നീയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല, നീയാണ് എനിക്കൊരു വീട് തന്നത്; മഞ്ജിമയെ കുറിച്ച് ഗൗതം കാർത്തിക്
തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും. ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മഞ്ജിമ. എന്നാൽ മഞ്ജിമയുടെ ജീവിതത്തിലും കരിയറിലുമെല്ലാം വഴിത്തിരിവുണ്ടാകുന്നത് തമിഴിലൂടെയാണ്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ 1997ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന മലയാള സിനിമയിലൂടെയാണ് കുട്ടിത്താരമായി അരങ്ങേറ്റം കുറിക്കുന്നത്.
തുടർന്ന് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ ശേഷം സിനിമ വിട്ട മഞ്ജിമ, വലിയൊരു ഇടവേളയ്ക്ക് ശേഷം വടക്കൻ സെൽഫി എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ചിത്രത്തിലൂടെ നായികയായി മാറിയ മഞ്ജിമയ്ക്ക് പിന്നീട് തമിഴിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിച്ചു. അങ്ങനെ തമിഴിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് മാറുകയായിരുന്നു താരം. ഒടുവിൽ തമിഴകത്തെ ഒരു സിനിമാ കുടുംബത്തിൽ നിന്നും തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദേവരാട്ടം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്ന സമയത്താണ് ഗൗതമും മഞ്ജിമയും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. വിവാഹം തീരുമാനിച്ച ശേഷം മാത്രമാണ് ഇതേപറ്റി തുറന്ന് ഇരുവരും തയ്യാറായത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മഞ്ജിമയും ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.
വലിയ ആഘോഷമോ ആർഭാടമോ ഇല്ലാതെ കഴിഞ്ഞ വർഷം നവംബർ 28ന് ചെന്നെെയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇന്നിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മഞ്ജിമയും ഗൗതമും. വിവാഹ വാർഷിക ദിനത്തിൽ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളും വൈറലാവുകയാണ്.
'എന്റെ സേഫ് പ്ലേസാണ് ഗൗതം. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. എന്നും നിങ്ങളായി തന്നെ തുടരുക. നിങ്ങളെപ്പോലെ ഒരാളെ ലഭിച്ചതില്‍ സന്തോഷമുണ്ട്', എന്നാണ് മഞ്ജിമ കുറിച്ചത്. ഐ ലവ് യൂ ബേബി, അത്ഭുതപ്പെടുത്തുന്ന ഭാര്യയായി തുടരുക എന്നായിരുന്നു ഗൗതമിന്റെ മറുപടി. പിന്നാലെ ഗൗതമും കുറിപ്പുമായെത്തി. ലിസി ലക്ഷ്മി, ശിവദ, റിമി ടോമി തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് മഞ്ജിമയ്ക്കും ഗൗതമിനും ആശംസകള്‍ നേര്‍ന്നെത്തിയത്.
'ഒരു വർഷം മുഴുവൻ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങൾ! ഇത് വളരെ ഭ്രാന്തവും രസകരവുമായ ഒരു യാത്രയായിരുന്നു! കഴിഞ്ഞ വർഷത്തെ ഓരോ ബിറ്റും ഞാൻ ഇഷ്ടപ്പെട്ടു! നമ്മൾ ഒന്നിച്ചാണ് ഓരോ ചുവടും എടുത്തത്, നമ്മൾ ഒരുമിച്ച് വളർന്നു! ഈ വർഷം നീ എനിക്കായി ചെയ്തു തന്ന എല്ലാത്തിനും നന്ദി, എന്റെ പ്രിയേ, നീ എനിക്കായി ഒരു വീട് തന്നു, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്ന ഒരിടം.

ഞാൻ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നൽകി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നീ എനിക്ക് നൽകി. എന്റെ മനസ്സ് എന്നെ ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ, നീ ആ സ്ഥലങ്ങളിൽ പ്രകാശം നൽകി എന്നെ പുറത്തെടുത്തു. നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്! നീയാണ് എന്റെ ലോകം! നീയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല! ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു! ആനിവേഴ്‌സറി ആശംസകൾ', ഗൗതം കുറിച്ചു.
താന്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്താണ് മഞ്ജിമയെ പരിചയപ്പെട്ടതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഗൗതം പറഞ്ഞിരുന്നു. സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന സമയമായിരുന്നു അത്. പൊരുതി മുന്നേറാനുള്ള ഊര്‍ജം നല്‍കിയത് മഞ്ജിമയായിരുന്നു. ഒന്നിച്ച് യാത്രകള്‍ ചെയ്യുകയും, എല്ലാ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്തതോടെയാണ് ഈ ബന്ധം വിവാഹത്തിലേക്ക് കൊണ്ടുപോവാമെന്ന് തീരുമാനിച്ചത്.
പ്രൊപ്പോസ് ചെയ്തപ്പോള്‍ ഞാന്‍ തമാശ പറയുകയാണെന്നാണ് മഞ്ജിമ കരുതിയത്. വീണ്ടും ഇതേക്കുറിച്ച് തന്നെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് കാര്യം ഗൗരവമാണെന്ന് മനസിലാക്കിയത്. പ്രണയിച്ച് നടക്കാനൊന്നും അധികം സമയമില്ലായിരുന്നു. പെട്ടെന്ന് തന്നെ വിവാഹം നടത്തുകയായിരുന്നു എന്നാണ് ഗൗതം പറഞ്ഞത്.


Click it and Unblock the Notifications