twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നീ ഭാഗ്യവാനാടാ, സത്യന്‍ അഭിനയിച്ച ചെമ്മീന്‍ കാണാന്‍ നിനക്ക് സാധിക്കുമല്ലോ, ഞാനതിനു മുമ്പ് മരിക്കും'

    |

    മലയാളത്തിന്റെ മഹാനടന്‍ സത്യനെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്റെ സിനിമാപ്രവേശനത്തിന് നേരിട്ടല്ലാതെ കാരണമായ സത്യനെ കുറിച്ചും തന്റെ പേരിന് പിന്നിലെ കഥയുമെല്ലാം സത്യന്‍ അന്തിക്കാട് തുറന്നു പറയുകയാണ്. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. തന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ ഒരു രംഗം പിറന്ന കഥയും അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.

    ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്

    സംവിധാനം പഠിക്കാന്‍ താന്‍ മദിരാശി പട്ടണത്തിലെത്തുമ്പോഴേക്കും സത്യന്‍ മാസ്റ്റര്‍ അരങ്ങൊഴിഞ്ഞു വര്‍ഷം രണ്ടു കഴിഞ്ഞിരുന്നു. എന്നിട്ടും അവശേഷിപ്പുകള്‍ എല്ലായിടത്തും ബാക്കി. സത്യന്റെ ഓര്‍മകളെ തൊടാതെ അന്നൊന്നും ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നാലെ തന്റെ സിനിമകളിലൊന്നിലെ രസകരമായ ഒരു രംഗത്തിന്റെ പിറവിക്ക് പിന്നിലെ കഥയും അദ്ദേഹം പറയുന്നുണ്ട്.

    ആ ബീഡി ഞാന്‍ കൊടുത്തതാ

    ''എഗ്മോറില്‍ ഞാന്‍ താമസിച്ചിരുന്ന റൂമിനടുത്ത് ഒരു ചായക്കടയുണ്ടായിരുന്നു. അവിടെ ചായയടിച്ചിരുന്നത് പട്ടാമ്പിക്കാരന്‍ ഒരു ശിവരാമേട്ടനാണ്. മെലിഞ്ഞു, തല നരച്ച്, മുഖത്തിന് ചേരാത്തൊരു കൊമ്പന്‍മീശയും വെച്ച് രാവിലെ മുതല്‍ രാത്രി വരെ ഒരേ നില്പില്‍ നിന്ന് ശിവരാമേട്ടന്‍ ചായയടിക്കും. സിനിമയോട് വലിയ കമ്പമാണ്. അതുകൊണ്ട് തന്നെ ഞാനും കൂട്ടുകാരും ചായ കുടിക്കാന്‍ ചെന്നാല്‍, പാലും തേയിലയുമൊക്കെ കൂടുതല്‍ ചേര്‍ത്ത് ചായയിലൂടെ പ്രത്യേക സ്‌നേഹം തരും. ഏതു വിഷയം സംസാരിച്ചാലും അവസാനം വന്നു നില്‍ക്കുക സത്യന്‍മാഷിലാണ്.
    'ഓടയില്‍ നിന്ന് കണ്ടിട്ടുണ്ടോ?'
    'ഉണ്ടല്ലോ.'
    'അതില് സത്യന്‍മാഷ് റിക്ഷാവണ്ടി കാലു കൊണ്ടോന്ന് ഉയര്‍ത്തി, മടിക്കുത്തില്‍ നിന്ന് ബീഡിയെടുത്ത് വലിക്കുന്നൊരു സീനുണ്ട്. ആ ബീഡി ഞാന്‍ കൊടുത്തതാ.'
    അഞ്ഞൂറ് വട്ടം കേട്ടതാണെങ്കിലും ആദ്യമായി കേള്‍ക്കുന്നത് പോലെ ഞങ്ങള്‍ അത്ഭുതം കൂറും''.

    വീണ്ടുമൊരു ചിത്രമെടുപ്പിച്ചു


    ''ആവേശത്തോടെ ശിവരാമേട്ടന്‍ വിശദീകരിക്കും -
    'ഞാനന്ന് അരുണാചലം സ്റ്റുഡിയോവില്‍ ഷൂട്ടിംഗ് കാണാന്‍ പോയതാ. ഷോട്ടെടുക്കുന്ന നേരമായപ്പോള്‍ അദ്ദേഹം ബീഡി ചോദിച്ചു. പ്രൊഡക്ഷന്‍കാര് ബീഡിക്കു വേണ്ടി ഓടാന്‍ തുടങ്ങിയപ്പോള്‍ കാഴ്ചക്കാരനായി നിന്ന ഞാന്‍ പെട്ടെന്ന് ബീഡിയെടുത്തു നീട്ടി. ഒരു മടിയും കൂടാതെ അങ്ങേരതു വാങ്ങി ചുണ്ടില്‍ വെച്ച് 'റെഡി തുടങ്ങാം' എന്നു പറഞ്ഞു. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ എന്റെ ബീഡി സത്യന്‍സാറ് വലിക്കുന്നത് ഞാനിങ്ങനെ നോക്കും.'സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ആരാധകന്റെ സ്‌നേഹമാണത്. പിന്നീട് 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന സിനിമയില്‍ ഈ വിവരണം ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിലൂടെ ഞാനുപയോഗിച്ചിട്ടുണ്ട്''.

    ഡോക്ടര്‍ ബാലകൃഷ്ണനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. സിനിമക്കു പുറത്തുള്ള സത്യനെക്കുറിച്ച് അദ്ദേഹത്തിലൂടെ ഒരുപാട് കേട്ടിട്ടുണ്ട്. ഡോക്ടറും സത്യനും അടുത്ത സുഹൃത്തുക്കളായിരുന്നു. മദ്രാസ് മലയാളിക്ലബ്ബിലെ നാടകങ്ങളും എഴുത്തും അഭിനയവും സ്വന്തം നഴ്സിംഗ് ഹോമുമൊക്കെയായി നടന്നിരുന്ന ഡോക്ടര്‍ ബാലകൃഷ്ണനെ സിനിമ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത് സത്യനാണ്. 'തളിരുകള്‍' എന്നായിരുന്നു ആദ്യചിത്രത്തിന്റെ പേര്. ഡോക്ടര്‍ തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സത്യന്‍ നായകനായി അഭിനയിച്ച ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അതോടെ സിനിമാരംഗം വിടാനൊരുങ്ങിയ ഡോക്ടറെ സത്യന്‍ നിര്‍ബ്ബന്ധിച്ച് വീണ്ടുമൊരു ചിത്രമെടുപ്പിച്ചുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

    ശ്രീനിയുടെ കൈ പിടിച്ച് ചേട്ടന്‍ കരഞ്ഞു

    സത്യന്‍ ധൈര്യം കൊടുത്തില്ലെങ്കില്‍ ഡോക്ടര്‍ ബാലകൃഷ്ണന്‍ സിനിമാനിര്‍മ്മാതാവുകയില്ലായിരുന്നു. ഡോക്ടര്‍ നിര്‍മ്മാതാവായില്ലെങ്കില്‍ സിനിമാരംഗത്തേക്കുള്ള വാതില്‍ എന്റെ മുന്നില്‍ തുറക്കപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ നിലക്ക് നോക്കിയാല്‍ മന:പ്പൂര്‍വ്വമല്ലെങ്കിലും എന്റെ സിനിമാപ്രവേശത്തിന് സത്യന്‍മാസ്റ്റര്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. പിന്നാലെ തന്നോട് ശ്രീനിവാസന്‍ പറഞ്ഞൊരു കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

    ''ചെമ്മീന്‍ റിലീസ് ചെയ്യുന്നതിനു മുമ്പുള്ള കാലം. ശ്രീനിവാസന്റെ ചേട്ടന്‍ ടൈഫോയ്ഡ് പിടിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നു. രക്ഷപ്പെടുമെന്ന് ഒരു ഉറപ്പുമില്ല. കൂട്ടിരിക്കാന്‍ പോയ ശ്രീനിയുടെ കൈ പിടിച്ച് ചേട്ടന്‍ കരഞ്ഞു - 'നീ ഭാഗ്യവാനാണെടാ. സത്യന്‍ അഭിനയിച്ച ചെമ്മീന്‍ കാണാന്‍ നിനക്ക് സാധിക്കുമല്ലോ. ഞാനതിനു മുമ്പ് മരിക്കും.'
    കടുത്ത സത്യന്‍ ഫാനായ ആ ചേട്ടന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
    മറ്റൊരു അനുഭവം കൂടി ശ്രീനിവാസന്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു സിനിമ കണ്ട് ജീവിതത്തില്‍ ആദ്യമായി കരഞ്ഞതിന്റെ ഓര്‍മ. തലശ്ശേരി ലോട്ടസ് തിയറ്ററില്‍ വച്ചാണ് ശ്രീനി 'അനുഭവങ്ങള്‍ പാളിച്ചകള്‍' കണ്ടത്. പടത്തിന്റെ അവസാന ഭാഗത്ത് താനേറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന മകളുടെ കുഴിമാടത്തിനരികില്‍ സങ്കടത്തിന്റെ കടല്‍ ഉള്ളിലൊതുക്കി നില്‍ക്കുന്ന സത്യന്റെ മുഖം കണ്ടപ്പോള്‍ ശ്രീനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്രെ''. ഇതായിരുന്നു ആ കഥ.

    സൗന്ദര്യലക്ഷണങ്ങളൊന്നും ഇല്ലാതെ

    എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ പേടിയായിരുന്നു സത്യനോട്. മലയാളത്തിലിറങ്ങുന്ന മികച്ച കഥകളും നോവലുകളും സത്യന്‍ സ്ഥിരമായി വായിക്കുമായിരുന്നു എന്ന് ശങ്കരാടി പറയാറുണ്ട്. സത്യന്‍ അഭിനയിച്ച പല സിനിമകളുടെയും കഥകള്‍ നിര്‍ദ്ദേശിച്ചത് അദ്ദേഹം തന്നെയായിരുന്നുവത്രെ.
    ഒരു നായകന് വേണമെന്ന് പൊതുവെ പറയാറുള്ള സൗന്ദര്യലക്ഷണങ്ങളൊന്നും ഇല്ലാതെത്തന്നെ സൂപ്പര്‍സ്റ്റാറായ നടനാണ് സത്യന്‍. നല്ല കറുത്ത നിറമായിരുന്നു അദ്ദേഹത്തിനെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    Mammootty to act in Sathyan Anthikad's movie | FilmiBeat Malayalam
    ഈ സത്യന് ആ സത്യനോട്

    കഥാപാത്രമായി മാറുക എന്നതായിരുന്നു സത്യന്റെ രീതി. ഇമേജൊന്നും പ്രശ്‌നമല്ല. ഷീലയുടെ കാമുകനായി അഭിനയിക്കുമ്പോള്‍ തന്നെ അച്ഛനായും വേഷമിട്ടിട്ടുണ്ട്. പ്രേംനസീര്‍ അതിസുന്ദരനായി വരുന്ന സിനിമയില്‍ പടുവൃദ്ധനായി സത്യന്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒന്നും തന്റെ താരപദവിക്ക് മങ്ങലേല്‍ക്കില്ല എന്നദ്ദേഹത്തിന് അറിയാം. അനുകരിക്കാനാവാത്ത ആത്മവിശ്വാസമാണത്. നാല്പതാം വയസ്സില്‍ സിനിമയില്‍ വന്ന് പതിനെട്ടു വര്‍ഷങ്ങള്‍ കൊണ്ട് ഒരു തലമുറയുടെ മനസ്സു മുഴുവന്‍ കീഴടക്കിയ സത്യനൊപ്പം ചേര്‍ക്കാന്‍ ഇന്നും മറ്റൊരു പേരില്ലെന്നും അദ്ദേഹം പറയുന്നു.

    എന്റെ രണ്ട് ചേട്ടന്മാരില്‍ ഒരാള്‍ സത്യന്റെ വലിയ ആരാധകനായിരുന്നു. സത്യന്‍ അഭിനയിച്ച സിനിമ ഏതായാലും ഒന്നിലേറെ തവണ മോഹനേട്ടന്‍ കാണും. എന്നിട്ട് സത്യന്റെ സംഭാഷണങ്ങള്‍ വീട്ടുകാരെയൊക്കെ പറഞ്ഞു കേള്‍പ്പിക്കും. ഞാന്‍ ജനിച്ചപ്പോള്‍ എനിക്ക് 'സത്യന്‍' എന്ന പേരിടണമെന്ന് വാശി പിടിച്ചത് മോഹനേട്ടനാണത്രെ. അന്തിക്കാടെന്ന ഈ ചെറിയ ഗ്രാമത്തില്‍ നിന്ന് പില്‍ക്കാലത്ത് ഞാനും സിനിമയില്‍ തന്നെയെത്തുമെന്ന് സ്വപ്നത്തില്‍ പോലും ചേട്ടന്‍ കരുതിയിരിക്കില്ല. എല്ലാറ്റിനും അതിന്റേതായ സമയമുണ്ടല്ലോ. എന്തായാലും പേരിന്റെ പേരില്‍ ഈ സത്യന് ആ സത്യനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: sathyan anthikad
    English summary
    Director Sathyan Anthikad Talks About How Sathyan Influenced Him In His Cinema Career, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X