ദിലീപിനോട് ഹനീഫ് പ്രതികാരം ചെയ്യുന്നത് ഉണ്ടായിരുന്നു; അത് ഉൾപ്പെടുത്താനായില്ല, അദ്ദേഹം സങ്കടം പറഞ്ഞു: താഹ
കലാഭവൻ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതിരിക്കുകയാണ് സിനിമാ സുഹൃത്തുക്കളും പ്രേക്ഷകരും. മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയതാണ് കലാഭവൻ ഹനീഫ്. കഴിഞ്ഞ മുപ്പത് വർഷക്കാലമായി സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന സിനിമയിൽ തുടങ്ങിയ വെള്ളിത്തിര പ്രയാണം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് 150 സിനികളിലാണ്.
പലപ്പോഴും സിനിമകളിൽ ഒന്നോ രണ്ടോ സീനിൽ മാത്രമെ ഹനീഫിനെ കാണുകയുള്ളൂ. എന്നാൽ അവ പ്രേക്ഷകരുടെ മനസിൽ എക്കാലവും ഓർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാകും. പ്രേക്ഷകനെ അവ ഓർത്തോർത്ത് ചിരിപ്പിക്കും. അത്തരത്തിലൊരു കഥാപാത്രമായിരുന്നു ഈ പറക്കും തളികയിലെ മാണവാളൻ. ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ് ഹനീഫയുടെ ഈ വേഷം.

ദിലീപിനെ നായകനാക്കി സംവിധായകൻ താഹ ഒരുക്കിയ ചിത്രമായിരുന്നു ഈ പറക്കും തളിക. ഇപ്പോഴിതാ തന്റെ സിനിമയിൽ ഒറ്റ സീനിൽ വന്ന് ചിരിപ്പിച്ച ഹനീഫിനെ ഓർക്കുകയാണ് താഹ. ഉടൻ ചെയ്യാൻ പോകുന്ന സിനിമയിൽ കലാഭവൻ ഹനീഫിന് വേണ്ടി എഴുതിയ കഥാപാത്രത്തെക്കുറിച്ച് ഹനീഫിനോട് ഒന്നു പറയാൻ കഴിയാത്ത വിഷമത്തിൽ കൂടെയാണ് അദ്ദേഹം.
പുതിയ സിനിമയെക്കുറിച്ച് ഹനീഫുമായി ചർച്ച ചെയ്യാനിരിക്കുകയായിരുന്നെന്നും ഇത്ര പെട്ടെന്ന് അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയില്ലെന്നും താഹ പറയുന്നു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം. പറക്കും തളികയിൽ ഹനീഫിന്റെ കഥാപാത്രം ദിലീപിന്റെ കഥാപാത്രത്തോട് പ്രതികാരം ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ അത് സിനിമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അതിന്റെ സങ്കടം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും താഹ പറഞ്ഞു.
ഈ പറക്കും തളിക ചെയ്യുന്ന സമയത്ത് കൂടെയുള്ളവരിൽ ആരോ ആണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. ഒരു ചെറിയ കഥാപാത്രമാണ് അദ്ദേഹം ചെയ്തതെങ്കിലും ഏവരുടെയും ശ്രദ്ധയാകർഷിച്ച വേഷമായിരുന്നു അത്. ദിലീപും ഹരീശ്രീ അശോകനും തമ്മിലുള്ള കോമ്പിനേഷനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമാണ് ഹനീഫ് അതിൽ കാഴ്ചവച്ചതെന്ന് താഹ ഓർക്കുന്നു.
ആ ബസിന്റെ വരവിന് ഒരു പഞ്ച് കിട്ടാൻ ഉതകിയ കഥാപാത്രമായിരുന്നു. പക്ഷേ സിനിമയിൽ ഹനീഫ് വേറൊരു സീൻ കൂടി ഉണ്ടായിരുന്നു. ദിലീപിന്റെ കഥാപത്രം മണവാളനായി ഇരിക്കുന്ന ഹനീഫിന്റെ കഥാപാത്രത്തിന് മേക്കപ്പിടുന്ന സീൻ ഉണ്ട്. ആ കഥാപാത്രത്തിന്റെ കല്യാണം പക്ഷേ ബസ് കാരണം മുടങ്ങുന്നു. ഹനീഫിന്റെ കഥാപാത്രം താടിയും മുടിയും നീട്ടി വളർത്തിയിട്ട് ദിലീപിനെക്കൊണ്ട് മുടിവെട്ടിക്കുന്ന സീൻ ഉണ്ടായിരുന്നു. കല്യാണം മുടക്കിയ ആളെക്കൊണ്ട് താടിയും മുടിയും വെട്ടിക്കുക എന്നൊരു പ്രതികാരം ചെയ്യുക. അത് എല്ലാവരും രസകരമായി ചെയ്തിരുന്നു.

അന്ന് ആ സീൻ ഉൾപ്പെടുത്താൻ സാങ്കേതികമായ ചില തടസങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു അത് ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. സിനിമ ഇറങ്ങിയപ്പോൾ ഹനീഫ് വിളിച്ച് സങ്കടം പറഞ്ഞിരുന്നു. ഹനീഫിന്റെ സങ്കടം എനിക്കു മനസ്സിലാകും, അതൊരു നല്ല സിറ്റുവേഷൻ ആയിരുന്നു. ആ സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ ആ എപ്പിസോഡ് ഫിനിഷ് ആയേനെ. പക്ഷെ അത് ഉൾപ്പെടുത്താൻ കഴിയാത്ത അവസ്ഥയായിരുന്നു എന്നാണ് താഹ പറയുന്നത്.
പിന്നീട് ചെയ്ത പടത്തിലൊന്നും അദ്ദേഹത്തിന് പറ്റിയ കഥാപാത്രം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പൊ ചെയ്യാനിരിക്കുന്ന പടത്തിൽ നല്ലൊരു കഥാപത്രം അദ്ദേഹത്തിന് നൽകുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഹനീഫിന്റെ വിയോഗവാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി. അസുഖം മൂർച്ഛിച്ച് കിടക്കുന്നെന്ന വാർത്തപോലും അറിഞ്ഞില്ല. കലാലോകത്തിന്റെ വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം', എന്നും താഹ പറഞ്ഞു.


Click it and Unblock the Notifications