റഹ്മാൻ പിണങ്ങി പോയി; രണ്ടായിരം പേരുടെ ശാപം കേൾക്കണോ എന്ന ചോദ്യത്തിൽ തീരുമാനം മാറി: ഇടവേള ബാബു
മലയാള സിനിമയിലെ മാറ്റി നിർത്താൻ കഴിയാത്ത വ്യക്തിത്വങ്ങളിൽ ഒരാളാണ് നടൻ ഇടവേള ബാബു. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും വർഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നിൽ നിന്ന് നയിക്കുന്നത് അദ്ദേഹമാണ്. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ നിന്നും പ്രവർത്തിച്ച ആളാണ് ഇടവേള ബാബു. സംഘടനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പോലും നല്ല രീതിയിൽ കൈകാര്യം ചെയ്ത് കൊണ്ടുപോകുന്ന ആളാണ് അദ്ദേഹം.
പലപ്പോഴും താരങ്ങളും അണിയറ പ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥനായി നിന്ന് അവ പരിഹരിക്കുന്നതും ഇടവേള ബാബു ആണ്. ഇപ്പോഴിതാ അത്തരത്തിൽ നടൻ റഹ്മാനും ഒരു സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിലുണ്ടായ തർക്കം പരിഹരിച്ചതിനെ കുറിച്ച് പറയുകയാണ് ഇടവേള ബാബു. കാൻ ചാനൽ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മഴവിൽ കൂടാരം എന്ന സിനിമ നടക്കുന്ന സമയത്ത് ഒരു സംഭാവമുണ്ടായിട്ടുണ്ട്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ഷൂട്ട്. ഒരു പത്ത് രണ്ടായിരം ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ളൊരു സെറ്റാണ്. ഭയങ്കര ഹെവി സെറ്റപ്പാണ്. പി സുകുമാർ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. സിദ്ദിഖ് ഷമീർ ആയിരുന്നു സംവിധാനം. ചെറിയൊരു കാര്യത്തിന്റെ പേരിൽ റഹ്മാൻ വഴക്ക് കൂടി. വഴക്ക് എന്ന് പറഞ്ഞാൽ ഭയങ്കര വഴക്ക്. അന്ന് തൃശൂർ ആണ് റഹ്മാന്റെ താമസം. വേഗം കാറെടുക്കാൻ പറഞ്ഞു, റഹ്മാൻ കാറിൽ കയറി തൃശൂർക്ക് പോയി.
സുകുമാറും ഡയറക്ടറും എല്ലാം എന്നെ നോക്കി. എന്ത് ചെയ്യണമെന്ന് ആർക്കും ഒരു പിടിയില്ല. 'ഇത് കയ്യിൽ നിന്നും പോകും, ബാബു ഒന്ന് ഇടപെടണം' എന്ന് സുകുമാർ പറഞ്ഞു. അന്ന് ഞാൻ അമ്മയിൽ ഒരു സ്ഥാനത്ത് ഉണ്ട്. എന്നാൽ ഇത്രയും സജീവമല്ല. ഞാൻ നേരെ ഒരു വണ്ടിയെടുത്ത് പിന്നാലെ പോയി. അവിടെ ചെന്നപ്പോൾ റഹ്മാൻ വളരെ ദേഷ്യത്തിലാണ്. ഞങ്ങൾ അന്ന് നല്ല സുഹൃത്തുക്കളാണ്. റഹ്മാന്റെ വീട്ടിലൊക്കെ ഞാൻ പോകാറുള്ളതാണ്. ഭാര്യയുമായൊക്കെ നല്ല അടുപ്പമാണ്.
ഞാൻ റഹ്മാനോട് സംസാരിച്ചു. ഇന്ന് ഷൂട്ടിങ് മുടങ്ങി പോകുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു. മറ്റൊന്ന് ആലോചിക്കണ്ട. അവിടെ വന്നേക്കുന്ന പത്ത് രണ്ടായിരം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് മാത്രം ഓർത്താൽ മതി. നാളെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാമല്ലോ എന്നൊക്കെ ഓർത്ത് അതിനുള്ള പൈസയ്ക്കായി വന്നിട്ടുള്ളവർ ആയിരിക്കും അതിൽ ചിലരെങ്കിലും. അതുകൊണ്ട് കുട്ടിയുടെ ഫീസ് അടക്കാമെന്ന് ചിന്തിക്കുന്നവരുണ്ടാകും. അങ്ങനെ നൂറ് കൂട്ടം കാര്യങ്ങൾ ചിന്തിച്ചിട്ടാകും പലരും അവിടെ വന്നിരിക്കുന്നത്.

റഹ്മാൻ കാരണം ഷൂട്ട് മുടങ്ങിയാൽ മനസുകൊണ്ട് രണ്ടായിരം പേർ ശപിക്കും. ആ ശാപം വേണോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ റഹ്മാൻ ഒന്ന് ചിന്തിച്ചു. എല്ലാ പ്രശ്നങ്ങളും ഞാൻ തീർത്തു തരാം എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. അവർ മാപ്പ് പറയണം എന്നായിരുന്നു റഹ്മാന്റെ കണ്ടീഷൻ. എന്നാൽ അവിടെ ചെന്ന് രണ്ടുകൂട്ടരും ഒന്ന് കെട്ടിപിടിച്ചതോടെ ആ പ്രശ്നം അവസാനിച്ചു," ഇടവേള ബാബു പറയുന്നു.
ഒരു പ്രശ്നമുണ്ടാകുമ്പോൾ എണ്ണ ഒഴിക്കാൻ എല്ലാവർക്കും പറ്റും. എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. നമ്മൾ അതിനെ എങ്ങനെ സോർട്ട് ചെയ്യും എന്നതാണ് നോക്കേണ്ടത്. അവിടെ അത് പരിഹരിച്ചില്ലെങ്കിലും നിർമാതാവിന് വലിയ നഷ്ടം വന്നേനെ. പലർക്കും ഡേറ്റ് ഇല്ലാതെ വന്ന് പ്രശ്നങ്ങൾ ഉണ്ടായേനെ എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications