അവാര്‍ഡ് ജൂറി ആ കഥാപാത്രത്തെ മനസിലാക്കിയില്ലെന്ന് തോന്നി; സൈബര്‍ അറ്റാക്കില്‍ വിഷമിച്ചിരുന്നു
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ദുര്‍ഗ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും വരെ എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ച് സംസാരിക്കുകയാണ് ദുര്‍ഗ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''തികച്ചും സ്വകാര്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു കലാകാരിയെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ആവശ്യമായതു കൊണ്ട് മാത്രം അതില് സജീവമാകുന്നു. അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീമുണ്ട്. സൈബര്‍ അറ്റാക്കുകള്‍ വരുമ്പോള്‍ ആദ്യകാലത്ത് എനിക്കും ടീമുമൊക്കെ വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോഴില്ല. കാരണം സോഷ്യല്‍ മീഡിയ വലിയൊരു സമുദ്രമാണെന്ന് എനിക്കറിയാം'' ദുര്‍ഗ പറയുന്നു.

നല്ലവരും നല്ലവരായി നടിക്കുന്നവരും മോശക്കാരുമുള്ള വലിയ സമുദ്രം. അതിലെ പ്രശംസയും വിമര്‍ശനവും ചെളിവാരി എറിയലും ലൈംഗിക ചുവയോടെയുള്ള അഭിപ്രായങ്ങളുമെല്ലാം ഒരു തിര വന്നു പോകുന്ന പോലെയാണ്. അത് മനസിലേക്ക് എടുക്കേണ്ട കാര്യം ഇല്ലെന്ന് മനസിലാക്കിയെന്നും ദുര്‍ഗ പറയുന്നു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോശം കമന്റുകള്‍ വരുമ്പോള്‍ മുമ്പ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും താന്‍ നിര്‍ത്തിയെന്നാണ് ദുര്‍ഗ പറയുന്നത്. നേരത്തെ പറഞ്ഞതുപോലെ ഒരു തിര വന്നു പോകും. വീണ്ടും അടുത്തത് വരും, പോകും. അത്രയേയുള്ളൂവെന്നാണ് ദുര്‍ഗ പറയുന്നത്. തന്റെ പ്രശംസ നേടിയ സിനിമയായ ഉടലിനെക്കുറിച്ചും ദുര്‍ഗ സംസാരിക്കുന്നുണ്ട്.
ഉടല്‍ എന്റെ കരിയറിലെ പ്രധാന സിനിമയാണ്. ആ സിനിമയും അതിലെ ഷൈനി എന്ന കഥാപാത്രവും കുറേ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേരിട്ടുവെന്ന് ദുര്‍ഗ ചൂണ്ടിക്കാണിക്കുന്നു. മികച്ച നടിക്കുള്ള ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും ആ കഥാപാത്രത്തിലൂടെ ദുര്‍ഗയെ തേടിയെത്തിയിരുന്നു. എങ്കിലും വേണ്ടത്ര അംഗീകാരം ആ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് തന്റെ ഉത്തരമെന്നാണ് ദുര്‍ഗ പറയുന്നത്.
സിനിമ സാമ്പത്തികമായി വിജയം നേടിയെങ്കിലും നിരൂപണങ്ങള്‍ അധികം നടന്നിട്ടുണ്ടോ എന്ന് സംശയമാണെന്നാണ് ദുര്‍ഗ പറയുന്നത്. കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ ഉടല്‍ തിരഞ്ഞെടുത്തതെന്നും ദുര്‍ഗ പറയുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് പോലുള്ള പ്രമുഖ അവാര്‍ഡ് ജൂറികളും ആ കഥാപാത്രത്തിന്റെ മനസിലാക്കിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും ദുര്‍ഗ പറയുന്നു.

പിന്നീട് സംസ്ഥാന അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ തന്റെ കഥാപാത്രം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു. അത് തന്നെ വലിയ അംഗീകാരമായി കാണുന്നുവെന്നാണ് ദുര്‍ഗ പറയുന്നത്. വിമര്‍ശനങ്ങള്‍ എന്നും ആര്‍ട്ടിസ്റ്റിന് നല്ലതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താനും സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും നിലവാരവും ഇരട്ടത്താപ്പും മനസിലാക്കാനും വിമര്‍ശനങ്ങള്‍ സഹായിക്കുമെന്നും ദുര്‍ഗ പറയുന്നു.
മനോരഥങ്ങള്‍ ആണ് ദുര്‍ഗയുടേതായി ഒടുവിലിറങ്ങിയ സിനിമ. എംടിയുടെ കഥകള്‍ സിനിമയാക്കിയ സീരീസിലെ ഓളവും തീരവും എന്ന ഭാഗത്താണ് ദുര്‍ഗ അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ സംവിധാനം പ്രിയദര്‍ശന്‍ ആയിരുന്നു. വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, ഉടല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ദുര്‍ഗ.


Click it and Unblock the Notifications











