മോഹന്‍ലാലിന് ഇഷ്ടമില്ലാഞ്ഞിട്ടും നിര്‍ബന്ധിച്ചു, കൂടുതല്‍ പ്രതിഫലം നല്‍കി; തുറന്ന് പറഞ്ഞ് തുളസിദാസ്
മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്. ഇന്നും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന, എത്ര കണ്ടാലും മടി വരാത്ത തമാശ ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മിമിക്‌സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ ഭായ്, കൗതുക വാര്‍ത്തകള്‍, പൂച്ചയ്ക്കാരു മണികെട്ടും, മലപ്പുറം ഹാജി മഹാനായ ജോജി തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട ഉച്ചപ്പടങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ടിവിയില്‍ ഈ സിനിമകള്‍ കാണുന്നത് മലയാൡലെ സംബന്ധിച്ച് ഒരു ശീലവും രസമുള്ള അനുഭവവുമൊക്കെയാണ്. എല്ലാം മറന്ന്, ചിരിക്കാനുള്ള സമയമാണിത്. ഹിറ്റുകള്‍ ഒരുപാട് സമ്മാനിച്ച തുളസിദാസിന് പക്ഷെ പിന്നീട് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അങ്ങനെ പരാജയപ്പെട്ടൊരു ചിത്രമായിരുന്നു കോളേജ് കുമാരന്‍.

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് കോളേജ് കുമാരന്‍. ഒരു കോളേജും അവിടുത്തെ കാന്റീന്‍ നടത്തുന്ന എക്‌സ് മിലിട്ടറ്റിക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. എന്നാല്‍ ചിത്രം തീയേറ്ററില്‍ വന്‍ പരാജയമായി. ഇപ്പോഴും ചിത്രത്തിലെ ലോജിക്കില്ലായ്മയേയും മറ്റും സോഷ്യല്‍ മീഡിയ ട്രോളാറുണ്ട്.
കോളേജ് കുമാരന്റെ പരാജയത്തെക്കുറിച്ച് പലരും പറഞ്ഞതിനെക്കുറിച്ച് മനസ് തുറക്കുകയാണ് തുളസിദാസ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മോഹന്‍ലാല്‍ ഇഷ്ടപ്പെട്ടു തന്നെ ചെയ്ത സിനിമയായിരുന്നു കോളേജ് കുമാരന്‍ എന്നും നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.
മോഹന്‍ലാല്‍ കഥ കേട്ടു. സുരേഷ് പൊതുവാള്‍ ആണ് അതിന്റെ എഴുത്തുകാരന്‍. ഞങ്ങള്‍ രണ്ടു പേരും കൂടെ ചെന്ന് കഥ പറഞ്ഞു. മോഹന്‍ലാല്‍ കഥ കേട്ടു. കഥകള്‍ കേട്ടപ്പോള്‍ കുറച്ച് കറക്ഷന്‍സ് പറഞ്ഞു. ഞങ്ങള്‍ തിരുത്തി കൊണ്ടു വന്നു. ഈ സ്‌ക്രിപ്റ്റ് ബി ഉണ്ണികൃഷ്ണനും ഞങ്ങളെല്ലാവരും ഇരുന്ന് വായിച്ചു. ഉണ്ണികൃഷ്ണന്‍ നല്ല അഭിപ്രായം പറഞ്ഞു. അത് കഴിഞ്ഞ് സിദ്ധീഖ് ലാലിലെ സിദ്ധീഖിനെ കൊണ്ട് വായിപ്പിച്ചു. സിദ്ധീഖും നല്ല അഭിപ്രായം പറഞ്ഞു. സിദ്ധീഖ് തന്നെ മോഹന്‍ലാലിനെ വിളിച്ചു പറഞ്ഞു നല്ലതാണ്, നല്ല മെസേജ് നല്‍കുന്നുണ്ടെന്ന്.

അങ്ങനെയാണ് ആ സിനിമ ചെയ്തത്. പിന്നെ ആളുകള്‍ പറഞ്ഞു പരത്തിയത് ഞാന്‍ കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്തുവെന്ന്. ഇഷ്ടമില്ലാതെ അടിച്ചേല്‍പ്പിച്ചു ചെയ്യിപ്പിച്ചതാണ് എന്നൊക്കെയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തുളസിദാസിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അതേസമയം കില്ലാഡി രാമന്‍ ആണ് തുളസിദാസ് സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2011 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. 2016 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗേള്‍സ് ആണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ സിനിമ.
അതേസമയം എലോണ്‍ ആണ് മോഹന്‍ലാലിന്‍റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലെെക്കോട്ട വാലിഭന്‍ ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. പിന്നാലെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ്, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളും ലാലേട്ടന്റേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











