നായികയായി അഭിനയിക്കേണ്ടത് ഒരു കന്നട നടിയായിരുന്നു; അവരെ ഒഴിവാക്കേണ്ടി വന്നതിനു കാരണം: കമൽ
അഴകിയ രാവണൻ എന്ന ചിത്രം മലയാള സിനിമയിലെ ഹിറ്റായിരുന്നു. മഴയെത്തും മുൻപേക്കു ശേഷം കമൽ- ശ്രീനിവാസൻ- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചു എന്ന പ്രത്യേകതയും അഴകിയ രാവണനുണ്ട്. ചിത്രത്തിന്റെ ടൈറ്റിലിൻ്റെ പേരിൽ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ അവസാനം അഴകിയ രാവണൻ എന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. അഴകിയ രാവണന്റെ വിശേഷങ്ങളും സിനിമയിലെ നായികയെ കുറിച്ചും കൗമുദി മൂവീസിലൂടെ സംവിധായകൻ കമൽ പറയുന്നു.
"ഈ ചിത്രത്തിലെ നായികയായി അഭിനയിച്ച ഭാനുപ്രിയ അഴകിയ രാവണലിലേക്ക് എത്തിയതിനു പിന്നിലും വലിയൊരു കഥയുണ്ട്. ഭാനുപ്രിയയുടെ കഥാപാത്രത്തിനു വേണ്ടി ആദ്യം മാലശ്രീ എന്ന കന്നട നടിയെ ആയിരുന്നു തീരുമാനിച്ചത്. മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു മാലശ്രീയിൽ എത്തിയത്. മമ്മൂക്ക മാലശ്രീക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന് ഒരുപാട് വിശ്വാസവുമുണ്ടായിരുന്നു. അങ്ങനെ മാലശ്രീയെ കാണാൻ നേരിട്ടു പോയി സംസാരിച്ചു. അവരും താത്പര്യം പ്രകടിപ്പിച്ചു."

ഏകദേശം 2 മാസത്തിനു ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസമാണ് മാലശ്രീ ലൊക്കേഷനിൽ എത്തുന്നത്. എന്നാൽ തനിക്ക് ഇപ്പോൾ അൽപം വണ്ണം കൂടിയെന്ന് അതിനു മുന്നേ നിർമ്മാതാവിനോട് മാലശ്രീ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ അത് കമലിനോട് പറയാൻ അദ്ദേഹം വിട്ടുപോയി. അവസാനം മാലശ്രീ ലൊക്കേഷനിൽ എത്തിയപ്പോൾ എല്ലാവരും ഞെട്ടി. അവർക്ക് ഇതിനിടയിൽ ഒരു അപകടത്തെ തുടർന്ന് ട്രീറ്റ്മെന്റ് ചെയ്തതിനിടെ വല്ലാതെ വണ്ണം വെച്ചു. അനുരാധ എന്ന കഥാപാത്രമായി അവർ ഒട്ടും മാച്ചിംഗ് അല്ലെന്ന് എല്ലാവർക്കും മനസിലായി.
അവരെ ഈ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിക്കില്ലെന്ന് ആർക്കും പറയാനും സാധിക്കാത്ത അവസ്ഥയായി. അങ്ങനെ അവസാനം അന്നത്തെ ചില ഷോട്ടുകൾ എടുത്ത് രാത്രിയായപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ സച്ചിദാനന്ദൻ അവരോട് കാര്യം പറയാൻ പോയി. എന്നാൽ അവർക്ക് സംവിധായകനോട് സംസാരിക്കണമെന്ന് പറഞ്ഞു. അവസാനം കമൽ അവരുടെ മുറിയിലേക്ക് ചെന്നു. "എനിക്ക് ആദ്യമേ മനസിലായി എന്റെ രൂപം ഈ കഥാപാത്രത്തിന് ഒട്ടും ചേരില്ലെന്ന്. ഒരു സിനിമയിൽ ആ കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത ഒരു അഭിനേതാവിനേയും കാസ്റ്റ് ചെയ്യരുത്.

അതിനാൽ എനിക്ക് ഒരു വിഷമവുമില്ല. ഞാൻ നാളെ തന്നെ പോവാം എന്ന് അവർ പറഞ്ഞു." ഇത് കേട്ടയുടൻ കമലിന് വല്ലാതെ വിഷമം ഉണ്ടായി. ഏകദേശം 150ൽ പരം സിനിമകൾ കന്നടയിൽ ചെയ്തിട്ടുള്ള നായികയാണ്. മാത്രമല്ല ഒരു വർഷം ഏറ്റവും കൂടുതൽ സിനിമ ചെയ്ത നായിക എന്ന റെക്കോർഡും മാലശ്രീയുടെ പേരിലുണ്ട്. കമലിന് വല്ലാത്ത വിഷമമായി. ഇങ്ങനെയൊരു മറുപടി ആ നായികയിൽ നിന്നും കമൽ പ്രതീക്ഷിച്ചില്ല. ഇത്തരത്തിൽ ഒരു നായിക പറയുമെന്ന് ആരും വിശ്വസിക്കില്ല.
അവർക്ക് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാൽ റിലീസ് ചെയ്യുമ്പോൾ ഒന്ന് അറിയിക്കണമെന്നും കമലിനോട് പറഞ്ഞു. ഒപ്പം അവരുടെ ഒരു ആഗ്രഹവും അറിയിച്ചു. പോവുന്നതിനു മുന്നേ ഒരു ഫോട്ടോ എല്ലാവർക്കുമൊപ്പം എടുക്കണമെന്ന്. അന്ന് ഫോട്ടോ എടുത്തതിനു ശേഷമാണ് അവർ തിരിച്ചു പോയത്. പിന്നീടാണ് ഭാനുപ്രിയ വരുന്നത്. ആദ്യം കമലിന്റെ മനസിൽ ഉണ്ടായിരുന്നതും ഭാനുപ്രിയ തന്നെയായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ അത് വേണ്ട എന്ന് വെച്ചിരുന്നു. അവസാനം ഭാനുപ്രിയ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.


Click it and Unblock the Notifications