പേടിച്ചിട്ടാണ് സിനിമയിലേക്ക് നേരത്തെ വരാതിരുന്നത്; ഞാൻ വരുന്നതിന് മുമ്പാണ് ഫഹദ് വന്ന് പോയത്: ദുൽഖർ പറയുന്നു
ആദ്യ സിനിമയ്ക്ക് ശേഷം വാപ്പയുടെ പേര് കളയാൻ വന്ന മകൻ എന്നടക്കം വിമർശനങ്ങൾ കേട്ട നടനാണ് ദുൽഖർ സൽമാൻ. ആ നടനിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവനടന്മാരിൽ ഒരാളാണ്.
തമിഴും, തെലുങ്കും എല്ലാം കടന്ന് ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുകയാണ് നടനിന്ന്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന് പറയിക്കാതെ ദുൽഖർ സൽമാൻ എന്ന സ്വന്തം ഐഡന്റിറ്റിയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് ദുൽഖർ.
ആരാധകർക്കെല്ലാം കുഞ്ഞിക്കയായ ദുൽഖർ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൊണ്ടോട്ടിയിൽ ഒരു ഉദ്‌ഘാടന വേദിയിൽ എത്തിയ നടൻ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഇക്കാര്യം പറഞ്ഞത്.

ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് ദുൽഖർ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിനയത്തോട് ഇത്രയും പാഷനുണ്ടായിട്ടും എന്തുകൊണ്ടാണ് ദുൽഖർ സിനിമ മേഖലയിലേക്ക് വരാൻ താമസിച്ചത്, വാപ്പയെ പോലെ ഗ്ലാമർ നിലനിർത്താൻ കഴിയുമെന്ന് തോന്നിയിട്ടാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
വാപ്പ സിനിമയിൽ അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് താനായിട്ട് ആ പേര് നശിപ്പിക്കരുതെന്ന് കരുതിയാണ് സിനിമയിലേക്ക് നേരത്തെ വരാതിരുന്നതെന്നും ആ പേടിയാണ് പ്രധാന കാരണമെന്നുമാണ് ദുൽഖർ പറഞ്ഞത്.
തനിക്ക് അഭിനയം വരുമോ, തന്റെ മുഖം രണ്ട് മണിക്കൂർ ആളുകൾ കണ്ടുകൊണ്ടിരിക്കുമോ തുടങ്ങിയ നിരവധി ചിന്തകളും തന്നെ ആ സമയത്ത് അലട്ടിയിരുന്നെന്ന് ദുൽഖർ പറഞ്ഞു.
'ശരിക്കും പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു. വളരെ പേടിച്ചാണ് ഇരുപത്തിയെട്ടാമത്തെ വയസിൽ ഞാൻ സിനിമയിലേക്ക് വന്നത്. കാരണം വാപ്പച്ചി അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായി വന്നിട്ട്, ആ പേര് കളയണ്ടാ എന്നാണ് കരുതിയത്,'
'ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ബിഗ് ബിയൊക്കെ ഇറങ്ങുന്നത്. ഇനി ഞാനായിട്ട് സിനിമയിലേക്ക് വന്ന് അതൊക്കെ കുളമാക്കുവോ, എനിക്ക് അഭിനയം വരില്ലേ, എന്നെ ആളുകൾ രണ്ട് മണിക്കൂർ കണ്ടുകൊണ്ടിരിക്കുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു അന്നുണ്ടായിരുന്നത്,'
'എനിക്ക് തോന്നുന്നു നമ്മുടെയൊക്കെ ഇരുപതുകളിലായിരിക്കും ഇത്തരത്തിലുള്ള ഇൻസെക്യൂരിറ്റി തോന്നുന്നതെന്ന്. നമ്മളെ കുറിച്ച് തന്നെ ഒരു ആത്മവിശ്വാസമില്ലാത്ത അവസ്ഥ,'
'അതുകൊണ്ടാണ് ഞാൻ അഭിനയിച്ചാൽ ശരിയാകില്ല എന്ന ചിന്തയിലേക്ക് എത്തിയത്. എങ്ങാനും പാളിയാലോ എന്ന ചിന്ത ഉണ്ടായിരുന്നു. കാരണം സെക്കന്റ് ജനറേഷൻ താരങ്ങൾ വിജയിക്കുന്ന ഒരു രീതി അന്ന് നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നില്ല,'
'ഞാൻ വരുന്നതിന് മുമ്പാണ് ഫഹദ് വന്ന് പോകുന്നത്. ഞാനൊക്കെ വരുന്നതിന് മുമ്പ് പൃഥ്വി സിനിമയിൽ വന്നിട്ടുണ്ടായിരുന്നു. എങ്കിലും എനിക്ക് ആവശ്യമായിട്ടുള്ള റെഫറൻസായി ഇവിടെ ആരും ഉണ്ടായിരുന്നില്ല,'
'അതുകൊണ്ടാണ് വാപ്പച്ചിയുടെ പേര് ഞാനായി കളയെണ്ട എന്ന തീരുമാനത്തിൽ തന്നെ നിന്നത്. എന്നാൽ ഇപ്പോൾ ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് ആഗ്രഹമില്ല,'

'എന്റെ വീടെന്ന് പറയുന്നത് എനിക്ക് അത്രക്ക് ഇഷ്ടമുള്ള സ്ഥലമാണ്. അവിടെ നിന്നും പുറത്തേക്കിറങ്ങി ഈ ജോലിക്ക് ഞാൻ പോകുന്നുണ്ടെങ്കിൽ അതിനോടെനിക്ക് അത്രക്ക് ഇഷ്ടമുള്ളതു കൊണ്ടാണ്,' എന്നാണ് ദുൽഖർ പറഞ്ഞത്.
കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ മൂന്ന് ഭാഷകളിൽ കൂടി റിലീസ് ചെയ്യുന്നുണ്ട്.
ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദുൽഖറിന്റെ വെയ്‌ഫെററും സീയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications