തിരിച്ചുവരില്ലെന്നാണ് കരുതിയത്, വാപ്പയ്ക്ക് എന്നെപ്പറ്റി തെറ്റിയിട്ടില്ലെന്ന് തെളിയിക്കണമായിരുന്നു: ഫഹദ്
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടി. ഇതോടെ അഭിനയത്തില്‍ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഓടിയൊളിക്കുകയായിരുന്നു ഫഹദ്.അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി നേടുന്ന നടനായി വളര്‍ന്നിരിക്കുകയാണ് ഫഹദ് ഫാസില്‍.
ബോക്‌സ് ഓഫീസില്‍ ബ്ലോക്ബസ്റ്ററായി ഓടിക്കൊണ്ടിരിക്കുകയാണ് ഫഹദ് അഭിനയിച്ച ആവേശം. പേരു പോലെ തന്നെ കാണികളെ ആവേശം കൊള്ളിക്കുകയും സിനിമയും ഫഹദിന്റെ പ്രകടനവും. 145 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയത്. നേരത്തെ തമിഴില്‍ പുറത്തിറങ്ങിയ മാമന്നനിലെ ഫഹദിന്റെ പ്രകടനവും കയ്യടി നേടുകയാണ്. രജനീകാന്തിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഫഹദിന്റെ അണിയറയില്‍ തയ്യാറെടുക്കുന്ന പുതിയ സിനിമ.

ഇതിനിടെ ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് ആയിരുന്നു ഫഹദിന്റെ ആദ്യ സിനിമ. പക്ഷെ ചിത്രം എട്ടുനിലയില്‍ പൊട്ടി. ഇതോടെ ഫഹദ് പഠനത്തിനായി യുഎസിലേക്ക് പോവുകയായിരുന്നു. സിനിമയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ഫഹദ് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.
''ഞാന്‍ എട്ട് വര്‍ഷം അവിടെയായിരുന്നു. തിരികെ കേരളത്തിലേക്ക് വന്നപ്പോള്‍ ഒരു ജോലി കണ്ടെത്തണമായിരുന്നു. ജീവിക്കാന്‍ എന്തെങ്കിലും ചെയ്യണമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളെല്ലാം സിനിമയിലായിരുന്നു. ഞാന്‍ അവരുമായി സംസാരിക്കാനും എഴുത്തിന്റെ ഭാഗമാകാനും തുടങ്ങി. അപ്പോഴാണ് എനിക്ക് കേരള കഫെയിലെ മൃത്യുഞ്ജയം എന്ന ഭാഗത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഞാന്‍ ഒട്ടും സീരിയസായിരുന്നില്ല. അത് കണ്ടാണ് സമീര്‍ താഹിര്‍ എന്നെ ചാപ്പാ കുരിശിലേക്ക് വിളിക്കുന്നത്'' ഫഹദ് പറയുന്നു.
അതേസമയം തന്റെ അഭിനയം ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ട് എന്നത് തനിക്കൊരു സര്‍പ്രൈസ് ആയിരുന്നുവെന്നാണ് ഫഹദ് പറയുന്നത്. '' ആ വിശ്വാസം നേടിയെടുത്തതോടെ പിന്നീട് എനിക്ക് വിശ്വാസമുള്ളത് ചെയ്യുക എന്നതായി മാറി രീതി'' എന്നാണ് ഫഹദ് പറയുന്നത്. അതേസമയം സിനിമ എന്നാല്‍ രസിപ്പിക്കാനുള്ളതാണെന്നും അല്ലാതെ കോടി ക്ലബില്‍ കയറുകയല്ല പ്രധാനമെന്നും ഫഹദ് പറയുന്നുണ്ട്.
യുഎസില്‍ ജോലി ചെയ്ത് അവിടെ തന്നെ സ്ഥിരതാമസാക്കാനായിരുന്നു കരുതിയിരുന്നത്. തിരികെ വരുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു പോലുമില്ലെന്നും ഫഹദ് പറയുന്നുണ്ട്. താന്‍ തിരിച്ചുവരാനുണ്ടായ കാരണത്തെക്കുറിച്ചും ഫഹദ് പറയുന്നുണ്ട്. തന്നെക്കുറിച്ചുള്ള തന്റെ അച്ഛന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഫഹദ് പറയുന്നത്.

''വാപ്പ ഒരുപാട് പേരെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ പരാജയപ്പെട്ടു. അതിനാല്‍ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതിനാല്‍ അപ്പോഴേ അബോധമനസില്‍ ഞാന്‍ സിനിമയെക്കുറിച്ച് ചിന്തിക്കുകയും സ്വപ്‌നം കാണുകയും ചെയ്തിരിക്കണം'' എന്നാണ് ഫഹദ് പറയുന്നത്.
''എന്നെ ഇന്‍ട്രോഡ്യൂസ് ചെയ്യുന്ന സമയത്ത് വാപ്പയ്ക്ക് തോന്നിയ് എനിക്കൊരു പ്രത്യേക റിഥം ഉണ്ടെന്നായിരുന്നു. ഞാന്‍ ആര്‍ട്ടിഫിഷ്യല്‍ ആണെന്നും ചിലതൊന്നും ഓര്‍ഗാനിക്കലി വരുന്നില്ലെന്നും അദ്ദേഹത്തിന് തോന്നിയിരുന്നു. പക്ഷെ എന്റെ റിഥം അദ്ദേഹത്തിന് ഇന്ററസ്റ്റിംഗ് ആയി തോന്നുകയായിരുന്നു'' എന്നാണ് ഫഹദ് പറയുന്നത്. അതേസമയം മെക്‌സിക്കന്‍ സിനിമയായ അമോറസ് പെറോസും ഇറ്റാലിയന്‍ സിനിമയായ സിനിമാ പാരഡീസോയും പോലെ തന്നെ ഏറെ സ്വാധീനിച്ച മലയാള സിനിമയാണ് മോഹന്‍ലാല്‍-പദ്മരാജന്‍ സിനിമ തൂവാനത്തുമ്പികളെന്നും ഫഹദ് പറയുന്നുണ്ട്.


Click it and Unblock the Notifications