ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു, ഈ കാരണം കൊണ്ട് നോ പറഞ്ഞു: ദുല്‍ഖര്‍
മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും നായകനായി വിലസുന്ന ദുല്‍ഖര്‍ ഇന്നൊരു പാന്‍ ഇന്ത്യന്‍ താരമാണ്. ദുല്‍ഖറിന്റെ ഓരോ സിനിമയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളും ദുല്‍ഖര്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒരിക്കല്‍ തന്നെ തേടി ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം വന്നിരുന്നുവെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. 2020 ല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്. സൂപ്പര്‍ ഡീലക്‌സില്‍ വിജയ് സേതുപതിയും അസുരനില്‍ ധനുഷും ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഏതായിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ദുല്‍ഖര്‍.

''വിജയ് സേതുപതി സര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. മുമ്പ് ഒരു ട്രാന്‍സ്ജെന്‍റർ കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു എനിക്ക്'' ദുല്‍ഖര്‍ പറയുന്നു. ഒരു നടനെന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാന്‍ തനിക്ക് കുറിച്ചുകൂടി അനുഭവജ്ഞാനം വേണ്ടി വരുമെന്ന് തോന്നുന്നുവെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അത്ര എളുപ്പത്തില്‍ തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍. ജന്മദിനത്തിന്റെ ഭാഗമായി നിരവധി പുതിയ സിനിമകളാണ് ദുല്‍ഖര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പറവ എന്ന സിനിമയിലൂടെ സംവിധായകനായി മാറിയ സൗബിനൊപ്പം വീണ്ടുമെത്തുന്ന ഓതിരം കടകം ആണ് ദുല്‍ഖര്‍ പ്രഖ്യാപിച്ച സിനിമകളിലൊന്ന്. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ നിർമ്മാണവും. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലും ദുല്‍ഖര്‍ ആണ് നായകന്‍.
റോഷന്‍ ആന്‍ഡ്രുസ് സംവിധാനം ചെയ്ത സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. കുറുപ്പില്‍ സുകുമാര കുറുപ്പിന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്. സല്യൂട്ടില്‍ പോലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. തെലുങ്കിലും ദുല്‍ഖറിന്റെ പുതിയ സിനിമ തയ്യാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications