സൂപ്പർസ്റ്റാർ വരെ ബിന്നിയുടെ കീഴിൽ പാട്ടു പഠിക്കുന്നു; അദ്ദേഹം ബെസ്റ്റ് സ്റ്റുഡൻ്റാണ്; ശിവാങ്കി ഇങ്ങനെയാണ്...
ബിന്നി കൃഷ്ണകുമാർ എന്ന പേര് മലയാളികൾക്ക് ഇത്രയും സുപരിചിതമാവുന്നത് കഴിഞ്ഞ കുറച്ച് നാളുകളായിട്ടാണ്. വർഷങ്ങളായി ബിന്നി സംഗീതലോകത്തെ നിറസാന്നിധ്യമാണ്. പക്ഷേ പിന്നണി ഗാനരംഗത്ത് അധിക നാൾ തിളങ്ങാൻ സാധിച്ചില്ല. ചന്ദ്രമുഖി എന്ന സിനിമയിലെ രാരാ എന്ന പാട്ട് പാടിയ ഗായികയാണ് ബിന്നി. ആ പേരിലാണ് ഇന്നും ബിന്നിയെ ആളുകൾ തിരിച്ചറിയുന്നത്. ബിന്നിയുടെ മകൾ ശിവാങ്കി കൃഷ്ണകുമാറും സംഗീത രംഗത്ത് നിലയുറപ്പിച്ചു.
ശിവാങ്കിയുടെ ശബ്ദത്തിലെ വ്യത്യസ്തത തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. സംസാരിക്കുമ്പോൾ ഒരു ശബ്ദവും പാടുമ്പോൾ കേൾക്കുന്നവരെ പോലും കുളിരണിയിക്കുന്ന ശബദ്മാണ്. ശിവാങ്കിയെ തമിഴ് സിനിമയിൽ പാട്ടു പാടിപ്പിക്കാൻ കൊണ്ടു പോയതിനെ കുറിച്ച് ബിന്നി കൃഷ്ണകുമാർ മൂവി വേൾഡ് മീഡിയ എന്ന ചാനലിലൂടെ സംസാരിക്കുന്നു.

"2009ൽ റിലീസ് ചെയ്ത പസങ്ക എന്ന സിനിമയിലും ശിവാങ്കി പാടിയിട്ടുണ്ട്. അന്ന് ശിവാങ്കി വളരെ ചെറിയ കുട്ടിയായിരുന്നു. അച്ഛൻ കൃഷ്ണകുമാറാണ് ആ പാട്ട് പഠിപ്പിച്ചത്. കൃഷ്ണകുമാർ പറഞ്ഞു കൊടുത്തത് അനുസരിച്ചാണ് ശിവാങ്കി ആ പാട്ട് പാടിയത്. അത് ശരിക്കും വലിയ ഹിറ്റായിരുന്നു. ബാലമുരളികൃഷ്ണക്കൊപ്പമായിരുന്നു ശിവാങ്കി ഈ പാട്ട് പാടിയത്. ശിവാങ്കിക്ക് അത് അഭിമാന നിമിഷമായിരുന്നു, കാരണം അവരുടെ ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹം."
ബിന്നി കൃഷ്ണകുമാറിന് ഒരുപാട് ശിഷ്യൻമാരുണ്ട്. നിരവധി ആർട്ടിസ്റ്റുകൾ സംഗീതം പഠിച്ചതും പഠിക്കുന്നതും ബിന്നിയുടെ ശിക്ഷണത്തിലാണ്. ശ്വേത മോഹൻ, റിമി ടോമി അങ്ങനെ നിരവധി ആർട്ടിസറ്റുകളുണ്ട്. എന്നാൽ ആർക്കും അറിയാത്ത മറ്റൊരു സൂപ്പർസ്റ്റാർ ബിന്നി കൃഷ്ണകുമാറിന്റെ ശിഷ്യനാണ്. നടൻ ധനുഷ് കുറച്ച് കാലം ഓൺലൈനായിട്ട് പാട്ട് പഠിച്ചിട്ടുണ്ട്. ശ്വേത മോഹൻ വഴിയാണ് ധനുഷ് ബിന്നിയെ സമീപിച്ചത്.
"കൊറോണ സമയത്തായിരുന്നു പഠിച്ചത്. ഓൺലൈൻ ക്ലാസുകളായിരുന്നു. ശ്വേതയാണ് എന്നെ വിളിച്ചിട്ട് പറഞ്ഞത് ധനുഷിന് പാട്ട് പഠിക്കണമെന്ന് ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് എന്നും എന്റെ നമ്പർ ചോദിച്ചുവെന്നും. അങ്ങനെ എന്റെ നമ്പർ ശ്വേത അദ്ദേഹത്തിന് കൈമാറി. ഒരുദിവസം ധനുഷിന്റെ മെസേജ് വന്നു. താത്പര്യവും പറഞ്ഞു. എന്റെ കണ്ടീഷൻസ് എല്ലാം ഞാൻ വ്യക്തമാക്കി. അദ്ദേഹം നല്ല സ്റ്റുഡന്റായിരുന്നു. ക്ലാസ് ഓൺലൈൻ ആയിരുന്നു. രാവിലെ കൃത്യം 11 മണിക്ക് ധനുഷ് വിളിക്കും. കൃത്യം 12 മണിക്ക് ക്ലാസ് അവസാനിക്കുകയും ചെയ്യും.

രാവിലെ നെറ്റിയിൽ ഭസ്മം തേച്ച് രുദ്രാക്ഷമിട്ട് ഇരിക്കും. ധനുഷിന്റെ പിറകിൽ നിന്നു സാബ്രാണി കത്തിക്കുന്നതിന്റെ പുക കാണാം. എല്ലാം കൃത്യമായിട്ട് പഠിക്കുമായിരുന്നു. പക്ഷേ കൊറോണ കഴിഞ്ഞപ്പോൾ പിന്നെ അദ്ദേഹത്തിനു സംഗീതം തുടരാൻ സാധിച്ചില്ല. ചിലപ്പോൾ ഇത് തുടരാൻ സാധിക്കുമോ എന്നറിയില്ലെന്ന് ധനുഷ് നേരത്തെ എന്നോട് സൂചിപ്പിച്ചിരുന്നു. സിനിമാ തിരക്കുകളായിരുന്നു. ഇപ്പോൾ ധനുഷുമായി യാതൊരു കോണ്ടാക്ടുമില്ല." ബിന്നി കൂട്ടിച്ചേർത്തു.
ഇത്രയും ആർട്ടിസ്റ്റുകളെ ബിന്നി സംഗീതം പഠിപ്പിക്കുന്നുണ്ട്. പക്ഷേ ശിവാങ്കിയെ പൂർണമായും പഠിപ്പിക്കാൻ ബിന്നിക്കു സാധിച്ചിട്ടില്ല. "ശിവാങ്കിക്ക് സംഗീതം പഠിക്കാൻ വലിയ മടിയാണ്. ശ്വേത മോഹൻ വരുമ്പോൾ ഞാനും പഠിക്കുന്നു എന്നു പറഞ്ഞു പഠിക്കാൻ ഓടിയെത്തും. അല്ലാതെ വരില്ല. പക്ഷേ ശിവാങ്കി എല്ലാം നിമിഷ നേരം കൊണ്ട് പഠിക്കും. അവൾക്ക് ഗ്രാസ്പിങ് പവറുണ്ട്. മാത്രമല്ല പണ്ട് മുത്തശ്ശി പഠിപ്പിച്ചു കൊടുത്തതെല്ലാം ഇപ്പോഴും ശിവാങ്കിക്ക് ഓർമയുണ്ട്. ശിവാങ്കിയുടെ സഹോദരൻ അൽപം സൈലന്റാണ്. അധികം ബഹളം വെക്കുന്ന കൂട്ടത്തിൽ അല്ല. എന്നാൽ പാട്ടു പഠിക്കാൻ വലിയ മടിയാണ്."


Click it and Unblock the Notifications











