'എടോ, എന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ? അശ്വിനോട് ഞാന്‍ ചോദിച്ചു'; പ്രണയകഥ പറഞ്ഞ് ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ. എന്നാല്‍ അച്ഛനേയും ചേച്ചിയേയും പോലെ സിനിമയിലൂടെയല്ല ദിയ കയ്യടി നേടുന്നത്. സോഷ്യല്‍ മീഡിയയാണ് ദിയ തന്റെ കരിയറായി തിരഞ്ഞെടുത്തത്. സംരംഭക കൂടിയായ ദിയ ഇന്ന് മലയാളത്തിലെ മുന്‍നിര സോഷ്യല്‍ മീഡിയ താരമാണ്.
ഈയ്യടുത്തായിരുന്നു ദിയയുടെ വിവാഹം നടന്നത്. അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. ഇരുവരുടേയും സൗഹൃദവും പ്രണയവുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടതാണ്. അതുകൊണ്ട് ദിയയുടേയും അശ്വിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. വലിയ ആഘോഷമായി തന്നെ സോഷ്യല്‍ മീഡിയ ആ വിവാഹം ആഘോഷിക്കുകയും ചെയ്തു.

വിവാഹത്തിന് പിന്നാലെ യാത്രയിലാണ് ദിയയും അശ്വിനും. ബാലിയിലേക്കാണ് യാത്ര. രസകരമായ വസ്തുത എന്തെന്നാല്‍ യാത്രയില്‍ അശ്വിനും ദിയയ്ക്കുമൊപ്പം ദിയയുടെ കുടുംബവുമുണ്ട്. ബാലിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ ദിയയുടേയും അശ്വിന്റേയും കല്യാണത്തില്‍ നിന്നുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറയുകയാണ്.
കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീതില്‍ നിന്നുള്ള വീഡിയോയാണിത്. വീഡിയോയില്‍ അശ്വിനുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ. ദിയയുടേയും അശ്വിന്റേയും കല്യാണം ഒരുക്കിയ ഡെകോര്‍ ലാബ് ഇവന്റ്‌സ് ആണ് ഈ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ട്രെന്റായി മാറിയിരിക്കുകയാണ്.
'എന്റെ വീട്ടിലെ എല്ലാവരും വളരെ ചൂസിയായ ആളുകളാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല. എന്റെ പങ്കാളി എപ്പോഴും എന്നോട് വിശ്വസ്തത കാണിക്കണം എന്നതായിരുന്നു എന്റെ ആവശ്യം. എന്നേക്കാള്‍ ഉയരമുണ്ടാകണമെന്നും എനിക്കുള്ള നല്ല ഗുണങ്ങള്‍ എന്റെ പങ്കാളിക്കുമുണ്ടാകണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ വളരേയധികം സത്യസന്ധയാണ്. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് തുറന്ന് പറയും. അത് ഞാന്‍ എന്റെ പങ്കാളിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു'' എന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. അശ്വിനും വീഡിയോയിലുണ്ട്.

''അശ്വിനും അങ്ങനെ തന്നെയാണ്. ഇതുപോലൊരു പങ്കാളിയെ എനിക്ക് ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അശ്വിന്‍ എന്റെ മുഖത്തു നോക്കി പറയും. പിന്നീട് ഞങ്ങള്‍ അക്കാര്യത്തില്‍ വഴക്ക് കൂടും. അശ്വിന്‍ തന്നെ ആ വഴക്ക് അവസാനിപ്പിക്കും. അതോടെ ആ പ്രശ്നം തീരും. എനിക്കെന്താണോ വേണ്ടത് അത് ഞാന്‍ അശ്വിനില്‍ കണ്ടു. 'എന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ?' എന്ന് ഞാന്‍ അശ്വിനോട് ചോദിച്ചു. യെസ് പറഞ്ഞ അശ്വിന്‍ എന്നെ സ്നേഹിക്കാന്‍ തുടങ്ങി'' എന്നാണ് ദിയ പറയുന്നത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കിടു ജോഡി, നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, അശ്വിന്‍ ദിയയെ നോക്കുന്നത് കാണുമ്പോള്‍ അറിയാം ആ മനസിലെ പ്രണയം, എന്നും ഇതുപോലെ സന്തോഷത്തോടെയിരിക്കുക, ഒട്ടും ഈഗോയില്ലാത്ത ഒരാള്‍ മാത്രമേ ഇങ്ങനെ ചോദിക്കാന്‍ സാധിക്കുകയുള്ളൂ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.


Click it and Unblock the Notifications