'സിനിമാക്കാർക്ക് നാവില്ലേ? എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?, കരിയർ നോക്കാതെ അഭിപ്രായം പറയുന്ന ആരാണുള്ളത്?'
ഡൽഹിയിൽ നടന്ന സിജെപി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു. അക്കൂട്ടത്തിൽ മലയാള സിനിമയിൽ നിന്നുള്ള ഒട്ടുമിക്ക സെലിബ്രിറ്റികളും ഉണ്ടായിരുന്നു. അതേസമയം പേളി മാണിയെപ്പോലെ ചിലർ അവിടേയും ഇവിടേയും തൊടാത്ത രീതിയിലുള്ള പ്രതികരണങ്ങൾ നടത്തുകയും അതെല്ലാം ചർച്ചയായി മാറുകയും ചെയ്തിരുന്നു. തൊട്ടും തൊടാതെയും സംസാരിച്ചവർക്ക് മാത്രമല്ല സമരത്തെ പിന്തുണച്ചവർക്കും സൈബർ ബുള്ളിയിങ് ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നിമിഷ രഗേഷ് എന്ന യൂസർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വന്തം കരിയർ നോക്കാതെ അഭിപ്രായം പറയുന്ന ആരാണിവിടെ ഉള്ളതെന്ന് കുറിപ്പിൽ ചോദിക്കുന്നു. കുറിപ്പ് ഇങ്ങനെയായിരുന്നു... അഭിപ്രായ സ്വാതന്ത്ര്യം വേണം... പക്ഷെ എന്റെ അഭിപ്രായം മാത്രം ആയിരിക്കണം എന്നാണോ..?.

ഈ നാട്ടിൽ ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയവും ചിന്തകളും നിലപാടുകളും ഉണ്ടാകും. അത് എനിക്ക് ഇഷ്ടപ്പെടണമെന്നില്ല. നിങ്ങൾക്കും ഇഷ്ടപ്പെടണമെന്നില്ല. പക്ഷെ ഒരു അഭിപ്രായത്തോട് യോജിക്കാത്തതിന്റെ പേരിൽ ഒരാളുടെ ജീവിതം തന്നെ തകർക്കാൻ ഇറങ്ങുന്നത് എന്ത് സംസ്കാരമാണ്?. ടൊവിനോ തോമസ് ഒരു നിലപാട് പറഞ്ഞു... അതിന് മറുപടിയായി വീടിന് മുന്നിൽ സമരം.
വിസ്മയ മോഹൻലാലിന്റെ അഭിപ്രായത്തോട് വിയോജിപ്പ്... അതിന് മറുപടിയായി സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം. പേളി മാണി ഒരു അഭിപ്രായം പങ്കുവെച്ചു... അതിന് മറുപടിയായി വർഷങ്ങൾ പഴക്കമുള്ള ബിഗ് ബോസ് ക്ലിപ്പുകളും കുടുംബ ജീവിതവും വലിച്ചിഴച്ച് വ്യക്തിഹത്യ. രഞ്ജിനി ഹരിദാസ് ഒരു നിലപാട് പറഞ്ഞു... അതിന് മറുപടിയായി വർഷങ്ങൾക്ക് മുമ്പ് പട്ടികളെ കുറിച്ച് പറഞ്ഞ വിഷയം കുത്തിപ്പൊക്കി ആക്രമണം. ഇതാണോ ആശയപരമായ മറുപടി?.
ഒരു അഭിപ്രായത്തെ എതിർക്കണമെങ്കിൽ അതിനെ ആശയം കൊണ്ട് എതിർക്കൂ. വസ്തുതകൾ കൊണ്ട് മറുപടി പറയൂ. സംവാദം നടത്തൂ. പക്ഷെ വ്യക്തിഹത്യയും ഭീഷണിയും ബഹിഷ്കരണ ആഹ്വാനങ്ങളും കുടുംബത്തെ വലിച്ചിഴക്കലും നമുക്ക് യോജിച്ചതാണോ?. അത് അസഹിഷ്ണുതയാണ്. നമ്മൾ തന്നെ ചോദിക്കും... സിനിമാക്കാർക്ക് നാവില്ലേ?. രാജ്യത്ത് ഇത്രയും കാര്യങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് അവർ പ്രതികരിക്കുന്നില്ല?.
എങ്ങനെ പ്രതികരിക്കും? ഇന്ന് ഒരു അഭിപ്രായം പറഞ്ഞാൽ നാളെ വീടിന് മുന്നിൽ പ്രതിഷേധം, സിനിമ ബഹിഷ്കരണം, കുടുംബത്തെ അപമാനിക്കൽ, പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി വേട്ടയാടൽ. അപ്പോൾ പലരും മിണ്ടാതിരിക്കാമെന്ന് തിരഞ്ഞെടുക്കുന്നത് അത്ഭുതമില്ല. സ്വന്തം കരിയർ നോക്കാതെ അഭിപ്രായം പറയുന്ന ആരാണിവിടെ ഉള്ളത്..?.

ഈ നാട്ടിൽ അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാകുമെന്ന് പറയാറുണ്ട്. അതാണ് ജനാധിപത്യം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ എന്റെ അഭിപ്രായം മാത്രമെ ശരിയാകൂ എന്റെ അഭിപ്രായത്തോട് യോജിക്കാത്ത ബാക്കിയുള്ളവർ എല്ലാം ശത്രുക്കളാണ് ഒന്നിനും കൊള്ളാത്തവരാണ് എന്ന മനോഭാവം നല്ലതല്ല.
നാളെ മമ്മൂക്ക എനിക്ക് യോജിക്കാത്ത ഒരു രാഷ്ട്രീയ നിലപാട് എടുത്താൽ ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ പോസ്റ്റുകളിൽ വിമർശനം അറിയിക്കും. പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തെയോ വ്യക്തി ജീവിതത്തെയോ ലക്ഷ്യമാക്കി വേട്ടയാടാൻ നിൽക്കില്ല. കാരണം ഞാൻ ഇഷ്ടപ്പെട്ടത് മമ്മൂക്ക എന്ന നടനെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അല്ല. അദ്ദേഹവും എന്നെപ്പോലെ ഒരു മനുഷ്യനാണ് ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉള്ള ഒരാൾ അതിനെ മാനിക്കാൻ പഠിക്കണം.
ഞാനും ചെയ്തിട്ടുള്ള ഒരു കാര്യമായിരുന്നു ഈ എതിർക്കൽ. പക്ഷെ ഇത്തിരി ബോധം വെച്ചപ്പോൾ ഇതിലും നാണംകെട്ട ഒരു പരിപാടി വേറെ ഇല്ലെന്ന് മനസിലായി നിർത്തി. എല്ലാവർക്കും ഉണ്ടാവും താല്പര്യങ്ങൾ, ഇഷ്ടങ്ങൾ, രാഷ്ട്രീയം. നമുക്കുള്ളത് പോലെ അത് അവരുടെയും സ്വതന്ത്രമാണ്. വ്യത്യസ്ത അഭിപ്രായങ്ങളെ നേരിടേണ്ടത് വ്യക്തിഹത്യ കൊണ്ടല്ല. ആശയങ്ങൾ കൊണ്ടാണ്. അല്ലാത്തത് ഭീരുത്വമാണ് എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


