ചിലരുടെ ഡ്രസ് കാണുമ്പോൾ സോമേട്ടന് അത് വേണം; ഒരിക്കൽ മമ്മൂട്ടിയുടേത് വേണമെന്നായി, പറ്റില്ലെന്ന് പറഞ്ഞു!: പോൾസൺ
മലയാളത്തിൽ ഒരുപിടി നല്ല കാഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് എം. ജി സോമന്. ഒരുകാലത്ത് നായകനായും സഹനടനായും വില്ലനായുമെല്ലാം നിറഞ്ഞു നിന്ന താരമായിരുന്നു സോമൻ. അക്കാലയളവിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പമെല്ലാം കട്ടയ്ക്ക് പിടിച്ചു നിന്ന നായകനായിരുന്നു അദ്ദേഹം. 24 വർഷക്കാലം സിനിമയിൽ സജീവമായിരുന്നു അദ്ദേഹം ഏകദേശം നാനൂറോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പവും നിരവധി സിനിമകളിൽ സോമൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സോമന് ഉണ്ടായിരുന്ന ഒരു ശീലത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ പോൾസൺ. മമ്മൂട്ടി നായകനായ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ചില ഓർമകളാണ് അദ്ദേഹം പങ്കുവച്ചത്.

ഷൂട്ടിങ് സമയത്ത് മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങൾ തനിക്കും വേണമെന്ന് സോമൻ പറയുമായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത വേഷമായതിനാൽ അത് കൊടുക്കാൻ കഴിയില്ലായിരുന്നു എന്നുമാണ് പോൾസൺ പറഞ്ഞത്. മാസ്റ്റർ ബിൻ പാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ചിലരിടുന്ന ഡ്രസ് കാണുമ്പോൾ സോമേട്ടന് അത് വേണമെന്ന് തോന്നും. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുസരിച്ചുള്ള വേഷങ്ങളാകും കൊടുക്കുന്നത്. മണിവത്തൂരിലെ ആയിരം ശിവരാത്രി എന്ന സിനിമയിൽ സോമേട്ടൻ ഉണ്ട്. കോളറില്ലാത്ത ഷർട്ട്, ജുബ്ബ എന്നിവയാണ് സോമേട്ടന്റെ വേഷങ്ങൾ. മമ്മൂട്ടിക്ക് നല്ല കമ്പനിയുടെ സാധനങ്ങളാണ്,'
'അത് എനിക്ക് ഇടുന്നതിൽ കുഴപ്പമില്ലല്ലോ ഞാൻ ഇട്ടോട്ടെ എന്ന് സോമേട്ടൻ ചോദിക്കും. അല്ല, ഇത് മമ്മൂട്ടിയുടേതാണ് എന്ന് ഞാൻ പറയും. ഇത് മമ്മൂട്ടിക്കുള്ളതാണ്, സോമേട്ടനുള്ളത് വേറെയാണ് എന്ന് പറയും. ഒരെണ്ണം മാറി ഇട്ടെന്ന് വെച്ച് കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ, അതിട്ടാൽ പോരേ എന്നാണ് പുള്ളി പിന്നെയും ചോദിക്കുക. മമ്മൂട്ടിയുടേത് നല്ല കമ്പനിയുടെ ഷർട്ടാണ്,' പോൾസൺ പറഞ്ഞു.

'ചിലർക്ക് ആഹാരത്തിന്റെ കാര്യത്തിലും അങ്ങനെയുള്ള നിർബന്ധങ്ങളുണ്ട്. ജനാർദ്ദനൻ ചേട്ടന് ആഹാര കാര്യത്തിൽ അങ്ങനെ ചില ശീലങ്ങളുണ്ട്. തേങ്ങാച്ചമ്മന്തി, മുളക് വറുത്തത്, പാവക്ക വറുത്തത് തുടങ്ങിയവയോക്കെ വേണമെന്ന് ജനാർദ്ദനൻ ചേട്ടൻ പറയും. ഞാൻ ഇന്ന വേഷമാണ് ചെയ്യുന്നത്, എനിക്ക് ഇതൊക്കെ സംഘടിപ്പിച്ച് തരണമെന്ന് പ്രൊഡക്ഷൻ പിള്ളേരോട് പറയും. അവന്മാർ കൊണ്ടുവരികയും ചെയ്യും. ഇതൊക്കെ നമുക്കും തരും,' പോൾസൺ കൂട്ടിച്ചേർത്തു.

നടൻ പ്രേം നസീറിനൊപ്പം പടയോട്ടം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 'വെളുപ്പിന് മൂന്ന് മണിക്കൊക്കെ എഴുന്നേറ്റ് നസീർ സാർ ഷൂട്ടിന് വന്നിട്ടുണ്ട്. പുള്ളി അതിനൊക്കെ തയ്യാറാണ്. ഒരു ദിവസം ഞങ്ങൾ ഗോവിന്ദൻ കുട്ടി ചേട്ടനെ വിളിച്ചോണ്ട് അഞ്ച് മണിക്ക് പോയിട്ടുണ്ട്. എന്നാൽ നസീർ സാർ മൂന്ന് മണിക്ക് റെഡിയായി വന്നു,'

'നസീർ സാറിന് ഉറക്കമില്ല, അതുകൊണ്ട് വന്നതാണ്. ഏത് സമയം പറഞ്ഞാലും പുള്ളി റെഡിയാണ്. ഒരു മലയുടെ മുകളിൽ നിന്നും കല്ല് വീഴുന്ന സീനാണ്. ആ സമയത്ത് തന്നെ എടുക്കണമെന്ന് സംവിധായകൻ പറഞ്ഞാൽ അത് അനുസരിക്കാൻ അദ്ദേഹം തയാറാണ്,' പോൾസൺ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











