ജനിച്ചത് മകൾ ആണെന്നറിഞ്ഞപ്പോൾ നിലവിളിച്ചു, പാതി മയക്കത്തിൽ അമാലിന്റെ പ്രതികരണം ഇങ്ങനെ: ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ ഇന്ന് പാൻ ഇന്ത്യ തലത്തിൽ ഏറെ അറിയപ്പെടുന്ന മലയാളി താരങ്ങളിൽ പ്രധാനിയാണ്. മലയാളത്തിലാണ് കരിയർ തുടങ്ങിയതെങ്കിലും, പ്രശസ്ത താരം ഇന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സ്വന്തമായ ഒരിടം ദുൽഖറിനുണ്ട്. സിനിമയുടെ ഗ്ലാമർ ലോകത്ത് നിൽക്കുമ്പോഴും, തന്റെ വാപ്പച്ചി മമ്മൂട്ടിയെ പോലെ തന്നെ ഒരു തികഞ്ഞ കുടുംബസ്ഥനാണ് സീതാ രാമം താരം. ഷൂട്ടിങ് ഇല്ലാത്തപ്പോൾ തന്റെ കുടുംബത്തിനൊപ്പം, പ്രത്യേകിച്ച് ഭാര്യ അമാൽ സൂഫിയയ്ക്കും, മകൾ മറിയം അമീറാ സൽമാനും ഒപ്പം സമയം ചെലവഴിക്കാനാണ് ദുൽഖർ സൽമാൻ ശ്രമിക്കാറുള്ളത്.
കുറച്ചു കാലം മുൻപ്, ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ താൻ അച്ഛനായ ദിവസത്തെ കുറിച്ചും, ആദ്യമായി മകൾ മറിയത്തെ കണ്ട നിമിഷത്തെ കുറിച്ചും, ഏറെ സന്തോഷത്തോടെ ദുൽഖർ സൽമാൻ ഓർത്തെടുത്തിരുന്നു. ഭാര്യ അമാൽ ഗർഭിണിയായപ്പോൾ, മകൻ ആവാനാണ് സാധ്യത എന്നാണ് ഡോക്ടർ പോലും ആദ്യം സൂചിപ്പിച്ചിരുന്നത് എന്ന് നടൻ വെളിപ്പെടുത്തി. എന്നാൽ, ദുൽഖറും, വാപ്പച്ചി മമ്മൂട്ടിയും, ജനിക്കുന്നത് പെൺകുട്ടിയാവണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു.

മമ്മൂട്ടി അസുഖത്തെ നേരിട്ടത് ലാഘവത്തോടെ, രുചി പോയെന്ന് ഇടയ്ക്ക് പറഞ്ഞു: ശ്രീരാമൻ പറയുന്നു
നടന്റെ സഹോദരി സുറുമിയ്ക്ക് രണ്ട് ആൺ കുട്ടികളാണ്. അത് കൊണ്ട് കൂടിയാണ്, ഒരു മകൾ ഉണ്ടാവണമെന്ന് എല്ലാവരും ഒരുപാട് ആഗ്രഹിച്ചത്. എന്നാൽ അമാലിന്റെ പ്രസവം നടന്ന് കുഞ്ഞിനെ കാണാൻ ചെന്നപ്പോൾ, ദുൽഖർ സൽമാന് കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസാണ്. "എന്ത് കുട്ടിയാണെങ്കിലും ഒരു അനുഗ്രഹമാണ്. എങ്കിലും പെൺകുട്ടി ആണെങ്കിൽ നന്നായേനെ എന്ന് ചിന്തിച്ചു കൊണ്ടാണ് പോയത്. "എന്ത് കുട്ടിയാവും, ഊഹിക്കാമോ?" എന്ന് ഡോക്ടർ ചോദിച്ചപ്പോൾ, "ആൺകുട്ടിയാവുമെന്ന് അറിയാം," എന്നാണ് ഞാൻ പറഞ്ഞത്. "ഒന്ന് നോക്കൂ," എന്നും പറഞ്ഞു കുഞ്ഞിനെ എടുത്ത് കാണിച്ചപ്പോൾ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഒന്നും മനസ്സിലായതുമില്ല," ദുൽഖർ വെളിപ്പെടുത്തി.
"ഒന്ന് കൂടി നോക്കാൻ ഡോക്ടർ പറഞ്ഞപ്പോഴാണ്, ജനിച്ചത് മകൾ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ആ ആവേശത്തിൽ ഞാൻ ഉറക്കെ നിലവിളിച്ചു ആ ഹോസ്പിറ്റൽ മുഴുവൻ അറിയിച്ചു. ഡോക്ടർമാരും, നേഴ്സ്മാരും എന്റെ റിയാക്ഷൻ കണ്ട് പേടിച്ചു. ഞാൻ തുള്ളി ചാടിക്കൊണ്ട് ആകെ ഒച്ചയും ബഹളവും ആയിരുന്നു. അപ്പോൾ അമാൽ ചെറിയ മയക്കത്തിൽ ആയിരുന്നു. പക്ഷെ എന്റെ ബഹളം കേട്ട് അവൾ കണ്ണ് തുറന്ന് "മറിയം?" എന്നും ചോദിച്ചു കണ്ണുകൾ വീണ്ടും അടച്ചു. അങ്ങനെ അതാണ് മോളുടെ പേര് എന്നും തീരുമാനമായി. കാരണം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു, പെൺകുട്ടിയാണെങ്കിൽ ഇതാവണം പേര് എന്ന്," ദുൽഖർ സൽമാൻ ഒരു ചിരിയോടെ വെളിപ്പെടുത്തി.

"പിന്നെ ഞാൻ ഓടി പുറത്തു വന്നിട്ട് എല്ലാവരോടും "ഞാൻ പറഞ്ഞില്ലേ... നിങ്ങളോട് ഞാൻ പറഞ്ഞില്ലേ..." എന്നൊക്കെ പറഞ്ഞ് കുറെ ബഹളം വച്ചു. പക്ഷെ അപ്പോഴും ജനിച്ചത് പെൺകുഞ്ഞാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് കൊണ്ട് കുടുംബത്തിൽ ഉള്ള ആർക്കും ഒന്നും മനസ്സിലായില്ല, ഞാൻ എന്താണീ പറഞ്ഞിട്ട് പോയതെന്ന്. അവരൊക്കെ "എന്താ? എന്താ സംഭവിച്ചത്?" എന്നൊക്കെ ചോദിച്ചുകൊണ്ട് നിന്നു. കാരണം അവർ ആകെ കേട്ടത് എന്റെ നിലവിളിയും, പിന്നെ പുറത്തു വന്ന് ഞാൻ കാട്ടിക്കൂട്ടിയതും മാത്രമാണ്. ആർക്കും ഒന്നും മനസ്സിലായില്ല," ദുൽഖർ സൽമാൻ ഒരു കുസൃതി ചിരിയോടെ കൂട്ടിച്ചേർത്തു.
എന്തായാലും, മറിയം അമീറാ സൽമാൻ ഇന്ന് മമ്മൂട്ടി കുടുംബത്തിലെ ഒരേയൊരു പേര മകൾ ആയി, എല്ലാ വാത്സല്യവും അറിഞ്ഞു വളരുകയാണ്. തന്റെ പപ്പാ ദുൽഖർ സൽമാനെ പോലെ തന്നെ, മറിയത്തിന്റെയും സ്കൂൾ വിദ്യാഭ്യാസം നടക്കുന്നത് ചെന്നൈയിലാണ്. താര പുത്രിയെ അധികം ആർക്കും കാണാൻ കിട്ടാറില്ലെങ്കിലും, ഇടയ്ക്കൊക്കെ മകളുടെ ഫോട്ടോകൾ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.


Click it and Unblock the Notifications











