സല്ലാപം പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ ഉണ്ടാവില്ല; പത്ത് സീൻ എഴുതിയപ്പോഴാണ് ഷൂട്ടിംഗ് തുടങ്ങുന്നത്
മലയാള സിനിമയിലെ ഒരു വിസ്മയ ചിത്രമായിരുന്നു ലോഹിത ദാസ് തിരക്കഥയെഴുതി സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപം. സുന്ദർ ദാസിന്റെ ആദ്യ സംവിധാന ചിത്രമാണ് സല്ലാപം. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി അംഗീകാരങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. സല്ലാപത്തിനു ശേഷം കുടമാറ്റം, വർണക്കാഴ്ചകൾ, കുബേരൻ തുടങ്ങിയ സിനിമകളിലൂടെ സുന്ദർ ദാസ് ദിലീപിനൊപ്പം സിനിമ ചെയ്തിട്ടുണ്ട്. സല്ലാപത്തിന്റെ വിശേഷങ്ങളുമായി മാസ്റ്റർ ബിൻ ചാനലിലൂടെ സംവിധായകൻ സുന്ദർ ദാസ് സംസാരിക്കുന്നു.
"ദിലീപിനെ നേരത്തെ പരിചയമുണ്ടായിരുന്നു. വലിയൊരു സൗഹൃദം ഒന്നുമുണ്ടായിരുന്നു. ഏഴരക്കൂട്ടം എന്ന സിനിമ കണ്ടിട്ടാണ് ദിലീപിനെ സല്ലാപം എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. അസാധ്യ പ്രകടനമായിരുന്നു ആ ചിത്രത്തിൽ ദിലീപ് കാഴ്ച വെച്ചത്. അങ്ങനെയാണ് സല്ലാപത്തിലേക്ക് ക്ഷണിക്കുന്നത്. കഥ പറഞ്ഞപ്പോൾ ദിലീപിന് ആകെ സന്തോഷമായി. അതുവരെ ദാസേട്ടന്റെ ശബ്ദത്തിൽ പാട്ടു പാടി ദിലീപ് അഭിനയിച്ചിരുന്നില്ല. മാത്രമല്ല സിനിമയിൽ ജൂനിയർ യേശുദാസ് എന്ന പേരും ദിലീപിനെ ത്രില്ലടിപ്പിച്ചു." സുന്ദർ ദാസ് പറയുന്നു.

ഏറെ പ്രത്യേകതകളുള്ള സിനിമയായിരുന്ന സല്ലാപം. മഞ്ജു വാര്യർ ആദ്യമായി സിനിമയിലേക്ക് എത്തുന്നത് സല്ലാപത്തിലൂടെയാണ്. കലാഭവൻ മണിയുടെ കരിയറിലെ ഏറ്റവും വലിയ ബ്രെയ്ക്ക് നൽകിയ ചിത്രമായിരുന്നു ഇത്. നാലു നായകൻമാരിൽ ഒരാളായി അഭിനയിച്ചു കൊണ്ടിരുന്ന ദിലീപിനു ലഭിച്ച മികച്ച കഥാപാത്രമായിരുന്നു ശശികുമാർ. മാത്രമല്ല ലോഹിതദാസിന്റെ കഥയിൽ സൃഷ്ടിച്ച മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമാണ് സല്ലാപം.
"ഈ ചിത്രം ഒരുപക്ഷേ പരാജയപ്പെട്ടിരുന്നെങ്കിൽ ആർക്കും യാതൊരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു. ലോഹിതദാസ് ഒരു സിനിമക്ക് കഥ എഴുതി എന്നല്ലാത ചിത്രം പരായപ്പെട്ടാൽ പോലും അദ്ദേഹത്തെ അത് ബാധിക്കില്ല. ദിലീപിന് പിന്നെയും സിനിമകൾ ലഭിക്കും. അങ്ങനെ എല്ലാവർക്കും മറ്റു പല ഓപ്ഷനുകൾ ഉണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് വലിയൊരു സ്വപ്നമായിരുന്നു സിനിമ. ഇത് പരാജയപ്പെട്ടാൽ എനിക്കത് താങ്ങാൻ സാധിക്കില്ല. അതിനാൽ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. ഷൂട്ടിംഗിനു മുന്നേ ഈ കഥാപാത്രങ്ങളെയെല്ലാം എനിക്ക് അറിയാം. മുഴുവനായും ലോഹിതദാസ് പറഞ്ഞിരുന്നു.

പക്ഷേ ഫുൾ സ്ക്രിപ്റ്റ് ഷൂട്ടിംഗിനു മുന്നേ എഴുതി തീർന്നിരുന്നില്ല. 10 സീൻ എഴുതി തീർത്തപ്പോഴാണ് ഷൂട്ട് തുടങ്ങുന്നത്. വെറും പത്തു സീനുകൾ മാത്രം ഉള്ളപ്പോൾ ഒരു മലയാളം സിനിമ സംവിധാനം ചെയ്ത ആദ്യത്തെ സംവിധായകനാണ് ഞാൻ. എപ്പോഴും ടെക്നിക്കലി ഉള്ള കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ടെൻഷൻ ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗിനിടയിൽ ഒരിക്കൽ മനോജ് കെ. ജയൻ എന്നോട് പറഞ്ഞു ഇത്തവണ നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിക്കുമെന്ന്. അതുപോലെ സംഭവിച്ചു. ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് എനിക്ക് ലഭിച്ചു." സുന്ദർ ദാസ് പറയുന്നു.
മഞ്ജു വാര്യർ ദിലീപ് കോംബോയിൽ തന്നെയാണ് സുന്ദർ ദാസിന്റെ രണ്ടാമത്തെ ചിത്രം കുടമാറ്റം. അതും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിനെ വെച്ച് കഥ എന്ന പേരിൽ ഒരു സിനിമ ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാൽ അതേ വർഷം റിലീസ് ചെയ്ത കുബേരൻ വൻ ഹിറ്റായി. ഇന്നും ആ ചിത്രത്തിനും അതിലെ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്.


Click it and Unblock the Notifications