ഇത് എന്റെ ജീവിതം, നിങ്ങൾ സ്വന്തംകാര്യം നോക്കൂവെന്ന് ഗോപി സുന്ദർ; എത്ര സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയെന്ന് കമന്റ്
എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.
വിവാഹബന്ധത്തിൽ ഗോപി സുന്ദറിന് രണ്ട് ആൺകുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞശേഷം ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഒരു പതിറ്റാണ്ടിനപ്പുറം ഒന്നിച്ചു ജീവിച്ചു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം അമൃതയുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇവർ അകന്നു എന്ന റിപ്പോർട്ടുകളാണ് അടുത്തിടെയായി പുറത്തുവരുന്നത്.

അതിനിടെ ഗോപി സുന്ദർ അടുത്ത പ്രണയം കണ്ടെത്തിയോ എന്ന ചോദ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉയരുകയുണ്ടായി. മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം ചോദ്യങ്ങളും വിമർശനങ്ങളുമായി ആളുകൾ എത്തുന്നുണ്ട്. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.
തനിക്കെതിരെ വിമർശനമുന്നയിക്കുന്നവരോട് 'സ്വന്തം കാര്യം നോക്കൂ' എന്നാണ് ഗോപി സുന്ദർ പറയുന്നത്. 'ഇത് എന്റെ ജീവിതമാണ്' എന്ന ക്യാപ്ഷ്യനോടെ ഒരു ചിത്രവും അതിനൊപ്പം ഹാങ്ക് വില്ല്യംസിന്റെ 'വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്....' എന്ന പാട്ടും ചേർത്തുകൊണ്ടുള്ള പോസ്റ്റിലൂടെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നവർക്ക് തക്ക മറുപടിയും ഗോപി സുന്ദർ നൽകുന്നുണ്ട്.
മോശം വാക്കുകൾ ഉപയോഗിച്ച് കമന്റ് ചെയ്തവരോട്, സോഷ്യൽ മീഡിയയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. നിങ്ങളെ ആര് ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞവരോട് താരം നന്ദിയും പറഞ്ഞു. ഒരുപാട് സ്ത്രീകളുടെ കണ്ണീരാണ് എന്ന് പറഞ്ഞ് കമന്റിട്ടയാളോട് നിങ്ങളുടെ മുന്നിൽ ആരെങ്കിലും വന്നു കരഞ്ഞോ? ആരുടെ കണ്ണീരാണ് നിങ്ങൾ കണ്ടത് എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.
'ആരുടെയും വായ മുടി കെട്ടാൻ സാധിക്കില്ല. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ. ലോകത്തുള്ള എല്ലാവരെയും എല്ലാം മനസിലാക്കാൻ സാധിക്കില്ല. അതിന്റെ ആവശ്യവുമില്ല. സന്തോഷമായിരിക്കൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന്, 'ഞാനും സാധാരണ മനുഷ്യൻ അല്ലേ, റിപ്ലെ കൊടുക്കാനുള്ള മൂഡും സമയവും ഉള്ളപ്പോൾ മാത്രമേ റിപ്ലെ കൊടുക്കാറുള്ളു' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അധിക്ഷേപകരമായ മറ്റൊരു കമന്റിട്ട ആളോട് എനിക്ക് പണിയെടുക്കാൻ സമയമായി, ഇപ്പോൾ റിപ്ലെ തരാനുള്ള മൂഡില്ലെന്നും ഗോപി സുന്ദർ പറഞ്ഞു.

ഗോപി സുന്ദറിന്റെ പോസ്റ്റും കമന്റുകളുമെല്ലാം ഇതിനകം ചർച്ചയായി കഴിഞ്ഞു. അതേസമയം പുതിയ പോസ്റ്റിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞു എന്നത് വീണ്ടും ഉറപ്പിക്കുകയാണ് ആരാധകർ. ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതാണ് വേർപിരിയൽ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ, അമൃതയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് ഗോപി ഈ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെ പുതിയ ഗായികയെ തിരഞ്ഞ് ഗോപി സുന്ദർ പോസ്റ്റിട്ടതും പിന്നാലെ മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിച്ചതുമാണ് അമൃതയുമായി അകന്നെന്ന വാർത്തകൾക്ക് ബലമേകിയത്. തുടർന്നാണ് ഇപ്പോൾ ഈ പോസ്റ്റും. അതേസമയം പ്രിയ നായർ എന്ന യുവതിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായത്.


Click it and Unblock the Notifications