അമാൽ അങ്ങനെയാകേണ്ട കാര്യമില്ലെന്ന് ചിലപ്പോൾ തോന്നാറുണ്ട്! അക്കാര്യത്തിൽ രണ്ടുപേരും ഓപ്പോസിറ്റാണ്: ദുൽഖർ സൽമാൻ
തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇന്ന് ദുൽഖർ സൽമാൻ. വരും വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും വലിയ താരമാകാൻ പോകുന്നത് ആരാണെന്ന ചോദ്യത്തിന് സിനിമാ പ്രേമികൾ നിസംശയം പറയുന്ന പേരുകളിലൊന്നാണ് ദുൽഖറിന്റേത്. മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. അടുത്തിടെ ദുൽഖറിന്റേതായി ഇറങ്ങിയ സിനിമകൾ എല്ലാം തന്നെ പാൻ ഇന്ത്യൻ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
വലിയ താരമായി നിൽക്കുമ്പോൾ തന്നെ വാപ്പ മമ്മൂട്ടിയെ പോലെ തന്നെ ഒരു ഫാമിലി മാനാണ് ദുൽഖർ സൽമാനും. തിരക്കുകൾക്കിടയിലും പരമാവധി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ദുൽഖർ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അഭിമുഖങ്ങളിലെല്ലാം നടൻ തന്റെ കുടുംബത്തെ കുറിച്ച് വാചാലനാകാറുമുണ്ട്. സിനിമയിലേക്ക് എത്തുന്നതിന് മുന്നേ തന്നെ വിവാഹിതനായതാണ് ദുൽഖർ. 2011 ഡിസംബറിൽ ആയിരുന്നു അമൽ സൂഫിയയുമായുള്ള ദുൽഖറിന്റെ വിവാഹം.

ഇരുവർക്കും ഇപ്പോൾ മറിയം അമീറ സൽമാൻ എന്നൊരു മകളുമുണ്ട്. പൊതുവേദികളിലെല്ലാം അമാലിനെയും കൂട്ടിയാണ് ദുൽഖർ എത്താറുള്ളത്. അതുകൊണ്ട് തന്നെ നടനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അമാലും. സ്‌കൂളിൽ വച്ച് അമാലിനെ കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും പിന്നീട് വിവാഹിതരായതിനെ കുറിച്ചെല്ലാം ദുൽഖർ പലപ്പോഴായി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അമാലിൽ തനിക്ക് ഇഷ്ടമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. ഹിരിയേ എന്ന തന്റെ പുതിയ ആൽബത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ സൽമാൻ. ജസ്ലിൻ റോയലും അർജീത്ത് സിങ്ങും പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്.
തന്നെ അപേക്ഷിച്ച് അമാൽ വളരെ ശാന്തയാണെന്നാണ് ദുൽഖർ പറയുന്നത്. ചില സമയത്ത് താൻ ഒരു കാണാൻ കൊള്ളാവുന്ന പോപ്പുലറായ ടാലന്റഡായ ഒരു ആക്ടറാണെന്ന കാര്യം അവൾ അംഗീകരിച്ചാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട് (ചിരിക്കുന്നു). ആൾ ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത പോലെയാണെന്ന് ദുൽഖർ പറയുന്നു.
'അമാൽ എപ്പോഴും പെർഫെക്ടായിരിക്കും. ഞാൻ അങ്ങനെയല്ല. എന്റെ സർക്കിളുകളിൽ സോഷ്യൽ എക്‌സ്‌ട്രോവാർട്ടണ് ഞാൻ. അമാൽ ഒരു ചുവട് പോലും തെറ്റായി വെക്കില്ല. അക്കാര്യത്തിൽ ഞങ്ങൾ രണ്ടു പേരും ഓപ്പോസിറ്റാണ്. ഇങ്ങനെ പെർഫെക്റ്റ് ആകേണ്ട കാര്യമില്ല എന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്', ദുൽഖർ പറഞ്ഞു. ഭാര്യ അമാൽ തന്നേക്കാൾ അഞ്ച് വയസിന് ഇളയതാണെണെന്നും താൻ 12ൽ പഠിക്കുമ്പോൾ ഭാര്യ ഏഴാം ക്ലാസിലായിരുന്നുവെന്നും ഇതേ അഭിമുഖത്തിൽ ദുൽഖർ പറയുകയുണ്ടായി.

അതേസമയം ഇതുവരെ അഭിനയിച്ചതിൽ തന്റെ ബെസ്റ്റ് ഓൺ സ്ക്രീൻ കെമിസ്ട്രിയായി തോന്നിയ നായിക ആരാണെന്നും ദുൽഖർ തുറന്നു പറഞ്ഞു. 'ഇപ്പോൾ ചോദിക്കുകയാണെങ്കിൽ അത് മൃണാലാണ്. അതിന് കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കുകയും, ഒ.കെ. കൺമണിയിൽ നിത്യയും നല്ല കോമ്പിനേഷനായിരുന്നു. ഇവർ രണ്ട് പേരുമായാണ് ഏറ്റവും കൂടുതൽ കെമിസ്ട്രി തോന്നിയിട്ടുള്ളത്. ആളുകൾ പറഞ്ഞു കേട്ടിട്ടുള്ളതും ഇവരെ പറ്റിയാണ്,' എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ളിക്സ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സ് എന്നിവയാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന പ്രോജക്ടുകൾ. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേറെർ ഫിലിംസും ചേർന്നാണ് കിംഗ് ഒഫ് കൊത്ത നിർമിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും.


Click it and Unblock the Notifications