രണ്ട് വര്‍ഷം സിനിമ ചെയ്തില്ല, ഇനിയിങ്ങിനെ മുന്നോട്ട് പോകാനാകില്ല; പേളി മാണി അന്ന് മെസേജ് അയച്ചു
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഗായത്രിയെ പോലെ വൈറലായി മാറിയ നടിമാര്‍ അപൂര്‍വ്വമായിരിക്കും. തന്റെ മറയില്ലാതെ സംസാരിക്കുന്ന ശീലത്തിന്റെ പേരില്‍ പലപ്പോഴും ഗായത്രി എയറിലായിട്ടുണ്ട്. ഹര്‍ത്താലിനെക്കുറിച്ച് മുതല്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് വരെയുള്ള പ്രസ്താവനകളുടെ പേരിലാണ് ഗായത്രി വാര്‍ത്തകളില്‍ ഇടം നേടിയത്.
വിവാദങ്ങളിലൂടേയും ട്രോളുകളിലൂടേയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ഒരുകാലത്ത് ഗായത്രി. എന്നാല്‍ പിന്നീട് ഗായത്രി എല്ലാത്തില്‍ നിന്നും അപ്രതക്ഷ്യയായി മാറി. ഏതാണ്ട് രണ്ട് വര്‍ഷത്തോളം കാലം ഗായത്രി എവിടേയുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി. ചാനല്‍ കേരള ബോക്‌സ് ഓഫീസിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.

ഒന്ന് നന്നാകാം എന്നു കരുതി പോയതാണ്. എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച രണ്ട് വര്‍ഷമായിരുന്നു അത്. എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്ന് മനസിലായി. എന്തുകൊണ്ടാണ് വീണതെന്ന് മനസിലായി. എന്തൊക്കെ ചെയ്യരുതെന്ന് മനസിലായി. ഇപ്പോഴും തെറ്റുകള്‍ പറ്റുന്നുണ്ട്. അതില്‍ നിന്നും പഠിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഗായത്രി പറയുന്നത്.
വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചും ഗായത്രി സംസാരിക്കുന്നുണ്ട്. ആദ്യമൊക്കെ അമ്മയ്ക്ക് കുഴപ്പമുണ്ടായിരുന്നില്ല. പിന്നെ അമ്മയ്ക്ക് ടെന്‍ഷനായി തുടങ്ങി. ദൈവമേ ഈ കുട്ടി ഇനി ജോലിക്കൊന്നും പോകില്ലേ? ഗായത്രി എന്തെങ്കിലും ചെയ്യൂ, എന്തെങ്കിലും ബിസിനസ് ചെയ്യൂ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ അവരും ഹാപ്പിയാണ്. കൂടുതല്‍ ആക്ടീവ് ആയതോടെ അവരും ഹാപ്പിയായി എന്നാണ് ഗായത്രി പറയുന്നത്.
ഗ്യാപ്പ് എടുത്ത് പോകുന്നതിന് മുമ്പ് കുറേ സിനിമകള്‍ ചെയ്തു വച്ചിരുന്നു. അതിനാല്‍ ആ ഗ്യാപ്പിനിടയില്‍ തന്നെ ഓരോ സിനിമകളായി ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. രണ്ട് വര്‍ഷം ഞാന്‍ ഷൂട്ട് ചെയ്തിരുന്നില്ല. പക്ഷെ പേടി തോന്നിയിരുന്നില്ല. കിട്ടുമെന്നായിരുന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഗായ്ത്രി പറയുന്നു.

ഇടവേളയെടുത്തപ്പോള്‍ പലരും വിളിച്ചിരുന്നു. പേളി മെസേജ് അയച്ചിരുന്നു. താന്‍ എവിടെയാണ് തന്നെ കാണാനില്ലല്ലോ എന്ന് പറഞ്ഞ്. അങ്ങനെ വേറെയും ചിലര്‍ മെസേജ് അയച്ചിരുന്നു. സെലിബ്രിറ്റികളല്ലാത്തവരും മെസേജ് അയച്ചിരുന്നു. അപ്പോഴാണ് ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് മനസിലാക്കുന്നത്. തിരിച്ചുവരാന്‍ പറ്റുമെന്ന് തോന്നിയെന്നും താരം പറയുന്നു.
ഡൗണ്‍ ആയി ഇരുന്നിട്ടില്ല. ഇനി മുകളിലേക്കാണെന്ന് അറിയാമായിരുന്നു. അതിനാല്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. പിന്നീട് പുറത്ത് വന്ന് മുകളിലേക്ക് പോകാനാകും. തെറ്റു പറ്റുമ്പോള്‍ അത് മനസിലാക്കാനും തിരുത്താനും സാധിക്കുമെന്നാണ് ഗായത്രി പറയുന്നത്. അതേസമയം അഭിരാമിയാണ് ഗായത്രിയുടെ പുതിയ സിനിമ. മലയാളത്തിന് പുറമെ തെലുങ്കിലും ഗായത്രി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബദല്‍ ആണ് ഗായത്രിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











