11 വര്‍ഷത്തെ ദാമ്പത്യം, 7652 തെറ്റുകള്‍, 9764 വഴക്കുകള്‍! കുറ്റങ്ങള്‍ എണ്ണിയെണ്ണി ഷിബ്‌ലയും ഭര്‍ത്താവും
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഫറ ഷിബ്‌ല. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ഫറ സിനിമയിലെത്തുകയായിരുന്നു. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഫറ. സിനിമയിലെ പ്രകടനത്തിലൂടെ മാത്രമല്ല തന്റെ നിലപാടുകളിലൂടേയും ഫറ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലൊരു സന്തോഷ നിമിഷത്തിലൂടെ കടന്നു പോവുകയാണ് ഫറ. ഇന്നായിരുന്നു ഫറയുടേയും ഭര്‍ത്താവ് വിജിത്തിന്റേയും വിവാഹ വാര്‍ഷികം. 11-ാം വിവാഹ വാര്‍ഷികമാണ് ഇരുവരും ഇന്ന് ആഘോഷിച്ചത്. ഇതേക്കുറിച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

''ഞങ്ങള്‍ക്ക് 11-ാം വിവാഹ വാര്‍ഷികാശംസകള്‍. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതവും 15 വര്‍ഷത്തെ ബന്ധവും ആഘോഷിക്കുമ്പോള്‍ പരസ്പരം നല്‍കിയ വാഗ്ദാനങ്ങളും ഞാന്‍ ഓര്‍ക്കുകയാണ്. നമ്മള്‍ പൊട്ടിച്ചിരിച്ചു, കരഞ്ഞു, ഒരുമിച്ച് വളര്‍ന്നു. ഇതിനെല്ലാമിടയില്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തിയത് നമ്മുടെ പ്രണയമാണ്. നമ്മുടെ ദാമ്പത്യം പൊട്ടിച്ചിരിയും കണ്ണീരും സാഹസികതയുമെല്ലാം നിറഞ്ഞൊരു മനോഹരമായ മെസ് ആയിരുന്നു. ജീവിതത്തിലെ സന്തോഷങ്ങളിലൂടേയും വെല്ലുവിളികളിലൂടേയും കടന്നു പോകുമ്പോള്‍ നീ അരികിലുണ്ടെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഒരുപാട് വര്‍ഷങ്ങളുടെ പ്രണയത്തിനും വളര്‍ച്ചയ്ക്കും ഒരുമിച്ച് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിനും ആശംസകള്‍ നേരുന്നു.'' എന്നായിരുന്നു ഫറയുടെ കുറിപ്പ്.
എന്നാല്‍ വളരെ വ്യത്യസ്തമായൊരു കുറിപ്പായിരുന്നു വിജിത്ത് പങ്കുവച്ചത്. ദാമ്പത്യ ജീവിതത്തില്‍ താന്‍ ചെയ്ത തെറ്റുകളും വാഗ്ദാന ലംഘനങ്ങളും എണ്ണിയെണ്ണി പറയുന്നതായിരുന്നു വിജിത്തിന്റെ കുറിപ്പ്. ഇത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
''7652 തെറ്റുകള്‍ ഞാന്‍ ചെയ്തു. 8458 തവണ ഞാന്‍ വാക്ക് തെറ്റിച്ചു. 837 ചതികള്‍. 9764 വഴക്കുകള്‍. 156 നമ്മളെ പരീക്ഷിച്ച നിമിഷങ്ങള്‍. എന്നിട്ടും നിനക്കൊപ്പം ജീവിക്കാന്‍ 4715 കാരണങ്ങള്‍. നമ്മളിതാ ഇവിടെ എത്തിയിരിക്കുന്നു. ട്വിസ്റ്റുകളും ടേണുകളും തിരിച്ചടികളും കടന്ന്. നമ്മള്‍ പഠിച്ചു, വളര്‍ന്നു, എങ്ങനെയോ ഒരു വര്‍ഷം കൂടി കടന്നിരിക്കുന്നു. എത്ര പ്രതിസന്ധികള്‍ വന്നാലും, നീ കൂടെയുള്ളതിനും നമ്മള്‍ ഒരുമിച്ച് താണ്ടിയതിനെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു. നമ്മള്‍ വളര്‍ത്തിയെടുത്ത കരുത്തിന്, കഠിനമായ സമയങ്ങളില്‍ പോലും. നമ്മുക്ക് വിവാഹ വാര്‍ഷികാശംസകള്‍.'' എന്നാണ് വിജിത്ത് പോസ്റ്റില്‍ പറയുന്നത്.

പ്രണയ വിവാഹമായിരുന്നു ഫറയുടേയും വിജിത്തിന്റേയും. മതത്തിന്റെ അതിര്‍വരമ്പുകള്‍ മറി കടന്നുള്ള വിവാഹത്തിന് വീട്ടില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറി കടന്നു കൊണ്ട് ഒന്നാവുകയായിരുന്നു ഇരുവരും. മാധ്യമ രംഗത്താണ് വിജിത്ത് പ്രവര്‍ത്തിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പിന്നണിയില്‍ വിജിത്തിന്റെ സാന്നിധ്യമുണ്ട്. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. പേര് വീര്‍ അഭിമന്യു എന്നാണ്.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ താരമാകുന്നത്. പിന്നീട് സേഫ്, കഠിന കഡോരമീ അണ്ഡകഡാഹം, സോമന്റെ കൃതാവ്, പുലിമട തുടങ്ങിയ സിനിമകൡും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഫറ. യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.


Click it and Unblock the Notifications