ആനയും ചെണ്ടമേളവും, അഭിരാമിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ചേട്ടച്ഛനും ചേച്ചിയും; ചിത്രങ്ങളുമായി ഗോപി സുന്ദർ
സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് ഗായകൻ ഗോപി സുന്ദറും പങ്കാളി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇവരെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രണയത്തിലാണെന്ന ഇവരുടെ പ്രഖ്യാപനം.
പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനനങ്ങളും ഹേറ്റ് കമന്റുകളും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. അതിന് താഴെ ആയിരുന്നു മോശം കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

ഇതിനെതിരെ ശക്തമായി പ്രതികരിച്ചത് അമൃതയുടെ സഹോദരി അഭിരാമി ആയിരുന്നു. തനിക്കെതിരെ ഉൾപ്പെടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അടുത്തിടെയാണ് ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ അഭിരാമി പറഞ്ഞത്. ഇതോടെ അഭിരാമിയും വാർത്തകളിൽ നിറഞ്ഞിരുന്നു.
അഭിരാമിയുടെ പ്രതികരണത്തോടെ ചെറിയ തോതിലെങ്കിലും ഇവർക്കെതിരായ സൈബർ ആക്രമങ്ങളിൽ കുറവ് വന്നിരുന്നു. കുടുംബത്തിന് വേണ്ടി ധൈര്യപൂർവം മുന്നോട്ട് വന്ന് അഭിരാമിയെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേർ രംഗത്ത് എത്തുകയുണ്ടായി. അതേസമയം, ഒരു വശത്ത് വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുക്കാൻ താരങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഇപ്പോഴിതാ, അതുപോലെയൊരു സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അഭിരാമിയുടെ പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ ആയിരുന്നു അഭിരാമിയുടെ പിറന്നാൾ. അമൃതയും ഗോപി സുന്ദറും ചേർന്ന് വളരെ വ്യത്യസ്തമായാണ് സഹോദരിയുടെ പിറന്നാൾ ആഘോഷിച്ചത്.
ആനയും ചെണ്ടമേളവുമൊക്കെയായി പിറന്നാൾ ആഘോഷം കളറാക്കുകയായിരുന്നു താരങ്ങൾ. ഗോപി സുന്ദറാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ഹാപ്പി ബർത്ത്ഡേ മൈ ഡിയർ മൂത്തമോളെ' എന്ന അടിക്കുറിപ്പോടെയാണ് ഗോപി ചിത്രങ്ങൾ പങ്കുവച്ചത്. അമൃതയെയും അഭിരാമിയെയും ഗോപിയെയും കൂടാതെ അമൃതയുടെ മകൾ പപ്പുവും ഇവർക്കൊപ്പം ചിത്രങ്ങളിലുണ്ട്. രാത്രിയിൽ ആയിരുന്നു ആഘോഷം. അഭിരാമിക്ക് സർപ്രൈസയാണ് അമൃതയും ഗോപിയും ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
ബിഗ് ബോസ് ഷോയിൽ മത്സരാര്ഥികളായി എത്തിയതോടെയാണ് അമൃതയും അഭിരാമിയും പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതരാകുന്നത്. ബിഗ് ബോസ് ഷോയുടെ രണ്ടാമത്തെ സീസണിലാണ് ഇവരും ഒരുമിച്ച് മത്സരാർത്ഥികളായി എത്തിയത്. കോവിഡ് കാരണം നിർത്തിവെച്ച ഷോയ്ക്ക് ശേഷം അഭിരാമിയും അമൃതയും ചേർന്ന് മ്യൂസിക്ക് ബാന്റും യുട്യൂബ് ചാനലുമൊക്കെയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. യൂട്യുബിലും ഇവർ സജീവമായിരുന്നു.
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ആ ബന്ധത്തിലാണ് പപ്പു എന്ന് വിളിക്കുന്ന മകളുള്ളത്. പിന്നീട് ഇവർ വിവാഹമോചിതരാവുകയായിരുന്നു. ഗോപി സുന്ദറും വിവാഹമോചനം നേടിയതാണ്. പ്രിയ എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്.
ആ ബന്ധത്തിൽ ഗോപി സുന്ദറിനും രണ്ട് ആൺമക്കളുണ്ട്. അവർ പ്രിയയ്ക്കൊപ്പമാണ് താമസം. പ്രിയയുമായി പിരിഞ്ഞ ശേഷം ഗോപി സുന്ദർ പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. അതിന് ശേഷമാണ് അമൃതയുമായി പ്രണയത്തിലായത്.


Click it and Unblock the Notifications