അർച്ചന കവിയ്ക്കും രാധികയ്ക്കും സംഭവിച്ചത് ഒരേ കാര്യം! അവർക്ക് അതിൽ നിന്ന് മോചനം ലഭിച്ചില്ല: ലാൽ ജോസ്
മലയാള സിനിമയിലേക്ക് നിരവധി നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കാവ്യ മാധവൻ മുതൽ സംവൃത സുനിൽ, ദീപ്തി സതി വരെയുള്ള നായികമാർ ലാൽ ജോസ് സിനിമകളിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അക്കൂട്ടത്തിലെ രണ്ടു പേരാണ് നടി രാധികയും അർച്ചന കവിയും. ലാൽ ജോസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സിലൂടെയാണ് രാധികയ്ക്ക് ആദ്യമായി ഒരു ശ്രദ്ധേയ വേഷം ലഭിക്കുന്നത്.
അതേസമയം, നീലത്താമര എന്ന ചിത്രത്തിലൂടെ അർച്ചന കവിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ലാൽ ജോസ് ആയിരുന്നു. ഈ രണ്ടു ചിത്രങ്ങളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയെങ്കിലും പിന്നീട് ഇവർക്ക് സിനിമയിൽ നിന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ, ഇരുവർക്കും സംഭവിച്ചത് ഒരേ കാര്യമാണെന്ന് പറയുകയാണ് ലാൽ ജോസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ രാധിക റസിയ ആയതിന് പിന്നിലെ കഥ പറയുന്നതിനിടെയാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം.

'ക്ലാസ്മേറ്റ്സിൽ രാധികയും കാവ്യയുമായിരുന്നു നായികമാർ. രാധികയെ എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു. രണ്ടാം ഭാവം എന്ന ചിത്രത്തിന് ശേഷം ഒരു ഓണക്കാലത്ത് ഞാൻ ഏഷ്യാനെറ്റിന് വേണ്ടി ഞാൻ അഞ്ചു പാട്ടുകൾ സംവിധാനം ചെയ്തിരുന്നു. ചിങ്ങപ്പെണ്ണിന് കണ്ണെഴുതാൻ എന്നായിരുന്നു ആ ആൽബത്തിന്റെ പേര്. അതിലെ ഒരു പാട്ടിന്റെ ഷൂട്ടിങ് ആലപ്പുഴയിൽ വെച്ചായിരുന്നു. ആ പാട്ടിൽ തിരുവാതിര കളിക്കാൻ വന്ന പെൺകുട്ടികളിൽ ഒരാളായിരുന്നു രാധിക,' ലാൽ ജോസ് പറഞ്ഞു.
'അന്ന് പരിചയപ്പെട്ടപ്പോൾ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്നു പറഞ്ഞിരുന്നു. റാഫി മെക്കാർട്ടിന്റെ വൺമാൻ ഷോ എന്ന സിനിമയിൽ സംയുക്തയുടെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ടായിരുന്നു. ആൾ ഇടയ്ക്ക് എനിക്കു മെസേജുകൾ അയക്കുമായിരുന്നു. അങ്ങനെ ക്ലാസ്മേറ്റ്സിൽ റസിയയുടെ കഥാപാത്രം വന്നപ്പോൾ ആദ്യം മനസ്സിൽ കണ്ട മുഖം രാധികയുടേതായിരുന്നു. അവൾക്കു വലിയ കണ്ണുകളാണ് പർദ്ദയിട്ടു കഴിഞ്ഞാലും മുഖം ശ്രദ്ധിക്കണമെന്ന് ഉണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.
'അതിനു മുൻപ് രാധികയെ വെച്ച് ഞാനൊരു ടെസ്റ്റ് നടത്തിയിരുന്നു. ക്ലാസ്മേറ്റ്സിലെ റസിയ മനസ്സിലുണ്ടായിരുന്ന കാലത്താണു ഞാൻ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അതിൽ പൃഥ്വിരാജ് കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ഓർക്കുന്ന ഒരു പാട്ടുണ്ട്. പാട്ടിൽ പെൺകുട്ടിയുടെ കണ്ണുകളും ചുണ്ടുകളും മാത്രമേ കാണിക്കുന്നുള്ളൂ. ആ കാണിച്ചത് അത് രാധികയെ ആയിരുന്നു. അങ്ങനെയാണ് രാധിക എന്റെ റസിയയാകുന്നത്,' ലാൽ ജോസ് പറഞ്ഞു.

പിന്നീടാണ് രാധികയുടെ കരിയറിൽ സംഭവിച്ചതിന് കാരണം ആ കഥാപാത്രമാണെന്ന് അദ്ദേഹം പറഞ്ഞത്. ചില ആളുകൾക്ക് ചില കഥാപാത്രങ്ങൾ ആദ്യം ഗുണമാകുയും പിന്നീടു ദോഷമാകുകയും ചെയ്യും. നീലത്താമരയിൽ അർച്ച കവിയ്ക്കും ക്ലാസ്മേറ്റ്സിൽ രാധികയ്ക്കും അതു പറ്റി. അത്രയധികം ആളുകളുടെ മനസ്സിൽ പതിഞ്ഞുപോയ ആ കഥാപാതത്തിൽ നിന്ന് പിന്നീട് അവർക്കു മോചനം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ആയിഷ എന്ന ചിത്രത്തിലൂടെ രാധിക വീണ്ടു വെള്ളിത്തിരയിൽ എത്തിയിരുന്നു. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലാണ് രാധിക എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ എല്ലാം റസിയ തന്റെ കരിയറിൽ ഉണ്ടാക്കിയ എഫക്ടിനെ കുറിച്ച് രാധിക പറഞ്ഞിരുന്നു. നീലത്താമരയ്ക്ക് ശേഷം വളരെ കുറച്ചു സിനിമകളിലാണ് അർച്ചന അഭിനയിച്ചത്. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലും വെബ് സീരീസുകളുമായി തിരക്കിലാണ് താരം.


Click it and Unblock the Notifications