'കണ്ടാൽ മിണ്ടില്ല, പരമാവധി അകലത്തിലാണിപ്പോൾ; രണ്ടുപേർക്കും നഷ്ടം!'; ജയറാമിനെ കുറിച്ച് രാജസേനൻ
കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ജയറാം എന്ന നടൻ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുന്നതിൽ പ്രധാന പങ്കുവഹിച്ചതും രാജസേനനാണ്. ജയറാമിന്റെ കരിയറിൽ വലിയ ഹിറ്റായ സിനിമകളിൽ പലതും പിറന്നത് രാജസേനന്റെ സംവിധാനത്തിലാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
1991ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിലൂടെയാണ് ജയറാമും രാജസേനനും ആദ്യമായി ഒന്നിക്കുന്നത്. ജയറാം കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു അന്ന്. രാജസേനനാകട്ടെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലും. ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റായതോടെ കൂടുതൽ സിനിമകൾ ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. പതിനാറ് സിനിമകളാണ് ജയറാം-രാജസേനൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. ഇതിൽ പകുതിയിൽ ഏറെയും സൂപ്പർഹിറ്റുകളുമായി.

2006ൽ മധുചന്ദ്ര ലേഖ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അതിനുശേഷം അത്രനല്ല സ്വരച്ചേർച്ചയിലല്ല ജയറാമും രാജസേനനും. എന്നാൽ അതിന്റെ കാരണം വ്യക്തമല്ലെന്നാണ് രാജസേനൻ പറയുന്നത്. പിണങ്ങിയത് കൊണ്ട് രണ്ടുപേർക്കും നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളുവെന്നും രാജസേനൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.
ഇനി ജയറാമിനൊപ്പം ഒരു സിനിമയുണ്ടാകില്ലെന്ന് രാജസേനൻ പറയുന്നു. ജയറാമുമായി ചേർന്ന് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. അതിനിടയില്‍ ചില ഗ്യാപ്പുകൾ വന്നിട്ടുണ്ട്. ഇനി ഒന്നിച്ചുള്ള സിനിമകൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പ്രശ്‌നങ്ങളില്ലാതെ പിണങ്ങിപ്പോയ ചിലരില്ലേ, അതുപോലെയാണ് അത്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, കണ്ടാല്‍ മിണ്ടില്ല. എന്നാൽ പ്രശ്‌നങ്ങളൊന്നും ഇല്ല. ഏഴ് വര്‍ഷത്തോളമായി കണ്ടിട്ടും വിളിച്ചിട്ടും. കണ്ടാല്‍ മിണ്ടാത്തവരുമായി എങ്ങനെ സിനിമ ചെയ്യാനാണെന്ന് രാജസേനൻ ചോദിക്കുന്നു.
ഒരു സിനിമ ചെയ്യണമെങ്കില്‍ സംവിധായകനും നായകനുമായി നല്ലൊരു അടുപ്പം വേണം. ഒന്ന് പൊട്ടിത്തറിച്ചാല്‍ രണ്ട് മിനിറ്റ് മാറിയിരുന്ന ശേഷം നമുക്ക് തുടങ്ങാമെന്ന് പറയുന്ന സൗഹൃദമായിരിക്കണം. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നയാൾ സംവിധായകന്റെ കൂട്ടുകാരനെ പോലെ ആയിരിക്കണം. അല്ലാതെ ആന ഇടഞ്ഞു നില്‍ക്കുന്നതുപോലെ നിന്നാല്‍ ശരിയാവില്ല. ഇപ്പോള്‍ ബന്ധമില്ലാത്തത് കൊണ്ട് രണ്ടുപേർക്കും നഷ്ടങ്ങളാണെന്നും രാജസേനൻ പറഞ്ഞു.
കാരണങ്ങൾ ഒന്നുമില്ലാതെയുള്ള പിണക്കമാണെന്നും രാജസേനൻ പറഞ്ഞു. എന്തിനാണ് പിണങ്ങിയതെന്ന് അറിഞ്ഞാലല്ലേ അതിനനുസരിച്ച് കോമ്പ്രമൈസ് ചെയ്യാൻ കഴിയൂ. കാരണങ്ങളൊന്നുമില്ല. ചേർന്നിരുന്നവർ പരമാവധി അകാലത്തിലേക്ക് പോവുകയായിരുന്നു. അത് അങ്ങനെ തന്നെ ഇരിക്കട്ടെയെന്നും രാജസേനൻ പറയുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് രാജസേനൻ. ജൂൺ 30ന് തിയേറ്ററുകളിൽ എത്തുന്ന ഞാനും പിന്നൊരു ഞാനും ആണ് പുതിയ ചിത്രം. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.

അതേസമയം ഇടവേളയെടുത്ത കഴിഞ്ഞ ഏഴ് വര്‍ഷം താൻ വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നില്ലെന്ന് രാജസേനൻ പറഞ്ഞു. അലമാര നിറയെ സ്‌ക്രിപ്റ്റുകളാണ്. പല തരത്തിലുള്ള സബ്ജക്ടുകൾ അതിലുണ്ട്. തിരിച്ചുവരവിന് പറ്റിയ കഥ വന്നപ്പോള്‍ മടിച്ച് നിൽക്കാതെ അത് ചെയ്യുകയായിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.
അധികം വൈകാതെ തന്നെ താനൊരു കോമഡി സിനിമയുമായി വരുമെന്നും രാജസേനൻ വ്യക്തമാക്കി. അതേസമയം നാലഞ്ച് സിനിമകള്‍ മുൻപ് പ്ലാന്‍ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെയോ കാരണങ്ങളാല്‍ അത് നടന്നില്ല. ആരാണ് അതിന് പിന്നില്‍ കളിച്ചതെന്നോ എന്താണ് കാരണമെന്നോ തനിക്കറിയില്ലെന്നും രാജസേനന്‍ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











