രവീന്ദ്രൻ മാസ്റ്ററും നിർമ്മാതാവും തമ്മിൽ തർക്കമുണ്ടായി; മമ്മൂട്ടിയാണ് അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിച്ചത്: കമൽ
മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ. മമ്മൂട്ടി, ശ്രീനിവാസൻ, ഭാനുപ്രിയ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ അതിമനോഹര ചിത്രം തന്നെയാണിത്. മലയാള സിനിമയിലെ സ്ഥിരം ശൈലിയെ പൊളിച്ചെഴുതിയ കഥയായിരുന്നു അഴകിയ രാവണനിൽ ഉണ്ടായിരുന്നത്. ചിത്രത്തിലെ പാട്ടുകളും വളരെ ഹിറ്റായിരുന്നു. പാട്ടുകളെ കുറിച്ച് സംവിധായകൻ കമൽ കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.
"മഴയെത്തും മുൻപേ കഴിഞ്ഞയുടൻ ഞാനും ശ്രീനിവാസനും ചെയ്യുന്നത് അഴകിയ രാവണനാണ്. ഈ ചിത്രത്തിന്റെ മ്യൂസിക്ക് ചെയ്യാനിരുന്നത് രവീന്ദ്രൻ മാസ്റ്ററായിരുന്നു. എന്നാൽ അദ്ദേഹത്തിനും നിർമ്മാതാവിനും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. നിർമ്മാതാവിന് മറ്റൊരു സംഗീത സംവിധായകനെ വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ വേറെ ഒരാളെ പരീക്ഷിക്കാൻ വേണ്ടി തേടിയപ്പോഴാണ് മമ്മൂക്ക വിദ്യാസാഗറിന്റെ പേര് പറയുന്നത്. അത് കേട്ടപ്പോൾ എനിക്കും സമ്മതമായിരുന്നു. കാരണം അദ്ദേഹത്തെ എനിക്കും അറിയാമായിരുന്നു." കമൽ പറഞ്ഞു.

വിദ്യാസാഗർ ആ സമയത്ത് തെലുഗ്, തമിഴ് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 54ാമത് ചിത്രവും ആദ്യ മലയാള സിനിമയുമായിരുന്നു അഴകിയ രാവണൻ. മലയാളികൾക്ക് വേറിട്ട അനുഭവമായിരുന്നു ആ സിനിമയും അതിലെ പാട്ടുകളും. ചിത്രത്തിലെ പാട്ടുകളെല്ലാം വമ്പൻ ഹിറ്റായിരുന്നു. കരിയറിലെ ആദ്യ സ്റ്റേറ്റ് അവാർഡ് കേരളത്തിൽ നിന്ന് അതും അഴകിയ രാവണനിലൂടെയാണ് അദ്ദേഹം കരസ്ഥമാക്കിയത്.
വിദ്യാസാഗറിനെ മലയാളത്തിലേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. ചിത്രത്തിലെ പാട്ട് കമ്പോസ് ചെയ്യുന്നതിനു മുന്നേ വിദ്യാസാഗറിനു വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാള പാട്ടുകളുടെ ശൈലി വിശദീകരിക്കാൻ തുടങ്ങി. പക്ഷേ പിന്നീടാണ് മനസിലായത് വിദ്യാസാഗറിന് മലയാളം പാട്ടുകളെ കുറിച്ച് കൃത്യമായി ധാരണയുണ്ടെന്ന്. അദ്ദേഹത്തിന്റെ പിതാവ് ഒരു വലിയ സംഗീതഞ്ജനായിരുന്നു.
ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി എന്നിവരുടെ പാട്ട് കേട്ട് വളർന്ന വിദ്യാസാഗറിന് ഇതെല്ലാം നിസാരമായിരുന്നു. അങ്ങനെയാണ് പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴയും, വെണ്ണിലാ ചന്ദനക്കിണ്ണവും ഉണ്ടാവുന്നത്. വെണ്ണിലാ ചന്ദനക്കിണ്ണം പാട്ട് ഉണായതിനെ കുറിച്ച് ചില രസകരമായ മുഹർത്തങ്ങളാണ് സംവിധായകൻ കമൽ പറയുന്നത്.

"സാധാരണയായി ഏത് പാട്ട് കമ്പോസ് ചെയ്യുമ്പോഴും കൈതപ്രം തിരുമേനി രാത്രി അല്ലെങ്കിൽ പുലർച്ചെ സമയങ്ങളിലാണ് എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന് രാത്രിയൊന്നും തൃപ്തിയുള്ള വരികൾ കിട്ടുന്നില്ല. പെട്ടെന്ന് പുലർച്ചെ രണ്ടു മണിക്ക് അദ്ദേഹം എന്നെ വിളിച്ചു. റൂമിൽ ചെന്നപ്പോൾ ഒരുപാട് കടലാസ് കഷ്ണങ്ങൾ ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്നു. അദ്ദേഹം എഴുതിയ ചില വരികൾ എന്നെ കേൾപ്പിച്ചു. എന്നാൽ അദ്ദേഹത്തെ പോലെ എനിക്കും തൃപ്തി ഉണ്ടിയിരുന്നില്ല.
വേസ്റ്റ് കടലാസ് പോലെ വലിച്ചെറിഞ്ഞ ചില പേപ്പറുകൾ എടുത്തപ്പോൾ അതിൽ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന വരികൾ കണ്ടു. അങ്ങനെയാണ് ഈ പാട്ട് ഉണ്ടാവുന്നത്." കമൽ പറയുന്നു. മലയാളത്തിൽ പൊതുവേ കണ്ട് ശീലിച്ച പലതരം സ്റ്റൈലുകളെ മാറ്റിപ്പിടിച്ച അഴകിയ രാവണന്റെ ഏറ്റവും ഹൈലൈറ്റ് ആ ചിത്രത്തിന്റെ ക്ലൈമാക്സാണ്. അന്നത്തെ കാലത്ത് ഒരാളു പോലും ചിന്തിക്കാത്ത ഒരു കൺസപ്റ്റ് കൂടിയായിരുന്നു ശ്രീനിവാസൻ പരിചയപ്പെടുത്തിയത്.


Click it and Unblock the Notifications











