ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ ഭയങ്കരമായി കെയർ ചെയ്യും, കാപട്യമില്ലാത്ത മനുഷ്യനാണ്: സുരേഷ് ഗോപിയെ കുറിച്ച് അഭിരാമി
മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി അഭിരാമിയെ മലയാളികൾക്ക് മനസിലാകാൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മലയാളികൾ അഭിരാമിയെ ഇന്നും ഓർക്കുന്നത് അതിലെ ഗീതു എന്ന കഥാപാത്രമായിട്ടാണ്. ടെലിവിഷൻ അവതാരകയായും അഭിരാമി തിളങ്ങിയിട്ടുണ്ട്.
ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന അഭിരാമി വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയുമാണ് താരം. ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. നവാഗതനായ അരുൺ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.

അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ഗരുഡൻ. ലീഗൽ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ പെയറായിട്ടാണ് അഭിരാമി അഭിനയിച്ചിരിക്കുന്നത്. പത്രം, അപ്പോത്തിക്കരി എന്നീ സിനിമകൾക്ക് ശേഷം സുരേഷ് ഗോപിയും അഭിരാമിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ആദ്യ ചിത്രമായ പാത്രത്തിലേക്ക് തന്നെ വിളിച്ചത് സുരേഷ് ഗോപി ആണെന്ന് അഭിരാമി മുൻപ് പറഞ്ഞിട്ടുണ്ട്. അന്ന് മുതലുള്ള ബന്ധമാണ് താരത്തിന്റേത്. ഇപ്പോഴിതാ ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അന്നും ഇന്നും സുരേഷ് ഗോപിക്ക് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് അഭിരാമി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിരാമി.
'സുരേഷ് ഏട്ടന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. എല്ലാവർക്കും ഒരു സഹോദരനെ പോലെയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ ഭയങ്കരമായി കെയർ ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാം. പുള്ളിക്ക് സഹായിക്കാൻ പറ്റുന്നത് ആണെങ്കിൽ തീർച്ചയായും സഹായിക്കും വളരെ നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെതായ കാപട്യമോ ഒന്നുമില്ലാത്ത മനുഷ്യനാണ്. പുള്ളിയുടെ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ മാറ്റി നിർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണ്. സ്വീറ്റാണ്', അഭിരാമി പറഞ്ഞു.

മുൻപ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരങ്ങൾ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് അഭിരാമി പറയുകയുണ്ടായി. നാലോ അഞ്ചോ പടങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹമാണ് മലയാള സിനിമയിൽ എന്നെ പിടിച്ചു നിർത്തിയതെന്ന് പറയാം. അദ്ദേഹം നല്ല മനസ്സിന്റെ ഉടമയാണ്. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്നുമാണ് അഭിരാമി പറഞ്ഞത്.
പതിനാറാമത്തെ വയസ്സിലാണ് താൻ സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്. ഒരു സഹോദരൻ എന്ന നിലയിലാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയാണ്. രാഷ്ട്രീയപരമായ കാര്യങ്ങൾ ഒക്കെയും അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. അതൊന്നും തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നും അഭിരാമി പറഞ്ഞിരുന്നു. അതേസമയം മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതിന് സമൂഹമാധ്യമങ്ങളിൽ അടക്കം സുരേഷ് ഗോപിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന സമയത്താണ് അഭിരാമിയുടെ വാക്കുകളും ശ്രദ്ധനേടുന്നത്.


Click it and Unblock the Notifications