എന്റെ ഭാര്യയാണെങ്കില്‍ എന്റെ കൂടെ വരണം! കീര്‍ത്തിചക്രയിലെ രംഗം സ്വന്തം ജീവിതത്തില്‍ നിന്നുള്ളത്: മേജര്‍ രവി
മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് മേജർ രവി. പട്ടാളകഥ പറഞ്ഞ സിനിമകളിലൂടെയാണ് മേജർ രവി പേരെടുക്കുന്നത്. മോഹന്‍ലാലിനെ നായകനായ കീര്‍ത്തിചക്രയായിരുന്നു മേജർ രവിയുടെ പ്രേക്ഷക ശ്രദ്ധനേടിയ ആദ്യ ചിത്രം. പിന്നാലെ കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‌സ്, കാണ്ഡഹാര്‍, പിക്കറ്റ് 43, 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് എന്നിങ്ങനെ ഒരുപിടി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭിനേതാവായാണ് മേജർ രവി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
കൂടാതെ ടെലിവിഷൻ പരിപാടികളിൽ അതിഥിയായും മറ്റും അദ്ദേഹം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും ഷോയിൽ മേജർ രവി എത്തിയിരുന്നു. ഷോയിൽ തന്റെ കുടുംബത്തെ കുറിച്ചും മറ്റും അദ്ദേഹം വാചാലനായി. ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധനേടുന്നത്.

പ്രണയിച്ച് വിവാഹിതരായവരാണ് മേജര്‍ രവിയും അനിതയും. താൻ പട്ടാളത്തിലേക്ക് പോവുമ്പോള്‍ ഭാര്യയ്ക്ക് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാറില്ലെന്നും. എങ്ങോട്ടാണ് പോകുന്നതെന്ന് താൻ പറയാറുണ്ടായിരുന്നില്ലെന്നും മേജര്‍ രവി പറയുന്നു. പട്ടാളത്തിലേക്ക് പോവുന്നു എന്ന് കേള്‍ക്കുമ്പോള്‍ പുള്ളിക്കാരിക്ക് പേടിയൊന്നുമില്ല, അങ്ങനെ പേടിയുള്ളവളല്ല, കുറച്ച് ചങ്കൂറ്റമുണ്ട്. എങ്കിലും പറയാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യയോട് പറയാതെ പോയതിനെ തുടർന്നുണ്ടായ പുകിലും അദ്ദേഹം പങ്കുവച്ചു.
കല്യാണം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയ സമയത്ത് ഞാന്‍ കമാന്‍ഡോ ആയിരുന്നു. എന്റെ ക്യാംപിനടത്ത് ക്വാര്‍ട്ടേഴ്‌സ് ലഭിച്ചിരുന്നില്ല. 45 കിലോ മീറ്ററുണ്ട് എന്റെ ക്യാംപിലേക്ക്. അവിടെ പോയപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിക്കുന്നത്. അതുകേട്ടപ്പോള്‍ തന്നെ ത്രില്ലായി ഞാന്‍ അങ്ങോട്ട് പോയി. ഭാര്യ കാത്തിരിക്കുന്ന വിവരമൊക്കെ ഞാന്‍ മറന്നുപോയി. പിറ്റേദിവസമാണ് ഒരു സുഹൃത്ത് വിളിച്ച് ഭാര്യയെക്കുറിച്ച് ചോദിച്ചത്. അപ്പോഴാണ് താൻ അക്കാര്യം ഓർത്തതെന്ന് മേജർ രവി പറയുന്നു.
അവളോട് പറഞ്ഞിട്ടാണോ പോയതെന്നായിരുന്നു സുഹൃത്ത് ചോദിച്ചത്. നീയൊരു കാര്യം ചെയ്യ്, അവളെ നിന്റെ വീട്ടിലേക്ക് കൂട്ടിക്കോയെന്ന് ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. ഒരുമാസം കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛനും അമ്മയും അങ്ങോട്ടേയ്ക്ക് വന്നു. ഞാന്‍ ആരോടും പറയാതെ പോയതായിരുന്നു പ്രശ്‌നം. എന്റെ ഓഫീസറോടൊക്കെ പരാതി പറഞ്ഞു. അവന്‍ ജൂനിയര്‍ ഓഫീസറാണെങ്കിലും എന്നെക്കൊണ്ട് പോലും അവനെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മേജർ രവി ഓർമിച്ചു.

ഇതുമായി ബന്ധപ്പെട്ടൊരു രംഗം കീര്‍ത്തിചക്രയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീക്കുട്ടി നീ അങ്ങേരുടെ മകളാണെങ്കില്‍ നീ ഇവിടെ നിന്നോ, എന്റെ ഭാര്യയാണെങ്കില്‍ എന്റെ കൂടെ വരണമെന്ന് പറയുന്ന രംഗം ജീവിതത്തിൽ നിന്നുള്ളതാണ്. ഇന്ന് അനിത എനിക്കൊപ്പമുണ്ട്. 35 വര്‍ഷമാവാന്‍ പോവുന്നു വിവാഹം ഞങ്ങളുടെ കഴിഞ്ഞിട്ട്. എന്റെ ജോലി മനസിലാക്കി കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അവള്‍, മേജർ രവി പറഞ്ഞു.
1988ലാണ് മേജർ രവിയും അനിതയും വിവാഹിതരായത്. അർജുൻ രവി എന്നൊരു മകനാണ് ഇവർക്കുള്ളത്. ഏകദേശം ഇരുപത് വർഷക്കാലം ജോലി ചെയ്ത ശേഷമാണ് മേജർ രവി ആർമിയിൽ നിന്ന് വിരമിച്ചത്. അതിനു ശേഷം പ്രിയദർശൻ, രാജ്‌കുമാർ സന്തോഷി, കമൽ ഹാസൻ, മണിരത്‌നം എന്നിവരുടെ പട്ടാള സിനിമകളിൽ മിലിറ്ററി കൺസൽട്ടൻറ് ആയി ജോലി ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. സംവിധായകൻ, നടൻ എന്നതിനുപുറമെ തിരക്കഥാകൃത്തായും അദ്ദേഹം പേരെടുത്തിട്ടുണ്ട്.


Click it and Unblock the Notifications