ഇനി താലി മാത്രമാണ് ബാക്കി; ഞാനും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും അന്വേഷിച്ചില്ല: ഡിസ്കോ ശാന്തി
തെന്നിന്ത്യൻ സിനിമാ ലോകത്ത് മാദക നടിമാരായി പേരെടുത്ത ഒരുപിടി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഡിസ്കോ ശാന്തി. 80കളിലും 90കളിലും തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ഒരുപോലെ സജീവമായിരുന്നു താരം. ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് നടനും നർത്തകനുമായ അച്ഛൻ സി എൽ ആനന്ദിന്റെ പാത പിന്തുടർന്നാണ് ശാന്തി സിനിമയിലേക്ക് എത്തുന്നത്.
പന്ത്രണ്ട് വർഷക്കാലം മാത്രമേ സിനിമയിൽ സജീവമായിരുന്നുള്ളുവെങ്കിലും അഞ്ഞൂറിലധികം ചിത്രങ്ങളുടെ ഭാഗമാകാൻ ശാന്തിക്ക് സാധിച്ചു. മലയാളത്തിൽ നാൽപതോളം സിനിമകളിലാണ് നടി അഭിനയിച്ചത്. 1985ൽ പുറത്തിറങ്ങിയ വേലൈ മനസ്സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഡിസ്കോ ശാന്തി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്ലാമർ റോളുകളിലും, നൃത്തരംഗങ്ങളിലും അഭിനയിച്ചാണ് ശാന്തി പ്രശസ്തിയിലേക്ക് ഉയരുന്നത്.

അക്കാലത്ത് പല മുൻനിര നായികമാരെക്കാളും പ്രശസ്‌തി ഉണ്ടായിരുന്നു താരത്തിന്. പിന്നീട് 1996ൽ തെലുങ്ക് നടൻ ശ്രീഹരിയെ വിവാഹം ചെയ്തതോടെയാണ് ഡിസ്കോ ശാന്തി അഭിനയ രംഗം വിടുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രണ്ട് ആൺ മക്കളാണ് ഇവർക്കുള്ളത്.
വിവാഹശേഷം പല ദുഃഖങ്ങളും നടിയുടെ ജീവിതത്തിൽ ഉണ്ടായി. മകളുടെ മരണമാണ് അതിൽ ആദ്യത്തേത്. നാല് മാസം മാത്രം പ്രായമുള്ളപ്പോഴാണ് മകൾ അക്ഷര മരണപ്പെടുന്നത്. പിന്നീട് ഭർത്താവ് ശ്രീഹരിയും മരിച്ചു. 2013ൽ ഹൃദയാഘാതം മൂലമായിരുന്നു മരണം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. ഭർത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തത് ശാന്തി തന്നെയാണ്. എന്നാൽ ഇന്ന് ദാരിദ്ര്യത്തിലാണ് നടി കഴിയുന്നത്.
താൻ ഇപ്പോൾ വരുമാനമില്ലാതെയാണ് ജീവിക്കുന്നതെന്നും രണ്ടു വീടുകൾ വാടകയ്ക്ക് നൽകിയിരിക്കുന്നതിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം പുലർത്തുന്നതെന്നും അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തി പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.
'ജീവിച്ചിരിക്കുന്ന പലർക്കും എന്റെ ഭർത്താവ് പണം നൽകി സഹായിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ഞങ്ങൾ പണം നൽകിയിട്ടുള്ള ആരും തന്നെ ഒന്ന് കാണാൻ പോലും വന്നിട്ടില്ല. ഇഎംഐ അടക്കാൻ കഴിയാതെ വന്നതോടെ കാർ പോലും ബാങ്ക് കൊണ്ടുപോയി. എന്റെ സ്വർണം എല്ലാം വിൽക്കേണ്ടി വന്നു. ഇനി താലി മാത്രമാണ് ബാക്കി. ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സിനിമയിലുള്ളവർ അന്വേഷിച്ചില്ല,' ഡിസ്കോ ശാന്തി നിറകണ്ണുകളോടെ പറഞ്ഞു.
സാമ്പത്തിക സ്ഥിതി നല്ലതായിരുന്നെങ്കിൽ മകനെ വിദേശത്ത് പഠിക്കാൻ അയക്കാമായിരുന്നുവെന്നും നിലവിലെ അവസ്ഥയിൽ സിനിമയിൽ നിന്ന് നല്ല അവസരങ്ങൾ വന്നാൽ താൻ അഭിനയിക്കാൻ തയ്യാറാണെന്നും ശാന്തി പറഞ്ഞു. അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വിവാഹശേഷം ഡിസ്കോ ശാന്തിയില്ല വെറും ശാന്തിയാണെന്ന് താരം പറയുകയുണ്ടായി. ഇന്നും ഭർത്താവിന്റെ ഓർമകളിലാണ് തന്റെ ജീവിതമാണെന്നും നടി പറഞ്ഞിരുന്നു.

വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം പഴയ ഡിസ്കോ ശാന്തിയല്ല. അതൊക്കെ ഉപേക്ഷിച്ച് വെറും ശാന്തിയായി. ഇപ്പോഴും ആരെങ്കിലും ഡിസ്കോ ശാന്തി എന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞു നോക്കില്ല. ഇപ്പോഴും ആരെങ്കിലും ഓട്ടോഗ്രാഫ് ചോദിച്ചാൽ ശാന്തിയെന്നാണ് എഴുതുക. എന്റെ ഭർത്താവ് എന്നെ വിശ്വസിച്ചു. ഞാനവരെയും വിശ്വസിച്ചു. ഇപ്പോഴും അവരെ മനസ്സിൽ വിചാരിച്ചാണ് ജീവിക്കുന്നത്. ഫോട്ടോ നോക്കി സംസാരിക്കും, എന്നായിരുന്നു ഡിസ്കോ ശാന്തിയുടെ വാക്കുകൾ.
1997ൽ യുദ്ധ എന്ന കന്നഡ സിനിമയിലാണ് ഡിസ്കോ ശാന്തി അവസാനമായി അഭിനയിച്ചത്. 1994ൽ പുറത്തിറങ്ങിയ കിന്നരിപ്പുഴയോരം ആയിരുന്നു മലയാളത്തിലെ അവസാന ചിത്രം.


Click it and Unblock the Notifications