ചുപോയല്ലോ, കഷ്ടമായിപ്പോയി' എന്നാണ് പറഞ്ഞത്. അടുത്തറിയാവുന്ന എല്ലാവർക്കും നല്ലൊരു ഓർമയാണ് അദ്ദേഹം, ജോണി ആന്റണി പറയുന്നു.

നോർത്ത് ഇന്ത്യൻ ലുക്കുള്ള വില്ലൻ എന്നു പറയുമ്പോഴേ എല്ലാവരുടെയും മനസ്സിൽ വരുന്നയാൾ കസാൻ ഖാൻ ആയിരുന്നെന്നും ജോണി ആന്റണി പറഞ്ഞു. നന്നായി സഹകരിക്കുമായിരുന്നു. സംവിധായകന് പറ്റിയ താരമായിരുന്നു അദ്ദേഹം. കിട്ടുന്ന റോൾ വളരെ രസകരമായി ചെയ്യും. ഫൈറ്റ് ചെയ്യുമ്പോൾ നല്ല ടൈമിങ് ആയിരുന്നു. അൻപത്തിയഞ്ചിൽ താഴേ പ്രായമേ അദ്ദേഹത്തിന് ഉണ്ടാകൂ. വളരെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും ജോണി ആന്റണി പറഞ്ഞു.
1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് എത്തുന്നത്. ഗാന്ധർവ്വം ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. പിന്നീട് ദ കിങ്, വർണ്ണപ്പകിട്ട്, ജനാധിപത്യം, സിഐഡി മൂസ, ദ ഗ്യാങ്, പ്രിയമാനവളെ, ഡ്രീംസ്, രത്ന, മുസ്തഫ, രാജാധിരാജ, മായാമോഹിനി, ക്രിസ്ത്യൻ ബ്രദേഴ്സ്, ഇവൻ മര്യാദരാമൻ, തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൈല ഓ ലൈലയിലാണ് കസാൻ ഖാൻ ഒടുവിൽ അഭിനയിച്ചത്.


Click it and Unblock the Notifications











