ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ചുള്ള സിനിമ ആലോചിച്ചു, നടക്കാതെ പോയതിന് കാരണമത്; സംവിധായകൻ പറയുന്നു
മലയാളത്തിലെ ഏറ്റവും വലിയ സിനിമാ കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടർന്ന് മക്കളും അവർക്ക് പിന്നാലെ മരുമക്കളും കൊച്ചുമക്കളുമെല്ലാം ഇന്ന് സിനിമയിൽ സജീവമാണ്. ഒരു സിനിമ ചെയ്യാൻ ആവശ്യമായ എല്ലാ ആളുകളും ഇന്ന് ആ കുടുംബത്തിലുണ്ട്. മലയാള സിനിമയിൽ ഇന്ന് ആർക്കും നിഷേധിക്കാനാവാത്ത ഇടമുണ്ട് സുകുമാരന്റെ മക്കൾക്ക്. സുകുമാരനേക്കാൾ വലിയ താരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ദ്രജിത്തും പൃഥ്വിരാജും.
നാളെ മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളായി പൃഥ്വിരാജും ഇന്ദ്രജിത്തും മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് ഇതിനകം തന്നെ പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായി പേരെടുത്തിട്ടുണ്ട്. ഇന്ദ്രജിത് അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ. അഭിനയം, സംവിധാനം, നിർമാണം വിതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും പൃഥ്വിരാജ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ഈ വളർച്ചയുടെ പിന്നിലെ പ്രധാന ശക്തി അമ്മ മല്ലിക സുകുമാരൻ തന്നെയാണ്. ഇരുവരും പഠിക്കുന്ന സമയത്തായിരുന്നു സുകുമാരന്റെ അപ്രതീക്ഷിത വിയോഗം. അവിടെ നിന്നിങ്ങോട്ട് രണ്ടു മക്കളെയും പഠിപ്പിച്ച് വലുതാക്കിയതും സിനിമയിലേക്ക് വരാൻ പിന്തുണച്ചതുമെല്ലാം മല്ലിക സുകുമാരൻ എന്ന അമ്മയാണ്. തുടക്കകാലത്ത് രണ്ടു മക്കളുടെയും സിനിമാ കാര്യങ്ങളിൽ പോലും മല്ലിക സുകുമാരന്റെ ഇടപെടലുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഒരുസമയം വരെ ഇരുവരുടെയും പ്രതിഫല കാര്യങ്ങൾ വരെ നോക്കിയിരുന്നത് മല്ലിക സുകുമാരൻ തന്നെയായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ കല്ലയം കൃഷ്ണദാസ്. ഇന്ദ്രജിത്തിനെ നായകനാക്കി സിനിമ ചെയ്യാൻ ആലോചിച്ചിട്ട് അത് നടക്കാതെ പോയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിനെയും സിനിമയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചെങ്കിലും പ്രതിഫലമാണ് പ്രശ്‌നമായതെന്ന് അദ്ദേഹം പറയുന്നു.
'സുകുമാരന്റെ മക്കൾ എന്ന നിലയിൽ അല്ല, അവർ രണ്ടുപേർക്കും നല്ല ആർട്ടിസ്റ്റുകൾ എന്ന നിലയിൽ പേരും പ്രശസ്തിയും വന്ന ശേഷമാണ് കഥയുമായി ചെല്ലുന്നത്. ഇന്ദ്രജിത് വളരെ താല്പര്യത്തോട് കൂടി തന്നെയാണ് കഥ കേട്ടത്. സുകുമാരനുമായുള്ള പരിചയം പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അറിയാം ചേട്ടാ എന്നൊക്കെ പറഞ്ഞ് വളരെ ബഹുമാനമായിരുന്നു. സംസാരിച്ച ശേഷം പടം ചെയ്യാമെന്ന രീതിയിലൊക്കെ വന്നു. പിന്നീട് വീട്ടിൽ പോയി മല്ലികയുമായി സംസാരിച്ചു,'
'പൃഥ്വിരാജിനെ കൂടി ഉൾപ്പെടുത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. സുകുമാരന്റെ രണ്ടു മക്കൾ എന്ന് പറഞ്ഞാൽ അവർ ജ്വലിച്ച് നിൽക്കുന്ന സൂപ്പർ സ്റ്റാറുകൾ അല്ലേ. അവരെ ഒരുമിച്ച് വെച്ചൊരു സിനിമ ചെയ്യുക എന്നത് വലിയ കാര്യമല്ലേ. ഒരാൾ തയ്യാറാണെന്ന് മനസിലായി. എന്നാൽ നിർമാതാവുമായി സംസാരിച്ചു വന്നപ്പോൾ പ്രതിഫലം അവർക്ക് പോരാതെ വന്നു. അവർ നേരിട്ട് അല്ല സംസാരിച്ചത്. മല്ലിക ചേച്ചിയുമായിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്. അതോടെ പ്രോജക്റ്റ് നടക്കാതെ വന്നു,'

'ഒരുസമയം വരെ മല്ലിക ചേച്ചിയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇപ്പോൾ അവർ ഇൻഡിപെൻഡന്റ് ആയല്ലോ. അവർ തന്നെയാകും നോക്കുന്നത്. അന്ന് പൃഥ്വിരാജിനെ കാണാൻ പറ്റിയിരുന്നില്ല. ഏതെങ്കിലും വഴിയൊക്കെ അവരെ വെച്ചൊരു സിനിമ സാധ്യമാകുമായിരുന്നു. എന്നാൽ അതിന് തയ്യാറായ ഒരു നിർമാതാവ് വേണമായിരുന്നു. അതിന് പറ്റുന്ന ബഡ്ജറ്റ് വേണമായിരുന്നു', കല്ലയം കൃഷ്ണദാസ് പറഞ്ഞു
നിലവിൽ ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ് പൃഥ്വിരാജ്. സലാർ അടക്കമുള്ള ചിത്രങ്ങൾ പൃഥിരാജിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ റാം, തമിഴിൽ മോഹൻദാസ് തുടങ്ങിയ സിനിമകളാണ് ഇന്ദ്രജിത്തിന്റേതായി അണിയറിൽ ഉള്ളത്. സിനിമയും സീരിയലുമൊക്കെയായി മല്ലിക സുകുമാരനും അഭിനയത്തിൽ സജീവമാണ്.


Click it and Unblock the Notifications