'ഹണി റോസ് അത്ര നിഷ്‌കളങ്കയല്ല; കാസ്റ്റിംഗ് കൗച്ചിന് തയ്യാറാകുന്ന കുട്ടികളുണ്ട്'; തുറന്നടിച്ച് ഫറ ഷിബില
വലിയ വിവാദമായി മാറിയ സംഭവമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നടത്തിയ നിയമപോരാട്ടം. തനിക്കെതിരെ പൊതുവേദികളിടക്കം ബോബി ചെമ്മണ്ണൂര്‍ നടത്തിയ അസഭ്യ പ്രസ്താവനകള്‍ക്കെതിരെ ഹണി റോസ് നടത്തിയ നിയമ പോരാട്ടത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. പിന്നാലെ ബോബി അകത്താവുകയുമുണ്ടായി. അതേസമയം ഹണി റോസിനെതിരെ ചിലര്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ പ്രശ്‌നങ്ങള്‍ക്കിടെ നടി ഫറ ഷിബില ഉന്നയിച്ച വിമര്‍ശനവും വലിയ ചര്‍ച്ചയായിരുന്നു. നിയമപോരാട്ടത്തെ പിന്തുണയ്ക്കുമ്പോഴും ഹണി റോസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു ഫറ ചെയ്തത്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാട് എന്താണെന്ന് വിശദമാക്കുകയാണ് ഫറ ഷിബില. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''രാഹുല്‍ ഈശ്വര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. ഹണി റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ചോ ശശീരത്തെക്കുറിച്ചോ ഞാന്‍ കമന്റ് ചെയ്തിട്ടില്ല. ഞാന്‍ അങ്ങനൊരാളല്ല. എന്നെ അറിയുന്നവര്‍ക്ക് അതറിയാം. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് 90 ശതമാനം ആളുകള്‍ക്കും മനസിലായിട്ടുണ്ട്. അവരും അത് തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷെ ഇന്നത്തെ സമൂഹത്തില്‍ ഹണി റോസ് സ്ത്രീയായതിനാല്‍ ആളുകള്‍ അവര്‍ക്കെതിരെ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല.'' എന്നാണ് ഫറ പറയുന്നത്.
സെല്‍ഫ് ഒബ്‌ജെക്ടിഫിക്കേഷന്‍ തെറ്റായ കാര്യമാണ്. എന്റെ വസ്ത്രധാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടായി തോന്നരുത്. അതിനൊക്കെ ഒരു പരിധിയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പലതും എക്‌സിബിഷനിസം ആയി തോന്നിയിട്ടുണ്ട്. ബസില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ മുണ്ടു പൊക്കി കാണിച്ചിട്ടുണ്ട്. അതിനെയാണ് എക്‌സിബിഷനിസം എന്ന് പറയുന്നത്. അപ്പോള്‍ എന്താണ് സ്ത്രീകള്‍ ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്നത്? എന്നും താരം ചോദിക്കുന്നു.
അപ്പോള്‍ ചോദിക്കാം ഞാന്‍ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ടല്ലോ എന്ന്. ഞാന്‍ ഒരു ആശയത്തിന് വേണ്ടി, എസ്‌തെറ്റിക്കലി ചെയ്ത ഫോട്ടോഷൂട്ടാണ്. പക്ഷെ ബ്രാ ധരിച്ച് കോള്‍ഡ് കോഫി ഉണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എക്‌സിബിഷനിസമാണെന്നാണ് ഫറ അഭിപ്രായപ്പെടുന്നത്.
ഹണി റോസിനോട് എനിക്ക് ബഹുമാനമുണ്ട്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ അര്‍ഹിക്കുന്നുമില്ല. അതിലൊന്നും എനിക്ക് യാതൊരു എതിര്‍ അഭിപ്രായവുമില്ല. പക്ഷെ സമൂഹത്തിന് ഒരു അപജയമുണ്ട് എന്ന് ഹണി റോസിന് അറിയാം. അതിനുള്ള ബുദ്ധി അവര്‍ക്കുണ്ട്. അത്രയും നിഷ്‌കളങ്കയല്ല അവര്‍. താന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയാം. പൈസയുണ്ടാക്കുന്നത് തെറ്റല്ല. പക്ഷെ ഇന്‍ഡസ്ട്രിയില്‍ സ്ട്രഗിള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വളരെ മോശം മാതൃകയാണ് ഹണി റോസ് കാണിച്ചു കൊടുക്കുന്നതെന്നും താരം പറയുന്നു.
സിനിമയില്ലെങ്കില്‍ ഇങ്ങനെ പണമുണ്ടാക്കാം എന്നാണ് കാണിച്ചു തരുന്നത്. പക്ഷെ ഇത് പണത്തിന്റെ കാര്യമല്ല. ആത്മാഭിമാനമാണ് വിഷയം. കഴിവായിരിക്കണം പ്രധാനം. നമ്മുടെ ശരീരമായിരിക്കരുത്. ശരീരത്തെ ക്രാഫ്റ്റിന് വേണ്ടി ഉപയോഗിക്കണം എന്നും ഫറ ഷിബില പറയുന്നു. അതേസമയം മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും അഭിമുഖത്തില്‍ ഫറ ഷിബില സംസാരിക്കുന്നുണ്ട്.

തനിക്ക് കക്ഷി അമ്മിണിപ്പിള്ളയ്ക്ക് മുമ്പ് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. പക്ഷെ അമ്മിണിപ്പിള്ളയ്ക്ക് ശേഷം നല്ല അന്തരീക്ഷത്തില്‍ മാത്രാണ് സിനിമ ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. ഞാന്‍ കൂടെ ജോലി ചെയ്തവരൊന്നും അങ്ങനൊരു കാര്യം ചെയ്യില്ലെന്നുറപ്പാണ്. പക്ഷെ അതിനര്‍ത്ഥം കാസ്റ്റിംഗ് കൗച്ച് ഇല്ലെന്നല്ലെന്നും ഫറ പറയുന്നു.
എന്തിനും തയ്യാറാണെന്ന് പറയുന്ന കുട്ടികളുണ്ടെന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത് അവിടെയാണ് ശരിക്കുമുള്ള പ്രശ്‌നമെന്നാണ്. ശരിക്കും അവിടേക്ക് എത്തേണ്ട ആള്‍ക്ക് പകരം ഒരാള്‍ കുറുക്കു വഴിയിലൂടെ വരികയാണ്. അത് പത്ത് പേരെ സ്വാധീനിക്കും. അങ്ങനെ വരുമ്പോള്‍ ടാലന്റ് മാത്രം നോക്കി കാസ്റ്റ് ചെയ്യാതാകുമെന്നും ഫറ ഷിബില പറയുന്നു.


Click it and Unblock the Notifications











