സുരേഷ് ഗോപിയ്ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ആശ കൊടുത്തു; ആ സിനിമ ഒരാളും കണ്ടില്ല!
സുരേഷ് ഗോപിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സാബു സര്‍ഗം. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത വെണ്‍ ശംഖുപോല്‍ എന്ന സിനിമയെക്കുറിച്ചാണ് അദ്ദേഹം മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് എല്ലാവരും കരുതിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. സുരേഷ് ഗോപിയെ തേടി അംഗീകാരവുമെത്തിയില്ല. അതേസമയം സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമയായിരുന്നു വെണ്‍ ശംഖുപോല്‍ എന്നാണ് സാബു പറയുന്നത്. ആ വാക്കുകളിലേക്ക്.

ഏകാദശി എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്. എന്നാല്‍ ആ പേര് വേണ്ടാ എന്ന് ചിലര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വെണ്‍ ശങ്ക് പോല്‍ എന്ന പേരിടുന്നത്. ഭയങ്കരമായി പബ്ലിസിറ്റി ചെയ്ത സിനിമയായിരുന്നു. ലക്ഷങ്ങള്‍ മുടക്കിയിരുന്നു. തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലും ഫ്‌ളെക്‌സുകള്‍ വച്ചിരുന്നു. എറണാകുളത്തിന് താഴേക്കും മുകളിലേക്കും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് ആ സിനിമയുടെ കലാമൂല്യം മനസിലാക്കി സൂര്യ ടിവി എടുത്തു. അത് നിര്‍മ്മാതാവിന്റെ നഷ്്്ടങ്ങളില്‍ ചെറിയ ആശ്വാസമായി.
സുരേഷ് ഗോപി അവതരിപ്പിച്ചത് യുദ്ധ ഭൂമിയില്‍ നിന്നു കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകന്റെ കഥാപാത്രത്തെയായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് ക്യാന്‍സര്‍ വരുന്നു. മരിക്കാറായ അവസ്ഥയാണ്. പക്ഷെ ഒരു അത്ഭുതം നടന്ന് അദ്ദേഹം രക്ഷപ്പെടും എന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ മരണ വേദന കൊണ്ട് ഭാര്യയായ ജ്യോതിര്‍മയിയോട് നീ എനിക്ക് അല്‍പ്പം വിഷം ചോറില്‍ തരണം, പക്ഷെ ഞാന്‍ അറിയരുത് എന്ന് പറയുന്നു.
സുരേഷ് ഗോപി മനോഹരമായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഞാനൊരു നാഷണല്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. ഇതുപോലെ സുരേഷ് ഗോപി അഭിനയിച്ച വേറെ സിനിമയില്ല. സുരേഷ് ഗോപിയ്ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ കളിയാട്ടത്തില്‍ പോലും ഇത്രയും നന്നായി അഭിനയിച്ചിട്ടില്ല. അത്രയ്ക്ക് ഗംഭീരമായിരുന്നു. ഒരു സൈഡ് തളര്‍ന്നു പോയ അയാള്‍, കയറിന്റെ ബലത്തില്‍ എഴുന്നേറ്റ് ആഹാരമൊക്കെ കഴിക്കുന്നുണ്ട്. ചില ഡയലോഗുകള്‍ പറയുമ്പോള്‍ അദ്ദേഹം ഗ്ലിസറിനില്ലാതെ കരയുകയായിരുന്നു.

ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ വിങ്ങിപ്പോയിട്ടുണ്ട്. ആ ഷോട്ട് കഴിഞ്ഞ ശേഷം എന്നെയൊന്ന് നോക്കി, എങ്ങനെയുണ്ടെടാ എന്ന് ചോദിക്കും. ഞാന്‍ ഇടയ്ക്ക് പുറകില്‍ പോയി, ചിലപ്പോള്‍ ഒരു അംഗീകാരം കിട്ടാന്‍ സാധ്യതയുണ്ടെന്ന് പറയുമായിരുന്നു.
സുരേഷ് ഗോപി തോക്കും കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നടനാണ്. ദിലീപില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്ന ഒന്നുണ്ട്, മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്, മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അതുപോലെ സുരേഷ് ഗോപിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് തോക്കും ആക്ഷനും ചടുലമായ ഡയലോഗുമൊക്കെയാണ്. കമ്മീഷ്ണറും ലേലവുമൊക്കെ യൂണിഫോം ഇടുന്നുവെന്നേയുള്ളൂ, ഒരേ പോലെയാണ്. അതിനാല്‍ മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന ഒരാളെ സുരേഷേട്ടനില്‍ നിന്നും ജനം പ്രതീക്ഷിച്ചു കാണില്ല. അതുകൊണ്ടാകാം ആ സിനിമ സാമ്പത്തികമായി നേട്ടമുണ്ടാക്കാതെ പോയത്.


Click it and Unblock the Notifications